
ന്യൂഡൽഹി: “2014-നു മുമ്പ് ഇന്ത്യ ലോകത്തെ ദുർബലമായ അഞ്ച് രാജ്യങ്ങളുടെ പട്ടികയിലായിരുന്നെങ്കിൽ ഇന്ന് അതേ ഇന്ത്യ ലോകത്തിലെ മുൻനിര അഞ്ചു സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഉയർന്നിരിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ ഇനി ആർക്കും തടയാനാകില്ലെന്നും മോദി പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന NDTV വേൾഡ് സമിറ്റ് 2025-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ത്യയ്ക്ക് ഇപ്പോൾ ‘നിർത്താനുള്ള മനസ്’ ഇല്ല. ഈ രാഷ്ട്രം മുന്നോട്ടു പോകുകയാണ് — ആത്മവിശ്വാസത്തോടെയും, ആത്മാഭിമാനത്തോടെയും,” മോദി പറഞ്ഞു.
2014-നു മുമ്പ് നയസ്ഥിരതയുടെ അഭാവവും, അഴിമതിയും, ഭീകരതയും രാജ്യത്തെ തളർത്തിയിരുന്നു. “ജനങ്ങൾക്കു വിശ്വാസം നഷ്ടപ്പെട്ടിരുന്നത് ആ കാലത്താണ്. എന്നാൽ ഇന്ന് അതേ ജനങ്ങൾ ‘നവ ഭാരതത്തിന്റെ’ സ്രഷ്ടാക്കളാണ്. അവർ തന്നെയാണ് രാജ്യത്തിന്റെ ശക്തി,” മോദി ചൂണ്ടിക്കാട്ടി. ഭീകരതയ്‌ക്കെതിരെ രാജ്യം മൗനം പാലിക്കാത്തതായി അദ്ദേഹം വ്യക്തമാക്കി. “സർജിക്കൽ സ്ട്രൈക്കുകൾ, എയർ സ്ട്രൈക്കുകൾ, ഓപ്പറേഷൻ സിന്ദൂർ എന്നിവയിലൂടെ പുതിയ ഇന്ത്യ ഭീഷണികളോട് മിണ്ടാതിരിക്കില്ല ഇന്ത്യ തെളിയിച്ചു,” -മോദി പറഞ്ഞു.
“2014-ൽ മാവോയിസ്റ്റ് ആക്രമണങ്ങൾ വ്യാപകമായിരുന്നതാണ്. അന്ന് 125 ജില്ലകളാണ് അതിന്റെ ബാധിതമേഖല. ഇന്ന് അത് 11 ആയി ചുരുങ്ങി. കഴിഞ്ഞ 75 മണിക്കൂറിനുള്ളിൽ 300-ലധികം മാവോയിസ്റ്റുകൾ ആയുധം താഴെവെച്ചു. ഇത് ഇന്ത്യയുടെ മാറ്റത്തിന്റെ തെളിവാണ്,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വളർച്ചാ നിരക്ക് ലോകത്തെ മുൻനിരയിൽ നിലനിൽക്കുകയാണ്. “പണപ്പെരുപ്പ നിയന്ത്രണത്തിൽ; തൊഴിൽ, ഇൻവെസ്റ്റ്മെന്റ്, സ്റ്റാർട്ട്‌അപ്പ് എന്നിവയിലെല്ലാം രാജ്യം മുന്നേറുകയാണ്. ചിപ്പുകൾ മുതൽ കപ്പലുകൾ വരെ ഇന്ത്യ ഇന്ന് നിർമ്മിക്കുന്നു. ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്കും ഇന്ത്യ എത്തി. എല്ലാ മേഖലയിലും സ്വയംപര്യാപ്തതയാണ് ലക്ഷ്യം. ലോകം ഇപ്പോൾ ഇന്ത്യയിലേക്കാണ് നോക്കുന്നത്. ഇന്ത്യൻ ജനതയുടെ ശക്തിയാണ് ആ പ്രചോദനം.”- അദ്ദേഹം കൂട്ടിച്ചേർത്തു.
“ഒരു കാലത്ത് ‘ഇത് ഇന്ത്യയിൽ സാധ്യമല്ല’ എന്നായിരുന്നു നമ്മുടെ സ്വഭാവം. ഇന്ന് അത് ‘ഇത് ഇന്ത്യയിൽ തന്നെ ചെയ്യും’ എന്ന പ്രതിജ്ഞയായി മാറിയിരിക്കുന്നു എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.











