04:09am 20 October 2026
NEWS
കല്ലുമ്മക്കായ ബിരിയാണി മുതൽ ആലങ്ങാടൻ ശർക്കര വരെ .സിഎംഎഫ്ആർഐയിൽ ത്രിദിന മത്സ്യമേള തുടങ്ങി
01/02/2025  05:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കല്ലുമ്മക്കായ ബിരിയാണി മുതൽ ആലങ്ങാടൻ ശർക്കര വരെ .സിഎംഎഫ്ആർഐയിൽ ത്രിദിന മത്സ്യമേള തുടങ്ങി

കൊച്ചി: മത്സ്യപ്രേമികളെയും നാടൻ ഉൽപന്നങ്ങൾ തേടുന്നവരെയും ഒരുപോലെ ആകർഷിച്ച് കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ത്രിദിന മത്സ്യമേളക്ക് തുടക്കമായി. സീഫുഡ് ഫെസ്റ്റ്, സാങ്കേതികവിദ്യ പ്രർശനം, ബയർ-സെല്ലർ സം​ഗമം, ഓപൺ ഹൗസ്, ശിൽപശാലകൾ, പരിശീലനം എന്നിവയാണ് മത്സ്യമേളയിലെ പ്രധാന ഇനങ്ങൾ. 

കല്ലുമ്മക്കായ ബിരിയാണി, സാ​ഗരസദ്യ, ചെമ്മീൻ പിടി, കരിമീൻ പൊള്ളിച്ചത് തുടങ്ങി കടൽ-കായൽ വിഭവങ്ങൾ കൊണ്ട് സമ്പന്നമാണ് മേളയിലെ സീഫുഡ് ഫെസ്റ്റ്. ശാസ്ത്രീയമായി ശുദ്ധീകരണം നടത്തിയ കായൽ മുരിങ്ങയും (ഓയിസ്റ്റർ) വൈവിധ്യങ്ങളായ പലഹാരങ്ങളും ലഭ്യമാണ്. 

നാടൻ ഉൽപന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ട്
കർഷക സംഘങ്ങൾ നേരിട്ടെത്തിക്കുന്ന നാടൻ ഉൽപന്നങ്ങളാണ് മേളയിലെ മറ്റൊരു ആകർഷണം. മേളയുടെ ഭാ​ഗമായ ബയർ-സെല്ലർ സം​ഗമത്തിലാണ് ഈ ഉൽപന്നങ്ങൾ ലഭ്യമാകുന്നത്. എറെ ആവശ്യക്കാരുള്ള ആലങ്ങാടൻ ശർക്കര, മുരിങ്ങ പുട്ട്പൊടി, ചെറുധാന്യ പോഷകമിശ്രിതം, ബനാന ഹൽവ, ചക്കപ്പൊടി, പൊക്കാളി ഉൽപന്നങ്ങൾ, കൂൺ, തേൻ, എണ്ണകൾ,  സു​ഗന്ധവ്യഞ്ജനങ്ങൾ, നാടൻ പലഹാരങ്ങൾ തുടങ്ങി ധാരാളം തദ്ദേശീയ ഉൽപന്നങ്ങൾ ലഭ്യമാണ്. കർഷക സം​ഘങ്ങളുടെ ഉൽപന്നങ്ങൾക്ക് വിപണിയൊരുക്കലും വ്യാപാര-വിതരണ കരാർ ഉറപ്പാക്കലും ബയർ-സെല്ലർ സം​ഗമം ലക്ഷ്യമിടുന്നു. 

വാങ്ങാം വർണമത്സ്യങ്ങൾ
നിറവൈവിധ്യവും ആകാരഭം​ഗിയുമുള്ള അലങ്കാരമത്സ്യങ്ങളുടെ വിൽപനയും മേളയിലുണ്ട്.    അരൊവണ, ഡിസ്കസ്, ഓസ്കാർ തുടങ്ങി അനേകം മത്സ്യയിനങ്ങൽ ലഭ്യമാണ്. കൂടാതെ, കരിമീൻ കുഞ്ഞുങ്ങളും ലഭിക്കും.കൂടാതെ,  പച്ചക്കറിതൈകൾ, വിത്തുകൾ, വളങ്ങൾ തുടങ്ങിയവയും മേളയുടെ ഭാ​ഗാണ്. 

ഫിഷറീസ് അനുബന്ധ മേഖലയിലെ ​ഗവേഷണ സ്ഥാപനങ്ങളുടെ സാങ്കേതികവിദ്യകളുടെ പ്രദർശനവും മേളയിലുണ്ട്. മേളയുടെ ഉദ്ഘാടനം ബം​ഗളൂരുവിലെ അ​ഗ്രികൾച്ചർ ടെക്നോളജി അപ്ലിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ വി വെങ്കടസുബ്രമണ്യൻ ഉദ്​ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ​ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു. നബാർഡ് ഡെവലപ്മെന്റ് മാനേജർ അജീഷ് ബാലു, സിഎംഎഫ്ആർഐ ഷെൽഫിഷ് വിഭാ​ഗം മേധാവി ഡോ എ പി ദിനേശ്ബാബു, ഡോ ഷോജി ജോയ് എഡിസൻ, ഡോ സ്മിത ശിവദാസൻ പ്ര​സംഗിച്ചു. രാവിലെ 10 മുതൽ രാത്രി വരെയാണ് മേളയുടെ സമയം. 

കാർഷിക വിളകളിൽ ‍ഡ്രോൺ ഉപയോ​ഗ സാധ്യതകൾ പരിചയപ്പെടുത്തുന്ന പ്രദർശനം ഡൽഹിയിലെ കേരള സർക്കാർ പ്രതിനിധി പ്രൊഫ. കെ വി തോമസ് ഉദ്ഘാടനം ചെയ്തു. നെൽകൃഷി, പൈനാപ്പിൾ കൃഷിയിടങ്ങളിൽ ‍സമയവും ചിലവും കുറയക്കാനും കൃഷി നാശം അളക്കാനും ‍ഡ്രോ‍ണിന്റെ ഉപയോ​ഗ സാധ്യതകൾ വിദ​ഗ്ധർ വിശദീകരിച്ചു. 

ഓപൺ ഹൗസിന്റെ ഭാഗമായി, മേളയുടെ സമാപന ദിവസമായ തിങ്കളാഴ്ച രാവിലെ 10 മുതൽ 3 വരെ കടലറിവുകളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ നടത്തും. സിഎംഎഫ്ആർഐ മ്യൂസിയം, മറൈൻ അക്വേറിയം, വിവിധ ലബോറട്ടറികൾ തുടങ്ങിയവ പൊതുജനങ്ങൾക്കായി തുറന്നിടും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img