
ന്യൂഡൽഹി: ഒരിക്കൽ ആകാശത്ത് പാക്ക് യുദ്ധവിമാനത്തെ പിന്തുടർന്ന് വീഴ്ത്തി ചരിത്രം സൃഷ്ടിച്ച അഭിനന്ദൻ വർധമാൻ ഇനി യാത്രക്കാരുമായി പറക്കും. ഇന്ത്യൻ വ്യോമസേനയിലെ സേവനം അവസാനിപ്പിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ സിവിൽ ഏവിയേഷൻ രംഗത്തേക്ക് ചുവടുവച്ചു. മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ‘ഫ്ലൈ91’ വിമാനക്കമ്പനിയിൽ പൈലറ്റായാണ് പുതിയ നിയമനം. എടിആർ 72–600 ടർബോപ്രോപ്പ് വിമാനങ്ങളാകും അഭിനന്ദൻ ഇനി പറത്തുക.
എഫ്–16 വീഴ്ത്തിയ പോരാളി
2019 ഫെബ്രുവരി 27നായിരുന്നു അഭിനന്ദന്റെ പേര് ലോകശ്രദ്ധ നേടിയത്. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിനിടെ മിഗ് 21 ബൈസണിൽ പറന്ന അഭിനന്ദൻ പാക്കിസ്ഥാന്റെ എഫ്–16 യുദ്ധവിമാനം വെടിവച്ചു വീഴ്ത്തി. തുടർന്ന് പാക്ക് ആക്രമണത്തിൽ വിമാനം തകർന്നതോടെ ഇജക്ട് ചെയ്ത അഭിനന്ദൻ പരുക്കുകളോടെ പാക്ക് സൈന്യത്തിന്റെ പിടിയിലായി. മാർച്ച് ഒന്നിന് അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചെത്തി. സംഭവത്തിന് പിന്നാലെ സേനാനിയമങ്ങൾ പ്രകാരം അഭിനന്ദനെ യുദ്ധവിമാന പൈലറ്റിന്റെ ദൗത്യത്തിൽനിന്ന് താൽക്കാലികമായി മാറ്റിനിർത്തി.
വീണ്ടും ആകാശത്ത്; ഇത്തവണ യാത്രാവിമാനവുമായി
മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം 2019 സെപ്റ്റംബറിൽ അഭിനന്ദൻ വീണ്ടും പൈലറ്റ് ചുമതലയിൽ തിരിച്ചെത്തി. വിങ് കമാൻഡറായിരുന്ന അദ്ദേഹത്തിന് 2021ൽ ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റവും ലഭിച്ചു.
വ്യോമസേനയിലെ സേവനത്തിന് വിരാമമിട്ട ശേഷമാണ് അഭിനന്ദൻ ഇപ്പോൾ സിവിൽ ഏവിയേഷൻ മേഖലയിലേക്ക് കടക്കുന്നത്. യുദ്ധവിമാനം പറത്തിയ അനുഭവസമ്പത്തുമായി ഇനി സാധാരണ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്ന പുതിയ ദൗത്യമായിരിക്കും അദ്ദേഹത്തിന്റേത്.










