
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഇന്ധന ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ ജൂലൈ 1 മുതൽ പിൻവലിക്കും. നിലവിലെ പെട്രോളിയം ഉൽപന്നങ്ങളുടെ വിതരണ സാഹചര്യം വിലയിരുത്തിയ ശേഷമാണ് നിയന്ത്രണങ്ങൾ തുടരേണ്ട സാഹചര്യമില്ലെന്ന് സർക്കാർ തീരുമാനിച്ചത്.
ജൂൺ 12-നാണ് ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖല എണ്ണക്കമ്പനികളുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി പെട്രോളിന്റെയും ഡീസലിന്റെയും വിൽപനയ്ക്കും വിതരണത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധന ലഭ്യത തടസ്സപ്പെടാതിരിക്കാനായിരുന്നു ഈ മുൻകരുതൽ.
അന്നത്തെ ഉത്തരവ് പ്രകാരം വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് നേരിട്ട് ഇന്ധനം വാങ്ങുന്നത് വിലക്കുകയും, പകരം അംഗീകൃത മൊത്തവിതരണക്കാരിൽ നിന്ന് ആവശ്യമായ ഇന്ധനം വാങ്ങാൻ നിർദേശിക്കുകയും ചെയ്തിരുന്നു. കൂടാതെ, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് മൊത്തമായി ഇന്ധനം വാങ്ങുന്നതിന് 90 ദിവസത്തെ നിയന്ത്രണവും എണ്ണ വിപണന കമ്പനികൾക്കും ചില്ലറ വിൽപനക്കാർക്കും ബാധകമാക്കിയിരുന്നു.
എന്നാൽ നിലവിൽ ഇന്ധന വിതരണം സാധാരണ നിലയിലായതിനാൽ ഈ നിയന്ത്രണങ്ങൾ തുടരേണ്ട ആവശ്യമില്ലെന്ന് സർക്കാർ വ്യക്തമാക്കി. ജൂലൈ 1 മുതൽ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുമെന്ന് ഉത്തരവിൽ പറയുന്നു.











