
ദുബായ്: യുഎഇയിലെ ഫുജൈറയിലുണ്ടായ കൂട്ടവാഹനാപകടത്തിന്റെ വ്യാപ്തി വർധിക്കുന്നു. അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ നിരവധി പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നു.
മലപ്പുറം കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദിഖിന്റെ കുടുംബത്തിനാണ് അപകടത്തിൽ വലിയ ദുരന്തമുണ്ടായത്. സിദ്ദിഖിന്റെ മക്കളായ ഇരട്ടസഹോദരങ്ങൾ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), മിസ്നയുടെ മൂന്ന് വയസ്സുകാരനായ മകൻ മുഹമ്മദ് ഫായിസ് എന്നിവരാണ് മരിച്ചത്.
അഞ്ച് ട്രക്കുകൾ ഉൾപ്പെടെ 23 വാഹനങ്ങൾ അപകടത്തിൽപ്പെട്ടതായി ഫുജൈറ പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു. ഫുജൈറയിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ബുധനാഴ്ച അർധരാത്രിക്ക് ശേഷമായിരുന്നു ദുരന്തം.
നിയന്ത്രണംവിട്ട ട്രക്ക് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയതോടെയാണ് അപകടങ്ങൾക്ക് തുടക്കമായതെന്നാണ് പ്രാഥമിക വിവരം. പിന്നാലെ ഒന്നിനു പിന്നാലെ ഒന്നായി വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. നിരവധി വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.
അപകടം നടന്നയുടൻ പൊലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ളവർക്ക് വിദഗ്ധ ചികിത്സ നൽകിവരികയാണ്.










