
തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോര് തെരുവിലേക്കും സോഷ്യൽ മീഡിയയിലേക്കും പടരുന്നു. മുതിർന്ന നേതാക്കളെ ലക്ഷ്യം വെച്ചുള്ള സൈബർ ആക്രമണങ്ങളും 'ഭാവി മുഖ്യമന്ത്രി'മാരെ വാഴ്ത്തിയുള്ള വഴിപാടുകളും പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ കെ.പി.സി.സി മടിക്കുന്നത് ചേരിപ്പോര് കൂടുതൽ രൂക്ഷമാക്കുന്നു.
വിമലാ ബിനുവിനെതിരെ പരാതി
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന 'ഇലക്ഷൻ 2026 വി.ഡി.എസ്' എന്ന വാട്‌സ്ആപ്പ് കൂട്ടായ്മ വഴി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, കെ. സുധാകരൻ തുടങ്ങിയ നേതാക്കളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് പുതിയ ആരോപണം. കെ.പി.സി.സി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ വിമല ബിനുവിനെതിരെ യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ ചെയർമാൻ രജിത്ത് രവീന്ദ്രൻ കെ.പി.സി.സിക്കും എ.ഐ.സി.സിക്കും പരാതി നൽകിയിട്ടുണ്ട്. വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് നേതാക്കളെ വേട്ടയാടുന്നു എന്നാണ് പരാതിയിലെ പ്രധാന ആക്ഷേപം.
തുലാഭാരവും ഫ്ലെക്സ് വിവാദവും
വിഭാഗീയതയുടെ മറ്റൊരു തലമാണ് പാലക്കാട് കണ്ടത്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ വേണ്ടി ഏമൂർ ഹേമാംബിക ക്ഷേത്രത്തിൽ 'മുഖ്യമന്ത്രി' എന്ന പേരിൽ തുലാഭാര നേർച്ചയ്ക്ക് രസീത് എടുത്തത് നേതൃത്വത്തെ ഞെട്ടിച്ചു. സമാനമായ രീതിയിൽ മൂവാറ്റുപുഴയിൽ വി.ഡി. സതീശനെ 'നിയുക്ത മുഖ്യമന്ത്രി'യായി പ്രഖ്യാപിച്ചു കൊണ്ട് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടതും വലിയ തർക്കങ്ങൾക്ക് വഴിവെച്ചു.
നിഷ്ക്രിയമായി നേതൃത്വം
രമേശ് ചെന്നിത്തലയെ പുകഴ്ത്തി പത്രത്തിൽ പരസ്യം നൽകിയ ഡി.സി.സി ജനറൽ സെക്രട്ടറി പ്രിജിൻ ബാബുവിനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതുപോലും നടപ്പായിട്ടില്ല. വിവാദങ്ങൾ ആവർത്തിക്കുമ്പോഴും ഹൈക്കമാൻഡിന്റെ കർശന വിലക്കുകൾ ലംഘിക്കപ്പെടുമ്പോഴും നടപടിയെടുക്കാതെ കെ.പി.സി.സി ഒളിച്ചുകളിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.










