03:08am 13 November 2026
NEWS
ജി സുധാകരനെ ഇനി രാഷ്ട്രീയമായി പ്രതിരോധിക്കാൻ സിപിഎം തയ്യാറെടുക്കുന്നു
12/03/2026  05:59 AM IST
nila
ജി സുധാകരനെ ഇനി രാഷ്ട്രീയമായി പ്രതിരോധിക്കാൻ സിപിഎം തയ്യാറെടുക്കുന്നു

ആലപ്പുഴ: പാർട്ടിയംഗത്വം പുതുക്കാത്ത സാഹചര്യത്തിൽ മുൻമന്ത്രി ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം ജില്ലാ നേതൃത്വത്തിന്റെ അവസാന ശ്രമവും പരജായപ്പെട്ടതോടെ സിപിഎം അടവ് മാറ്റുന്നു. സുധാകരൻ അമ്പലപ്പുഴയിൽ പാർട്ടിക്കെതിരെ മത്സരത്തിനിറങ്ങിയാൽ ശക്തമായ രാഷ്ട്രീയ പ്രതിരോധത്തിന് സിപിഎം തയ്യാറെടുക്കുകയാണ്. അനുജൻ ജി. ഭുവനേശ്വരനെ കൊലപ്പെടുത്തിയവരോടൊപ്പമാണ് സുധാകരൻ കൈകോർക്കുന്നത് എന്ന് ആരോപിച്ചാകും സിപിഎമ്മിന്റെ പ്രധാന രാഷ്ട്രീയ ആക്രമണം.

കൂടാതെ, കെ.ആർ. ഗൗരിയമ്മ പാർട്ടിയിൽ നിന്ന് പുറത്തുപോയപ്പോഴും വി.എസ്. അച്യുതാനന്ദൻ പാർട്ടിയുമായി അഭിപ്രായവ്യത്യാസത്തിലായപ്പോഴും സുധാകരൻ സ്വീകരിച്ച നിലപാടുകൾ കൂടി പാർട്ടി ഉയർത്തിക്കാട്ടാൻ സാധ്യതയുണ്ട്. അമ്പലപ്പുഴയിൽ സർപ്രൈസ് സ്ഥാനാർഥിയായി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ സിപിഎം പരിഗണിക്കുമോ എന്നതും രാഷ്ട്രീയ വൃത്തങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്.

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന നിലപാടിൽ സുധാകരൻ ഉറച്ച് നിൽക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആരുടെ പിന്തുണ ലഭിച്ചാലും അത് സ്വീകരിക്കുമെന്നും അദ്ദേഹം പാർട്ടി നേതാക്കളോട് വ്യക്തമാക്കിയതായാണ് സൂചന. സുധാകരൻ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തെത്തുകയാണെങ്കിൽ യു.ഡി.എഫ്. പിന്തുണ നൽകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുണ്ട്. കോൺഗ്രസിന്റെ സ്ഥാനാർഥി ചർച്ചയിൽ അമ്പലപ്പുഴ മണ്ഡലം ഇപ്പോഴും ഒഴിച്ചിട്ടിരിക്കുകയാണ്.

തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതിനായി ഇന്നു രാവിലെ 11 മണിക്ക് വസതിയിൽ വാർത്താസമ്മേളനം നടത്തുമെന്ന് സുധാകരൻ അറിയിച്ചിട്ടുണ്ട്. കാലിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരിക്കുന്ന സുധാകരൻ വീട്ടിൽ നിന്നാണ് വാർത്താസമ്മേളനം നടത്തുന്നത്. ഇതിനായി ആലപ്പുഴയിലെ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി അദ്ദേഹം അഡ്മിനായി ഒരു വാട്‌സാപ്പ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.

ഇതിനിടെ, ജില്ലാ സെക്രട്ടേറിയറ്റ് അടിയന്തര യോഗം ചേർന്നതിനെ തുടർന്ന് ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ ബുധനാഴ്ച രാത്രി സുധാകരനെ വസതിയിൽ സന്ദർശിച്ചു. എം.എൽ.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ എന്നിവർ ഒഴികെയുള്ള സെക്രട്ടേറിയറ്റ് അംഗങ്ങൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കടുത്ത തീരുമാനങ്ങളിലേക്ക് പോകാതിരിക്കാൻ നേതാക്കൾ അഭ്യർഥിച്ചെങ്കിലും സുധാകരൻ തന്റെ നിലപാട് മാറ്റാൻ തയ്യാറായില്ല.

കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയുടെ നേതൃത്വത്തിലായിരുന്നു നേതാക്കളുടെ സന്ദർശനം. പാർട്ടി ഭാഗത്ത് നിന്ന് അവസാന ശ്രമം നടത്തിയില്ലെന്ന വിമർശനം ഉയരാതിരിക്കാനുമായിരുന്നു ഈ നീക്കം. മുഖ്യമന്ത്രിയും സുധാകരനുമായി ഫോണിൽ സംസാരിച്ചതായും സൂചനയുണ്ട്. എന്നിരുന്നാലും മത്സരിക്കാൻ അദ്ദേഹം തീരുമാനിച്ചാൽ അതിനെ നേരിടാമെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.