
ആലപ്പുഴ: യുഡിഎഫ് പിന്തുണയോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും അതുസംബന്ധിച്ച പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ വ്യക്തമാക്കി. താൻ കോൺഗ്രസുമായി ചർച്ച നടത്തിയെന്ന രീതിയിൽ ചില മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്നത് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാനുള്ള ഉദ്ദേശവും ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എം എ ബേബി സന്ദർശിച്ചപ്പോഴും രാഷ്ട്രീയ കാര്യങ്ങൾ ചർച്ചയായിട്ടില്ലെന്നും പിന്നീട് ആർ. നാസറും സുജാതയും എത്തിയതായും അദ്ദേഹം പറഞ്ഞു. സുജാതയും ഹരിശങ്കറും തന്റെ ബന്ധുക്കളാണെന്നും ഇതുമായി ബന്ധപ്പെട്ടുള്ള മറ്റു പ്രചാരണങ്ങൾ വെറും അഭ്യൂഹങ്ങളാണെന്നും സുധാകരൻ പറഞ്ഞു. ഹൈസ്‌കൂൾ കാലത്തുതന്നെ പാർട്ടി അംഗമായതാണെന്നും ആരുടെയും നിർബന്ധം കൂടാതെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അംഗത്വ സ്ക്രൂട്ടിനി സമയത്ത് മെമ്പർഷിപ്പ് പുതുക്കിയില്ലെങ്കിലും അതുസംബന്ധിച്ച് ആരോടും അറിയിച്ചിരുന്നില്ലെന്നും പിന്നീട് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ കാര്യങ്ങൾ തുറന്നു പറയേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ ആശയങ്ങളും ആദർശങ്ങളും താൻ ഉപേക്ഷിച്ചിട്ടില്ലെന്നും പാർട്ടി നയങ്ങളെല്ലാം അംഗീകരിക്കുന്നതായും സുധാകരൻ വ്യക്തമാക്കി. പാർട്ടിയെ ആക്ഷേപിക്കാനോ വിമർശിക്കാനോ താൻ ഒരുങ്ങുന്നില്ലെന്നും ഇതുവരെ പാർട്ടിയെയോ പാർട്ടി രേഖകളെയോ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാനുള്ള ഉദ്ദേശമില്ലെന്നും ആരെയും വ്യക്തിപരമായി ആക്രമിക്കാനുള്ള നിലപാടും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ വിരോധികളെ ഉപയോഗിച്ച് വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും അതിന്റെ ഉദാഹരണമാണ് തന്റെ അച്ഛനെ വിളിച്ച് അപകീർത്തിപ്പെടുത്താൻ നടത്തിയ ശ്രമമെന്നും സുധാകരൻ ആരോപിച്ചു.
കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്ക് ഗാന്ധിജിയുടെ ലാളിത്യമാണ് ആവശ്യമെന്നും താൻ റോസാപ്പൂ വിരിച്ച പാതയിലൂടെ വന്നയാളല്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയജീവിതത്തിൽ മർദനവും ഗുണ്ടായിസവും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെന്നും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് നൂറുശതമാനം നീതി പുലർത്തിയതായും സുധാകരൻ കൂട്ടിച്ചേർത്തു. “രണ്ട് തവണ മന്ത്രി ആയില്ലേ, ഇനി എന്താണ് വേണ്ടത്” എന്ന ചോദ്യം ഉയർത്തുന്നവർ യഥാർത്ഥ മാർക്സിസ്റ്റുകാർ അല്ലെന്നും അദ്ദേഹം പറഞ്ഞു. എത്ര തവണ മന്ത്രി ആയെന്നതല്ല, ആ സ്ഥാനത്ത് എത്തിയപ്പോൾ എന്ത് പ്രവർത്തനമാണ് നടത്തിയത് എന്നതാണ് പ്രധാനമെന്നും സുധാകരൻ പ്രതികരിച്ചു.











