
ലോകം മിഴിതുറന്നത് 2026ന്റെ ആദ്യപ്രഭാതത്തിലേക്ക്. വലിയ ആഘോഷത്തോടെയാണ് ലോകമെമ്പാടും 2026നെ വരവേറ്റത്. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലായിരുന്നു പുതുവർഷം ആദ്യമെത്തിയത്. ഇന്ത്യയിൽ പുതുവത്സരാഘോഷങ്ങൾ തുടങ്ങുന്നതിന് എട്ടര മണിക്കൂർ മുൻപേ, ക്രിസ്മസ് ദ്വീപ് എന്ന പേരിലും അറിയപ്പെടുന്ന കിരിബാത്തി 2026നെ വരവേറ്റു.
കിരിബാത്തിക്കു പിന്നാലെ ന്യൂസിലാൻഡിലെ ചാഥം ദ്വീപിലും പുതുവർഷം പിറന്നു. ഏകദേശം 600 പേർ മാത്രം താമസിക്കുന്ന ഈ ദ്വീപും പുതുവർഷത്തെ ആദ്യം സ്വീകരിച്ച പ്രദേശങ്ങളിൽ ഒന്നാണ്. തുടർന്ന് ഓസ്ട്രേലിയ, ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് മേഖലകളിലെ രാജ്യങ്ങളിലും ആഘോഷങ്ങൾ ആരംഭിച്ചു.
ക്രമേണ ഫിജി, റഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്കും പുതുവത്സരാഘോഷങ്ങൾ വ്യാപിച്ചു. ഇന്ത്യയിലും വലിയ ആഘോഷങ്ങളാണ് നടന്നത്. കേരളത്തിൽ കോവളം, വർക്കല, ഫോർട്ട് കൊച്ചി, കോഴിക്കോട് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ജനങ്ങൾ പുതുവർഷത്തെ വരവേറ്റു.
സമയമേഖലയുടെ പ്രത്യേകതകൊണ്ട് ഏറ്റവും ഒടുവിൽ പുതുവർഷം എത്തുന്നത് അമേരിക്കയിലാണ്. ജനവാസമില്ലാത്ത ബേക്കർ ദ്വീപിലാണ് 2026 അവസാനമായി എത്തുക.
കിരിബാത്തി ദ്വീപ്
33 അറ്റോളുകൾ ചേർന്ന ദ്വീപ് രാഷ്ട്രമാണ് കിരിബാത്തി. പസഫിക് സമുദ്രത്തിൽ 3.5 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ഹവായിയുടെ തെക്കും ഓസ്ട്രേലിയയുടെ വടക്കുകിഴക്കുമായാണ് ഇതിന്റെ സ്ഥാനം. ഏകദേശം 1.16 ലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്.
രാജ്യാന്തര സമയരേഖ കിരിബാത്തിയെ രണ്ടായി വിഭജിക്കുന്നതിനാൽ മുമ്പ് ഒരേ സമയം രണ്ട് തീയതികൾ നിലവിലുണ്ടായിരുന്നു. ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി 1995 മുതൽ കിരിബാത്തി ഒരൊറ്റ സമയക്രമമാണ് പിന്തുടരുന്നത്.











