
ദോഹ: ഖത്തറിൽ ഫാമിലി റെസിഡൻസ് വിസയിൽ കഴിയുന്ന പ്രവാസികൾക്ക് തൊഴിൽ വിപണിയിൽ പ്രവേശിക്കാൻ അവസരം നൽകുന്ന സേവനത്തിന്റെ വിശദമായ മാർഗനിർദേശങ്ങൾ തൊഴിൽ മന്ത്രാലയം പുറത്തിറക്കി. മന്ത്രാലയം മുഖേന അപേക്ഷ നൽകി ഫാമിലി റെസിഡൻസ് വിസയെ വർക്ക് റെസിഡൻസ് വിസയായി മാറ്റാൻ കഴിയുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ പ്രകാരം, ജോലി നൽകാൻ താൽപര്യമുള്ള സ്ഥാപനം (എംപ്ലോയർ) അല്ലെങ്കിൽ തൊഴിൽ രംഗത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി നേരിട്ട് അപേക്ഷ സമർപ്പിക്കാം. അപേക്ഷ നിശ്ചിത നിബന്ധനകൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യും.
അപേക്ഷ അംഗീകരിക്കപ്പെട്ടാൽ തൊഴിൽ കരാർ അറ്റസ്റ്റേഷൻ, ആവശ്യമായ ഫീസ് അടയ്ക്കൽ തുടങ്ങിയ നടപടികൾ പൂർത്തിയാക്കി ആഭ്യന്തര മന്ത്രാലയത്തിലേക്ക് അനുമതി കൈമാറും. ഇതോടെയാണ് താമസാനുമതിയുടെ ഉദ്ദേശ്യം ഔദ്യോഗികമായി മാറ്റുന്ന പ്രക്രിയ പൂർത്തിയാകുന്നത്.
തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ സർവീസ് ഇൻഫർമേഷൻ പേജിൽ പ്രവേശിച്ച് “Submit Application” തിരഞ്ഞെടുക്കണം. തുടർന്ന് “Employers Portal” സെലക്ട് ചെയ്ത്, സ്മാർട്ട് കാർഡ് ഉപയോഗിച്ച് നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റത്തിലൂടെ ലോഗിൻ ചെയ്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.പുതിയ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ സാധുവായിരിക്കണം,
സ്ഥാപനത്തിനോ എംപ്ലോയറിനോ നിയമപരമായ വിലക്കുകളുണ്ടാകരുത്,
അപേക്ഷിക്കുന്ന തൊഴിലാളിക്കെതിരെ വ്യക്തിഗത വിലക്ക് ഉണ്ടായിരിക്കരുത്,
ഒരേ തൊഴിലാളിക്കായി സമാന തരത്തിലുള്ള മറ്റൊരു അപേക്ഷ നിലവിലുണ്ടാകരുത്,
അപേക്ഷകന്റെ നിലവിലെ താമസാനുമതി തൊഴിൽ ലക്ഷ്യത്തോടെയാകരുത്,
റെസിഡൻഷ്യൽ യൂണിറ്റ്/സ്വത്ത് ആനുകൂല്യം ലഭിക്കുന്ന വിസ അനുവദനീയമല്ല,
ഡിപ്ലോമാറ്റിക് റെസിഡൻസ് വിസയുള്ളവർക്ക് അപേക്ഷിക്കാനാകില്ല,
അപേക്ഷയിൽ നൽകിയ ഫോൺ നമ്പർ ഖത്തർ ഐഡിയിൽ രജിസ്റ്റർ ചെയ്തതായിരിക്കണം
എന്നിവയാണ് പ്രധാന നിബന്ധനകൾ.










