07:33pm 15 May 2026
NEWS
​വിദ്യാർത്ഥി രാഷ്ട്രീയം മുതൽ മുഖ്യമന്ത്രിപദം വരെ; വി.ഡി. സതീശൻ കേരളത്തെ നയിക്കും
15/05/2026  08:41 AM IST
സുരേഷ് വണ്ടന്നൂർ
​വിദ്യാർത്ഥി രാഷ്ട്രീയം മുതൽ മുഖ്യമന്ത്രിപദം വരെ; വി.ഡി. സതീശൻ കേരളത്തെ നയിക്കും

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ചുമതലയേൽക്കും. മുഖ്യമന്ത്രി സ്ഥാനം വ്യക്തിപരമായ നേട്ടമായല്ല, മറിച്ച് ഒരു ദൈവനിയോഗമായാണ് താൻ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ കന്റോൺമെന്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
​"ഈ വിജയം യു.ഡി.എഫ് സംവിധാനത്തിന്റെ ആകെ വിജയമാണ്. കേരളത്തിലെ ജനങ്ങളോട് ഹൃദയപൂർവം നന്ദി രേഖപ്പെടുത്തുന്നു. മുന്നണിയുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച നേതാക്കളും പ്രവർത്തകരുമാണ് ഈ വിജയത്തിന്റെ യഥാർത്ഥ അവകാശികൾ," വി.ഡി. സതീശൻ വ്യക്തമാക്കി.
​എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ രമേശ് ചെന്നിത്തല എന്നിവരെ പൂർണ്ണ വിശ്വാസത്തിലെടുത്തായിരിക്കും മുന്നോട്ടുള്ള പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കൾക്കും ഘടകകക്ഷി നേതാക്കൾക്കും അദ്ദേഹം നന്ദി അറിയിച്ചു. എല്ലാവരുമായും ജനാധിപത്യപരമായ ആശയവിനിമയം നടത്തിയ ശേഷമാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


​രാഷ്ട്രീയ യാത്ര: 

15-ാം വയസ്സിൽ തുടങ്ങി 62-ൽ അമരത്തേക്ക്
​ 1964 മേയ് 31ന് ജനനം. പ്രീഡിഗ്രി കാലത്ത് കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലേക്ക്.
​രാജഗിരി കോളേജിൽ നിന്ന് എം.എസ്.ഡബ്ല്യു, തിരുവനന്തപുരം ലാ അക്കാഡമിയിൽ നിന്ന് എൽ.എൽ.ബി, ഗവ. ലാ കോളേജിൽ നിന്ന് എൽ.എ.ൽഎം.
​ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ച് പരിചയം.
​ കെ.പി.സി.സി വൈസ് പ്രസിഡന്റ്, എ.ഐ.സി.സി സെക്രട്ടറി, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ.
​ 2021 മേയ് 22ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവായി ചുമതലയേറ്റു. ആ പദവിയിൽ നിന്നാണ് ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.
​പറവൂരിലെ ജനപ്രിയൻ
​സി.പി.ഐയുടെ ഉറച്ച കോട്ടയായിരുന്ന പറവൂരിനെ യു.ഡി.എഫിന്റെ സുരക്ഷിത മണ്ഡലമാക്കി മാറ്റിയത് വി.ഡി. സതീശന്റെ ചിട്ടയായ പ്രവർത്തനമാണ്. 1996-ലെ കന്നിപ്പോരാട്ടത്തിൽ പരാജയപ്പെട്ടെങ്കിലും തളരാതെ മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച അദ്ദേഹം 2001-ൽ വിജയം പിടിച്ചെടുത്തു. തുടർന്ന് 2006, 2011, 2016, 2021 വർഷങ്ങളിലും പറവൂർ അദ്ദേഹത്തെ നിയമസഭയിലേക്ക് അയച്ചു. ഈ വർഷവും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച അദ്ദേഹം അഞ്ച് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിനൊടുവിലാണ് സംസ്ഥാനത്തിന്റെ ഭരണത്തലവനാകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img