06:10am 17 November 2026
NEWS
ഇന്ധനവില കുറയില്ല; എണ്ണക്കമ്പനികൾക്ക് 42,000 കോടിയുടെ നഷ്ടമെന്ന് സുരേഷ് ഗോപി
16/11/2026  11:13 AM IST
nila
ഇന്ധനവില കുറയില്ല; എണ്ണക്കമ്പനികൾക്ക് 42,000 കോടിയുടെ നഷ്ടമെന്ന് സുരേഷ് ഗോപി

 

പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നിലവിൽ സാഹചര്യമില്ലെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. എണ്ണക്കമ്പനികൾക്ക് 42,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ഈ ബാധ്യത പരിഹരിക്കാതെ ഇന്ധനവിലയിൽ കുറവ് വരുത്തുക പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള പ്രതിസന്ധിയാണ് എണ്ണവിപണിയെ ബാധിച്ചതെന്നും മീനാമ്പക്കത്ത് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.

ഇന്ധനവില ഉടൻ കുറയണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ സാങ്കേതികമായും സാമ്പത്തികമായും ഇപ്പോഴത് സാധ്യമല്ല. വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം എന്ത് തീരുമാനമെടുത്താലും എണ്ണക്കമ്പനികളുടെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിക്കേണ്ടിവരും. കമ്പനികൾ നേരിട്ട നഷ്ടം നികത്തേണ്ടതുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

പെട്രോളിന് മേൽ ചുമത്തുന്ന നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്നും അതത് സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലും കർണാടകയിലുമടക്കം പെട്രോൾ വിലയിൽ വലിയ വർധനയുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കാൻ കേന്ദ്രം ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, എഥനോൾ ചേർത്ത പെട്രോൾ നയത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കർണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീൽ രംഗത്തെത്തി. ആവശ്യമായ പഠനങ്ങളും മുൻകരുതലുകളും ഇല്ലാതെയാണ് E10, E20, E30 വിഭാഗങ്ങളിലുള്ള എഥനോൾ മിശ്രിത പെട്രോൾ പദ്ധതികൾ നടപ്പാക്കിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ അടിയന്തര നടപടി വേണമെന്നും പാട്ടീൽ ആവശ്യപ്പെട്ടു.

എഥനോൾ വൻതോതിൽ ഉൽപ്പാദിപ്പിക്കാൻ രാജ്യത്ത് പ്രോത്സാഹനം നൽകിയ കേന്ദ്രസർക്കാർ, പിന്നീട് ഉൽപ്പാദിപ്പിക്കുന്നതിന്റെ 20 മുതൽ 30 ശതമാനം വരെ പോലും സംഭരിക്കാൻ തയ്യാറാകുന്നില്ലെന്നാണ് പാട്ടീലിന്റെ മറ്റൊരു വിമർശനം. എഥനോൾ സംഭരണത്തിലെ വീഴ്ചയും പദ്ധതിയുടെ നടത്തിപ്പിലെ അപാകതകളുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

എഥനോൾ പദ്ധതിയിൽ വൻ അഴിമതിയും ക്രമക്കേടും നടന്നെന്ന മന്ത്രി റിസ്‌വാൻ അർഷാദിന്റെയും രാഹുൽ ഗാന്ധിയുടെയും ആരോപണങ്ങൾ തള്ളിക്കളയാനാകില്ലെന്നും പാട്ടീൽ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img