
കോട്ടയം: കോട്ടയത്തെ ഒരു കൊച്ചുഗ്രാമത്തിൽനിന്ന് തുടങ്ങിയ യാത്ര എത്തിനിൽക്കുന്നത് ലോകപ്രശസ്തമായ സ്കോച്ച് വിസ്കി വ്യവസായത്തിന്റെ ഹൃദയഭൂമിയായ സ്കോട്ട്ലൻഡിൽ. കഠിനാധ്വാനവും സംരംഭകത്വത്തോടുള്ള അടങ്ങാത്ത താൽപര്യവും കൈമുതലാക്കി സ്കോച്ച് വിസ്കി മേഖലയിൽ സ്വന്തമായി ബ്രാൻഡ് ആരംഭിച്ച ആദ്യ മലയാളി എന്ന അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഒരു മലയാളി സംരംഭകൻ.
2025-ൽ 'ഗ്ലെൻമൂർ വിസ്കി' എന്ന പേരിൽ ആരംഭിച്ച കമ്പനി 2026-ൽ 'ഡിംഗോൾഫി സ്പിരിറ്റ്സ്' എന്ന പേരിലേക്ക് മാറി. കമ്പനിയുടെ ആദ്യ ഉൽപ്പന്നമായ ഡിംഗോൾഫി ഹൈലാൻഡ് സിംഗിൾ മാൾട്ട് സ്കോച്ച് വിസ്കിയുടെ പ്രധാന എക്സ്പ്രഷൻ 'ദി സോവറിൻ ഗാതറിംഗ്' എന്ന പേരിലാണ് ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്.
'ഡിംഗോൾഫി' എന്ന പേരിന് പിന്നിൽ
പഴയ നോർസ് പദമായ 'Dingulfr' എന്നതിൽ നിന്നാണ് ഡിംഗോൾഫി എന്ന പേര് രൂപപ്പെട്ടത്. 'ചെന്നായയുടെ സഭ' എന്നർഥം വരുന്ന ഈ പേര്, നോർത്ത് സീ വഴിയെത്തിയ സഞ്ചാരികളും ഹൈലാൻഡ് നിവാസികളും ഒത്തുചേർന്ന് കഥകൾ പങ്കുവെക്കുകയും വ്യാപാരം നടത്തുകയും ചെയ്തിരുന്ന പുരാതന ഭൂമിയുടെ പൈതൃകത്തെയാണ് പ്രതിനിധീകരിക്കുന്നത്.
അതിനാൽ തന്നെ, ഒരു വിസ്കി ബ്രാൻഡ് എന്നതിലുപരി സംസ്കാരങ്ങളുടെ സംഗമത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായാണ് ഡിംഗോൾഫിയെ കമ്പനി അവതരിപ്പിക്കുന്നത്.
എന്താണ് ഡിംഗോൾഫി വിസ്കിയുടെ പ്രത്യേകത?
ഹൈലാൻഡ് സിംഗിൾ മാൾട്ട് സ്കോച്ച് വിസ്കി വിഭാഗത്തിൽപ്പെടുന്ന ഡിംഗോൾഫി 46 ശതമാനം ആൽക്കഹോൾ അളവിലാണ് പുറത്തിറക്കിയിരിക്കുന്നത്. എക്സ്-ബർബൺ ഓക്ക് കാസ്കുകളിൽ പാകപ്പെടുത്തിയിരിക്കുന്ന വിസ്കി ചിൽ-ഫിൽട്ടർ ചെയ്യാതെയും നാച്ചുറൽ കളറിലുമാണ് കുപ്പിയിലാക്കുന്നത്.
രുചിയിലും സുഗന്ധത്തിലും വ്യത്യസ്തമായ അനുഭവമാണ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നത്. വറുത്ത അണ്ടിപ്പരിപ്പ്, വാനില, തേൻ, പഴങ്ങൾ എന്നിവയുടെ സുഗന്ധമാണ് ആദ്യം അനുഭവപ്പെടുക. തുടർന്ന് ഷോർട്ട്ബ്രെഡ് ബിസ്ക്കറ്റ്, ബേക്ക് ചെയ്ത ആപ്പിൾ, മിൽക്ക് ചോക്ലേറ്റ്, വുഡ് സ്പൈസ് എന്നിവയുടെ രുചികൾ മുന്നിലെത്തും.
ഫിനിഷിൽ കൊക്കോ, വറുത്ത ഹേസൽനട്ട്, എസ്പ്രെസ്സോ കോഫി എന്നിവയുടെ സ്വാദാണ് ദീർഘനേരം നിലനിൽക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.
കടുത്ത നിയമങ്ങളുള്ള വ്യവസായത്തിൽ മലയാളിയുടെ മുന്നേറ്റം
ലോകത്തിലെ ഏറ്റവും കർശനമായി നിയന്ത്രിക്കപ്പെടുന്ന മദ്യവ്യവസായ മേഖലകളിലൊന്നാണ് സ്കോച്ച് വിസ്കി വ്യവസായം. സ്കോട്ട്ലൻഡിൽ തന്നെ ഉൽപ്പാദിപ്പിക്കണമെന്നും കുറഞ്ഞത് മൂന്ന് വർഷം ഓക്ക് കാസ്കുകളിൽ പാകപ്പെടുത്തണമെന്നും ഉൾപ്പെടെ കർശനമായ വ്യവസ്ഥകളാണ് സ്കോച്ചിന് ബാധകമായിട്ടുള്ളത്.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ വ്യവസായത്തിലേക്ക് മലയാളി സംരംഭകൻ കടന്നുവന്ന് സ്വന്തം ബ്രാൻഡ് സ്ഥാപിച്ചത് യുകെയിലെയും സ്കോട്ട്ലൻഡിലെയും മലയാളി സമൂഹത്തിനും ശ്രദ്ധേയമായ നേട്ടമാണ്.
"ഡിംഗോൾഫി കേവലം ഒരു പ്രീമിയം വിസ്കിയല്ല; സംസ്കാരങ്ങളുടെ സംഗമഭൂമിയുടെ പൈതൃകമാണ്. നാച്ചുറൽ കളറിലും ചിൽ-ഫിൽട്ടർ ചെയ്യാതെയുമാണ് ഇത് കുപ്പിയിലാക്കുന്നത്. ഓരോ തുള്ളിയിലും ആ പാരമ്പര്യം നിലനിർത്താനാണ് ഞങ്ങളുടെ ശ്രമം", ഡിംഗോൾഫി സ്പിരിറ്റ്സ് ടീം പറയുന്നു.
നിലവിൽ യുകെയിലെ ഓൺലൈൻ സ്റ്റോർ വഴിയാണ് ഡിംഗോൾഫി ലഭ്യമാകുന്നത്. അടുത്ത ഘട്ടത്തിൽ വോഡ്ക, ജിൻ, റം ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളും വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
കോട്ടയത്തെ ഗ്രാമത്തിൽനിന്ന് ആരംഭിച്ച സംരംഭകന്റെ യാത്ര സ്കോച്ചിന്റെ ആഗോള ഭൂപടത്തിൽ മലയാളിയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്ന പുതിയ അധ്യായമായി മാറുകയാണ്.











