
കേരളത്തിലെ പ്രധാന രാഷ്ട്രീയപ്പാർട്ടികൾക്കെല്ലാം മുഖപത്രങ്ങളുണ്ട്. സി.പി.എമ്മിന്റെ 'ദേശാഭിമാനി' പത്രത്തിന് പത്തിനുമേൽ എഡിഷനുകളുമുണ്ട്. പാർട്ടിക്കാർ നേരം വെളുക്കുമ്പോൾ പണ്ടൊക്കെ ആദ്യം നോക്കുന്നത് 'ദേശാഭിമാനി'യായിരുന്നു. താൻ കൊടുത്ത പ്രസ്താവന മുഴുവനായി വന്നില്ലെങ്കിൽ എഡിറ്ററായാലും ലേഖകനായാലും ചീത്ത വിളി ഉറപ്പ്. അതിനുപകരം ഏതെങ്കിലും മുസ്ലീം ലീഗുകാരന്റെ കള്ളക്കടത്ത് കാര്യമോ യൂത്ത് കോൺഗ്രസ് നേതാക്കളുടെയോ പ്രവർത്തകന്റെയോ ബലാൽസംഘ റിപ്പോർട്ടോ പത്രത്തിൽ അച്ചടിച്ചാൽ ചീത്തവിളി ഉറപ്പ്. മുമ്പൊരിക്കൽ ഒരു കോൺഗ്രസ് നേതാവിന്റെ പേരിലുള്ള ബലാൽസംഗ ആരോപണ റിപ്പോർട്ടിന്റെ പിന്നാലെപോയപ്പോൾ 'ദേശാഭിമാനി' ചീഫ് എഡിറ്റർ ആയിരുന്ന കെ. മോഹനേട്ടൻ എന്റെ മുൻപിൽ വച്ചുതന്നെ ലേഖകനെഴുതിയ മൂന്നുപേജുള്ള ബലാൽസംഗ റിപ്പോർട്ടിനെ വെട്ടിച്ചുരുക്കി അഞ്ചുവരിയാക്കി.
മാധ്യമപരിഷ്‌ക്കാരങ്ങൾ
ഇപ്പോൾ പാർട്ടിപത്രങ്ങൾക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. പണ്ടത്തെപ്പോലെ എഡിറ്റർമാരും സബ് എഡിറ്റർമാരെയല്ല പാർട്ടി എടുക്കുന്നത്. നായനാർ സഖാവ് ചീഫ് എഡിറ്റർ ആയിരിക്കുമ്പോൾ പറഞ്ഞ ഒരു കാര്യം ഇപ്പോൾ കേൾക്കുന്നു. ദൽഹി ബ്യൂറോയിലേക്ക് ഞങ്ങൾ ഒരു പുതിയ ലേഖകനെ നിയമിച്ചു. എം.എക്കാരനാണ്, കണ്ണൂർക്കാരനാണ്. ജോൺ ബ്രിട്ടാസിന്റെ നിയമനമാണ് സഖാവ് അന്ന് സൂചിപ്പിച്ചത്.
ഇന്ന് 'ദേശാഭിമാനി'യിൽ ട്രെയിനികൾക്ക് പത്രപ്രവർത്തനകാര്യങ്ങളിൽ ക്ലാസെടുക്കുന്നത് 'മലയാള മനോരമ' പത്രത്തിന്റെ ന്യൂസ് എഡിറ്ററായിരുന്ന തോമസ് ജേക്കബ് സാറിനെപ്പോലുള്ളവരാണ്.
ഇപ്പോൾ ദേശാഭിമാനിയും ഒരു പ്രൊഫഷണൽ പത്രമായിരിക്കുന്നു. ഭാഷയിലും ഉള്ളടക്കത്തിലും മാറ്റം. ഉദാഹരണത്തിന് കോഴിക്കോടും മലപ്പുറത്തുമൊക്കെ കള്ളക്കടത്ത് പിടിച്ചാൽ വാർത്ത അച്ചടിച്ചുവരുമ്പോൾ 'ബാഫക്കി' പിടിച്ചു എന്നായിരിക്കും വരുന്നത്.
അതൊക്കെ മാറി. ദേശാഭിമാനി വരുത്തുന്ന വീട്ടിൽ വാർത്തകൾ അറിയാൻ മറ്റൊരു പത്രം, ഒന്നുകിൽ മനോരമ അല്ലെങ്കിൽ മാതൃഭൂമി. തിരുവനന്തപുരം പ്രദേശങ്ങളിൽ അതിനുവേണ്ടി കേരളകൗമുദി ചേർക്കും.
മറ്റ് പാർട്ടിപത്രങ്ങൾ
സി.പി.ഐയുടെ മുഖപത്രമാണ് 'ജനയുഗം'. അത് പഴയ പത്രം ആണെങ്കിലും വേണ്ടത്ര ക്ലച്ച് പിടിച്ചില്ല. കാമ്പിശ്ശേരി കരുണാകരൻ, തെങ്ങമം ബാലകൃഷ്ണൻ, തോപ്പിൽ ഗോപാലകൃഷ്ണൻ എന്നിവരൊക്കെയാണ് ഓർമ്മയിലുള്ള ചീഫ് എഡിറ്റർമാർ. കാമ്പിശ്ശേരി ചീഫ് എഡിറ്റർ ആയിരിക്കുമ്പോൾ ജനയുഗം വാരികയ്ക്ക് നല്ല പ്രചാരമുണ്ടായിരുന്നു. ജനപ്രിയ നോവലിസ്റ്റുകളുടെ നോവലുകൾ പലതും അന്ന് ജനയുഗം വാരികയിൽ വരുമായിരുന്നു.
മുസ്ലീം ലീഗിന്റെ ചന്ദ്രികയ്ക്കും കോൺഗ്രസിന്റെ വീക്ഷണത്തിനും നിലനിൽപ്പ് സർക്കാർ പരസ്യത്തിലൂടെയാണ്. മുസ്ലീം ലീഗിന്റെ എഡിറ്റോറിയലുകൾ പ്രാധാന്യത്തോടെ മറ്റ് മാധ്യമങ്ങളിൽ പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
തായാട്ട് ശങ്കരന്റെ ദേശാഭിമാനി വാരികയിലും സി.പി. ശ്രീധരന്റെ വീക്ഷണം പത്രത്തിലും എഴുതിയിട്ടുള്ള രാഷ്ട്രീയാധിഷ്ഠിത എഡിറ്റോറിയലുകൾ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
ബി.ജെ.പിയുടെ മുഖപത്രമായ ജന്മഭൂമി, ഏതാണ്ട് വീക്ഷണത്തിന്റെ അവസ്ഥയിലാണ്. പാർട്ടിക്കാർക്ക് പത്രം നോക്കാൻ കഴിയാത്ത സ്ഥിതി. എന്തായാലും ജന്മഭൂമിക്ക് വീക്ഷണത്തേക്കാൾ മെച്ചപ്പെട്ട സ്ഥിതിയാണ്. കാരണം അവർക്ക് കേന്ദ്രത്തിൽ കഴിഞ്ഞ പത്തുകൊല്ലത്തിലധികമായി ഭരണമുണ്ട്. അത് ഇനിയും തുടരാനുള്ള സ്ഥിതി കാണുന്നു. പിന്നെ ബി.ജെ.പിക്ക് മറ്റ് സംസ്ഥാനങ്ങളിലുള്ള ഭരണവും അവർ പ്രയോജനപ്പെടുത്തും.
കേരളത്തിലും കേന്ദ്രത്തിലും ഭരണമില്ലാത്ത സ്ഥിതിക്ക് ഏറ്റവും കുടുതൽ ദുരിതം കോൺഗ്രസ്സിനാണ്. കേരളത്തിലാണെങ്കിൽ തുടർച്ചയായി പത്തുകൊല്ലമായി ഭരണമില്ലാത്ത സ്ഥിതിയാണുള്ളത്.
മുസ്ലീം സമുദായത്തിലെ മറ്റ് വിഭാഗങ്ങൾ പത്രങ്ങൾ തുടങ്ങിയത് ഏറ്റവും കൂടുതൽ ദോഷം ചെയ്തത് ചന്ദ്രികപത്രത്തിനാണ്. മാധ്യമവും തേജസ്സും നടത്തുന്നത് ജമാഅത്തെ ഇസ്ലാമിയും മറ്റൊരു വിഭാഗവുമാണ്. ആ പത്രങ്ങളുടെ എഡിറ്റോറിയലും സർക്കുലേഷനും കൈകാര്യം ചെയ്യുന്നതിൽ ആ രണ്ടു വിഭാഗങ്ങളുടെയും നിയന്ത്രണങ്ങളുള്ള മുസ്ലീം പള്ളികളുണ്ട്.
ചാനലുകൾ
കേരളത്തിൽ മൂന്ന് പാർട്ടി ചാനലുകൾ ആണ് ഉള്ളത്. സിപിഎമ്മിന്റെ കൈരളി ചാനൽ, കോൺഗ്രസിന്റെ ജയ്ഹിന്ദ് ടി.വി ചാനൽ, ബി.ജെ.പിയുടെ ജനം ടി.വി. ചാനൽ. കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണമില്ലായ്മ സാമ്പത്തികമായി ഏറ്റവും ദോഷകരമായി ബാധിച്ചിട്ടുള്ളത് കോൺഗ്രസ്സ് ചാനലിനെയാണ്.
കഴിഞ്ഞ പത്തുവർഷത്തെ ഭരണവും പാർട്ടികളുടെ സജീവമായ പിന്തുണയും കൈരളി ചാനലിന്റെ എല്ലാ അസ്തിത്ത്വങ്ങൾക്കും ശക്തി പകർന്നിട്ടുണ്ട്.
കേന്ദ്രത്തിൽ ഇപ്പോൾ തുടരുന്ന മൂന്നാംവട്ട ഭരണത്തിന്റെ പിന്തുണയും പാർട്ടി സമ്പന്നതയും ബി.ജെ.പി ചാനലിന്റെ ശക്തിയും അടിത്തറയും വർദ്ധിച്ചിട്ടുണ്ട്.
ദൃശ്യ- പത്ര മാധ്യമ ശൃംഖലകൾ
മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, കേരളകൗമുദി ടി.വി, മീഡിയാവൺ ഇവയെല്ലാം വ്യത്യസ്ത വാർത്താശൃംഖലകൾ ആണെങ്കിലും ഉടമസ്ഥതയിലുള്ള സ്വന്തം പത്രമാധ്യമങ്ങൾ പുലർത്തുന്ന കൂറും നയങ്ങളും തുടരുന്നവരാണ്. ബി.ജെ.പി വിരുദ്ധതയിൽ ഒറ്റക്കെട്ടായി നിൽക്കാറുള്ള ഈ മാധ്യമങ്ങൾ ആ കാര്യത്തിലും മത്സരിക്കാറുണ്ട്.
ന്യൂസ് 18 പോലുള്ള ചാനലുകൾ ഫീഡ് ചെയ്യുന്ന യു ട്യൂബ് ചാനലുകൾ ഒരു ബിസിനസ് പോലെ തഴച്ചുവളരുകയാണ്. ഉദാഹരണത്തിന് സ്വന്തം ചാനലുകൾക്കുള്ള ഐഡന്റിറ്റി കണക്കിലെടുക്കാതെയാണ് അതേപേരിലുള്ള യൂ ട്യൂബ് ചാനലുകളിലൂടെ തെറ്റായ വാർത്തകൾ പടച്ചുവിടുന്നത്. എ.ഐ.സി.സിയുടെ അക്കൗണ്ടിൽപെടുത്തി 30 യുവസ്ഥാനാർത്ഥികളുടെ ലിസ്റ്റ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മൂന്നാലുപ്രാവശ്യം നിഷേധിച്ചുകഴിഞ്ഞു. ന്യൂസ് 18 ചാനലിലെ ഒരുത്തന്റെ പേര് ചീത്തയായി പറഞ്ഞാണ് ഒരു കെ.പി.സി.സി വനിതാ ഭാരവാഹി നിഷേധിച്ചത്. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, സന്ദീപ് വാര്യരുടെയും ക്ലിക്കിനെ അവർ കുറ്റപ്പെടുത്തുന്നുണ്ട്. മാങ്കൂട്ടത്തിലേതിനെതിരെ പ്രചരിക്കുന്ന ഒരു വനിതാ ജേർണലിസ്റ്റ് അവിഹിതബന്ധകഥ വേറൊരു യൂ ട്യൂബ് ചാനൽ കഥയാണ്.
മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ ജില്ലാ അടിസ്ഥാനത്തിൽ എൽ.ഡി.എഫ് എം.എംൽ.എമാരുടെ യോഗം കൂടിക്കൊണ്ടിരിക്കുമ്പോൾ എൽ.ഡി.എഫിന്റെ ജില്ലാ സ്ഥാനാർത്ഥി ലിസ്റ്റിറക്കി മത്സരിക്കുകയാണ് യൂ ട്യൂബ് ചാനലുകൾ.
മീഡിയാവൺ, അമൃത ന്യൂസ് എന്നീ ചാനലുകൾ സ്വന്തം ഉപാസനമൂർത്തികളെ പ്രാർത്ഥിച്ചുകൊണ്ട് വാർത്തകൾ ഇറക്കി മത്സരിക്കുകയാണ്.
അടിസ്ഥാനപരമായി ഭൂരിപക്ഷം ചാനലുകളും ബി.ജെ.പി വിരുദ്ധരാണ്. കേരളത്തിലെ ഇവരുടെ മാർക്കറ്റിംഗ് തന്ത്രം ചാനലുകളുടെ റേറ്റിംഗ് ശതമാനം കൂട്ടലാണ്.
വി.എസ് മരിക്കുന്നതിനുമുമ്പ് റിപ്പോർട്ടർ ചാനൽ ഒരു ബസ്സ് വാടകയ്‌ക്കെടുത്ത് അലങ്കരിച്ച് സജ്ജമാക്കി ഒരുക്കിയെടുത്തിരുന്നു. ഒരു മ്യൂസിക്കൽ ബാന്റ് കൂടി ഉണ്ടായിരുന്നെങ്കിൽ റേറ്റിംഗ് കൂടിയേനെ.
എന്നാൽ വി.എസിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയവരെ മൊത്തമായിക്കൂട്ടി പാർട്ടിക്കും ഭരണത്തിനുമെതിരായുള്ള ഭരണവിരുദ്ധ വികാരത്തിന്റെ വോട്ടുകുറയ്ക്കാൻ പര്യാപ്തമല്ല. പെൻഷനും കിറ്റും വിതരണം ചെയ്യണം. വില വർദ്ധനവ് തടയുന്നതിനുള്ള മാർഗ്ഗങ്ങൾ ആരായണം. ചെറുതായാലും വലുതായാലും സാധാരണ ജനവിഭാഗങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്ക് പ്രാമുഖ്യം നൽകണം. ചാനലുകൾ ഉപദേശിക്കുന്ന പ്രകാരം നീങ്ങിയാൽ വൈകുന്നേര ചർച്ചകൾ കൊഴുപ്പിക്കാമെന്നല്ലാതെ വോട്ടാകില്ല.
റേറ്റിംഗ് കൂട്ടാൻ അടുത്ത മാർഗ്ഗം
വി.എസിന്റെ ചിത ഒടുങ്ങിക്കഴിഞ്ഞപ്പോൾ തന്നെ ചാനലുകാർ സ്ഥലം വിട്ടു. അടുത്ത റേറ്റിംഗ്‌സിനുവേണ്ടിയുള്ള പരക്കം പാച്ചിലിൽ അങ്ങനെയിരിക്കുമ്പോഴാണ് രണ്ട് മലയാളി കന്യാസ്ത്രീകളെ മതപരിവർത്തന നിയമവിരുദ്ധത്തിന്റെ പേരിലാണ് അറസ്റ്റ്. അതു കേട്ടപ്പോൾ ആദ്യം ഛത്തിസ്ഗഢിലേക്ക് ഓടിയത് കേരളത്തിൽ നിന്ന് ചാനലുകാരാണ്. കേരളത്തിലെ അരമനകൾ തോറും കയറിയിറങ്ങിയിട്ട് ഒരു ബൈറ്റ് തരാൻ പറ്റിയ തിരുമേനിമാരെ കിട്ടിയില്ല.
പ്രതിപക്ഷക്കാരെ അന്വേഷിച്ച് ചാനലുകൾ ഛത്തീസ്ഗഢ് മുഴുവൻ നടന്നിട്ടും മുൻമുഖ്യനായ കോൺഗ്രസ് നേതാവുൾപ്പെടെ ഒരുത്തന്റേയും പൊടിപൊലും കിട്ടിയില്ല. കാരണം കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് മതപരിവർത്തന നിരോധനനിയമം സർക്കാർ പാസ്സാക്കിയത്.
വടക്കേ ഇൻഡ്യയിലെ പതിനാറോളം സംസ്ഥാനങ്ങളിൽ മതനിരോധന നിയമം പാസ്സാക്കിയത് കോൺഗ്രസ്സ് സർക്കാരുകളുടെ കാലത്താണ്.
കാശ്മീരിലെങ്ങാനും ഒരു പടക്കം പൊട്ടിയാൽ അങ്ങോട്ട് ഓടാറുള്ള രാഹുൽഗാന്ധി ജോൺ ബ്രിട്ടാസിനെയും ജോസ് കെ. മാണിയെയും പോലുള്ള ഇടതുപക്ഷ എം.പിമാരെയാണ് ഛത്തീസ്ഗഢിലേക്ക് അയച്ചത്.
ചാനലുകളെ വിശ്വസിക്കരുത്
കേരളത്തിലെ മൂന്ന് മുന്നണികൾക്കും സ്വന്തം ചാനലുകളുണ്ട്. അവരുടെ വിശ്വാസം നടിച്ചു കൂടെകൂടുന്ന ചാനലുകാരും ലേഖകന്മാരുമുണ്ട്. 2021 ൽ യു.ഡി.എഫുകാരെ തോൽപ്പിച്ചത് ചാനലുകാരാണ്. മനോരമ ആദ്യം നടത്തിയ സർവ്വേയിൽ ജയിച്ചത് യു.ഡി.എഫ്. പിണറായി വിജയൻ നടത്തിയ സോഷ്യൽ എൻജിനീയറിംഗ് മനസ്സിലാക്കിയപ്പോൾ സർവ്വേഫലം ആകെ തിരുത്തി. 100 സീറ്റിന്റെ അശ്വമേധവുമായി ഇറങ്ങിയിരിക്കുന്ന വി.ഡി. സതീശനെ തോൽപ്പിക്കാൻ വരുന്ന പറവൂരിലെ സ്ഥാനാർത്ഥിയെ ഒരുക്കിയെടുക്കുന്നതും ചാനലുകാർ തന്നെ. ലോക്‌സഭാ ഇലക്ഷന്റെ വോട്ടുപ്രകാരം 31 മണ്ഡലങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളും 2000 ത്തോളം വോട്ടിന്റെ വ്യത്യാസത്തിൽ മൂന്നാം സ്ഥാനം നേടിയവരായ ബി.ജെ.പി മുന്നണിക്കാരുടെ സ്ഥാനാർത്ഥി ലിസ്റ്റിറക്കി എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും വിരട്ടുന്നതും ചാനലുകാരാണ്.
140 മണ്ഡലങ്ങളിലെയും ഭരണാനുകൂല -പ്രതികൂല വോട്ടെടുപ്പിന്റെ കണക്കെടുപ്പ് ജ്യോത്സ്യന്മാരേ നിങ്ങളുടെ കണക്കുകൾക്കപ്പുറമാണീ ജനങ്ങൾ.