
കേരള സർക്കാരിന്റെ ദീർഘദൃഷ്ടിയുടെയും ജനകീയ സമീപനത്തിന്റെയും ഫലമായി, സാങ്കേതിക സൗകര്യങ്ങളുടെ പ്രയോജനം സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് കെഫോണ്‍ അഥവാ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്). ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിങ്ങനെയുള്ള ഓരോ വ്യക്തിയുടേയും അടിസ്ഥാന ആവശ്യങ്ങള്‍ക്കൊപ്പം ഇന്റര്‍നെറ്റ് ലഭ്യതയും ഉള്‍പ്പെടുക, വികസിത വിദേശ രാജ്യങ്ങളോട് കിടപിടിക്കുംവിധം, സാങ്കേതിക സൗകര്യങ്ങളുടെ ഗുണഫലങ്ങള്‍ കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളിലേക്കും എത്തിക്കുക തുടങ്ങിയ കേരള സംസ്ഥാന സര്‍ക്കാറിന്റെ വിശാലമായ കാഴ്ചപ്പാടിന്റെ ഫലമാണ് കെഫോണ്‍.
കെഫോണ്‍ പോലെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൂടെ പൂർണ്ണമായും ഡിജിറ്റൽ സാക്ഷരത കൈവരിച്ച ഒരു സമൂഹത്തിലേക്ക് വഴിതെളിയ്ക്കുകയാണ് കേരള സർക്കാർ. ഡിജിറ്റൽ ഇന്നോവേഷനിലും ഗവേണൻസിലും കേരളത്തെ ഒന്നാമതെത്തിക്കാനുള്ള കേരള സർക്കാരിന്റെ ഏറ്റവും മഹത്തായ ശ്രമങ്ങളിൽ, കെഫോൺ പദ്ധതിയുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഏറെ പ്രാധാന്യം കൈവരിക്കുന്നു. സംസ്ഥാനത്തെ എല്ലാ ആളുകളെയും സർക്കാരിന്റെ ഡിജിറ്റൽ സേവനങ്ങളുമായി ബന്ധിപ്പിക്കുന്നതിനും, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, വ്യാപാരം തുടങ്ങിയ മേഖലകളിൽ നവാഗതമായ സാധ്യതകൾ തുറക്കുന്നതിനും കെഫോൺ സുപ്രധാന പങ്ക് വഹിക്കുന്നു.
ഇന്റർനെറ്റ് ലഭ്യത ഓരോ വ്യക്തിയുടേയും ജീവിതത്തിൽ സജീവ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക ഇടപെടലുകൾ, ബിസിനസ് അവസരങ്ങൾ തുടങ്ങിയവയിൽ വരുന്ന മാറ്റങ്ങൾ വ്യക്തികളുടെ നിത്യജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്നു. ഈ മാറ്റങ്ങൾ പൊതുസമൂഹത്തിലും സ്വാധീനം ചെലുത്തുന്നുണ്ട്, മാത്രമല്ല കേരളത്തിലെ ഡിജിറ്റൽ ഭാവിയെ രൂപപ്പെടുത്തുന്നതിൽ കെഫോണിന്റെ പങ്ക് വളരെ വലുതാണ്.
വീടുകളിലും ഓഫീസുകളിലും വാണിജ്യസ്ഥാപനങ്ങളിലുമെല്ലാം കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെഫോൺ അതിവേഗത്തിൽ വ്യാപിച്ചു കഴിഞ്ഞു. സാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നുവെന്ന നിലയിലാണ് കെഫോണ്‍ ജനങ്ങളെ ആകര്‍ഷിക്കുന്നത്. ഏറ്റവും പ്രധാനമായി ആദിവാസി മേഖലകള്‍ ഉള്‍പ്പെടെ ഭൂമിശാസ്ത്രപരമായി വെല്ലുവിളികളുള്ള സ്ഥലങ്ങളില്‍ അടക്കം നിലവില്‍ കെഫോണ്‍ സേവനങ്ങള്‍ വിജയകരമായി മുന്നോട്ട് പോകുന്നു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെല്ലാം തന്നെ ഉറ്റുനോക്കുന്ന കേരള സര്‍ക്കാറിന്റെ പദ്ധതികളിലൊന്നാണ് കെഫോണ്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു ഐഎസ്പി എന്ന നിലയില്‍ വിപണിയിലെ കിടമത്സരങ്ങള്‍ക്ക് വിധേയമാകുമ്പോഴും ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുവാന്‍ കെഫോണിന് സാധിക്കുന്നു.
സംസ്ഥാനത്തെ 24,763 സർക്കാർ ഓഫീസുകളിൽ കെഫോൺ കണക്ഷനുകൾ നിലവിൽ ലഭ്യമാണ്. ബാക്കി സർക്കാർ സ്ഥാപനങ്ങളിൽ കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ സ്കൂളുകൾ, ആശുപത്രികൾ, പഞ്ചായത്ത് ഓഫീസുകൾ, ബ്ലോക്ക് ഓഫീസുകൾ തുടങ്ങി ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള സർക്കാർ സ്ഥാപനങ്ങളാണ് പ്രധാനമായും ഉൾപ്പെടുന്നത്. നിയമസഭ, സെക്രട്ടറിയേറ്റ്,കളക്ടറേറ്റുകള്‍ എന്നിങ്ങനെ സംസ്ഥാനത്തെ ഭരണസിരാ കേന്ദ്രങ്ങളെല്ലാം കെഫോണ്‍ കണക്ടിവിറ്റിയാണ് ഉപയോഗപ്പെടുത്തുന്നത്. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും കണക്ടിവിറ്റി സൗകര്യം ലഭ്യമാക്കുവാനുള്ള നെറ്റ്‌വർക്ക് ശേഷി കെഫോണിനുണ്ട്. അതിനാവശ്യമായ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, വൈദഗ്ധ്യമുള്ള ജീവനക്കാര്‍ തുടങ്ങിയവയെല്ലാം കെഫോണില്‍ പൂര്‍ണ സജ്ജമാണ്. ഓൺലൈൻ സർവീസ് അപേക്ഷകൾ, സർട്ടിഫിക്കറ്റ് വിതരണം, ഡിജിറ്റൽ രേഖകൾ കൈകാര്യം ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങെളെല്ലാം സുഗമമായി നടത്താൻ കെഫോണിന്റെ കടന്നുവരവ് സഹായകമായിട്ടുണ്ട്.
വ്യാപാര മേഖലയിൽ കെഫോൺ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ചെറുകിട വ്യാപാരം, കുടിൽ വ്യവസായം നടത്തിവരുന്ന സംരംഭങ്ങൾ എന്നിവയിൽ ഉൽപ്പന്നങ്ങൾ കൂടുതൽ ആളുകളിലേക്കെത്തിക്കുവാനും പണമിടപാടുകൾ വേഗത്തിലും സുരക്ഷിതമായും നടത്തുവാനും കെഫോൺ സഹായകമായി.
ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തെ ശക്തിപ്പെടുത്തുന്ന സി.എം. വിത്ത് മി പോലെയുള്ള പദ്ധതികളുടെ ഭാഗമായതിലൂടെ കേരളത്തിലെ ജനങ്ങളോടുള്ള കെഫോണിന്റെ പ്രതിബദ്ധത കൂടുതൽ വ്യക്തമാകുന്നു. തടസ്സമില്ലാത്തതും കാര്യക്ഷമവുമായ ഇന്റർനെറ്റ് സേവനം ഉറപ്പാക്കുന്നതിലൂടെ സി.എം. വിത്ത് മി പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് കെഫോൺ നൽകി വരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും സമയബന്ധിതമായി നടപടിയെടുക്കാനും കെഫോണിന്റെ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി സർക്കാരിനെ സഹായിക്കും.
ഒ.ടി.ടി സേവനങ്ങൾ ആരംഭിച്ചതോടെ വിനോദ മേഖലയിലും ശക്തമായ ചുവടുവയ്പ്പാണ് കെഫോൺ നടത്തിയത്. 29 ഒടിടി പ്ലാറ്റ്ഫോമും 350ലധികം ഡിജിറ്റൽ ടിവി ചാനലുമടങ്ങുന്ന സേവനമാണ് കെഫോൺ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ നൽകുന്നത്. ആമസോണ്‍ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാര്‍, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹംഗാമ ടിവി, പ്ലേ ബോക്‌സ് ടിവി തുടങ്ങിയ ഒടിടികൾ കെഫോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് നൽകി വരുന്നു. 444 രൂപ മുതലുള്ള വിവിധ പാക്കേജുകള്‍ ഉപഭോക്താക്കള്‍ക്ക് നിലവിൽ ലഭ്യമാണ്. സ്റ്റാര്‍, വൈബ്, വൈബ് പ്ലസ്, അമേസ്, അമേസ് പ്ലസ് എന്നിങ്ങനെ അഞ്ചു പാക്കേജുകളാണ് ഒ.ടി.ടിക്കായി ഉള്ളത്. ഇവയെല്ലാംതന്നെ ഒരു മാസത്തേക്കും മൂന്ന് മാസത്തേക്കും ആറ് മാസത്തേക്കും ഒരു വര്‍ഷത്തേക്കും എന്നിങ്ങനെയുള്ള വിവിധ പാക്കേജുകളായും ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ സമഗ്രമായ പദ്ധതികള്‍കൊണ്ടും തുടര്‍ വികസന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുമാണ് കെഫോണ്‍ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നത്.
സ്റ്റാര്‍ എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന 444 രൂപയുടെ ഏറ്റവും കുറഞ്ഞ ഒരു മാസ പാക്കേജില്‍ 4500 ജിബി ഡാറ്റാ ലിമിറ്റില്‍ 45 എംബിപിഎസ് വേഗതയിലുള്ള ഇന്റര്‍നെറ്റും 23 ഒ.ടി.ടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളുമാണ് ലഭ്യമാകുക. ഈ പാക്കേജ് മൂന്ന് മാസത്തേക്ക് 1265 രൂപയ്ക്കും ആറ് മാസത്തേക്ക് 2398 രൂപയ്ക്കും ഒരു വര്‍ഷത്തേക്ക് 4529 രൂപയ്ക്കും ലഭ്യമാകും. വൈബ് എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന 599 രൂപയുടെ ഒരു മാസ പാക്കേജില്‍ 26 ഒ.ടി.ടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളുമാണ് ലഭ്യമാകുക. 55 എംബിപിഎസ് വേഗതയില്‍ 4500 ജിബി ഇന്റര്‍നെറ്റും ലഭ്യമാകും. മൂന്ന് മാസത്തേക്ക് 1707 രൂപയും ആറ് മാസത്തേക്ക് 3235 രൂപയും ഒരു വര്‍ഷത്തേക്ക് 6110 രൂപയും നല്‍കി ഈ സേവനം ആസ്വദിക്കാം. 799 രൂപയുടെ വൈബ് പ്ലസ് ഒരു മാസ പാക്കേജില്‍ വൈബിലേതുപോലെത്തന്നെ 26 ഒ.ടി.ടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളും ലഭ്യമാകും. എന്നാല്‍ ഡാറ്റാ സ്പീഡ് 105 എംബിപിഎസ് ആയി ഉയരും. 4500 ജിബിയാണ് ഡാറ്റ ലിമിറ്റ്. ഈ പാക്കേജ് മൂന്ന് മാസത്തേക്ക് 2277 രൂപയ്ക്കും ആറ് മാസത്തേക്ക് 4315 രൂപയ്ക്കും ഒരു വര്‍ഷത്തേക്ക് 8150 രൂപയ്ക്കും ലഭ്യമാകും. മാസം 899 രൂപയ്ക്ക് ലഭിക്കുന്ന അമേസ് എന്ന പാക്കേജില്‍ 65 എംബിപിഎസ് വേഗതയില്‍ 4500 ജിബി വരെ ഇന്റര്‍നെറ്റും ഒപ്പം 29 ഒ.ടി.ടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളും ലഭ്യമാകും. ഈ പാക്കേജിന്റെ മൂന്ന് മാസത്തേക്കുള്ള തുക 2562 രൂപയാണ്. ആറ് മാസത്തേക്ക് 4855 രൂപയ്ക്കും ഒരു വര്‍ഷത്തേക്ക് 9170 രൂപയ്ക്കും ഈ പാക്കേജ് ആസ്വദിക്കാം. 999 രൂപയുടെ അമേസ് പ്ലസ് ഒരു മാസ പാക്കേജില്‍ 155 എംബിപിഎസ് വേഗതയില്‍ 4500 ജിബി വരെ ഇന്റര്‍നെറ്റും ഒപ്പം 29 ഒ.ടി.ടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളും ലഭ്യമാകും. ഈ പാക്കേജ് 2847 രൂപയ്ക്ക് മൂന്ന് മാസത്തേക്കും 5395 രൂപയ്ക്ക് ആറു മാസത്തേക്കും 10190 രൂപയ്ക്ക് ഒരു വര്‍ഷത്തേക്കും ലഭ്യമാണ്.
കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങളാണ് കെഫോണ്‍ ഉപഭോക്താക്കള്‍ക്കായി ഉറപ്പുനല്‍കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം എന്നീ മേഖലകളുടെ നെടുംതൂണായി കെഫോൺ മാറിയിരിക്കുന്നു. പദ്ധതിയുടെ വിശ്വാസ്യത കേരളത്തിലെ ജനങ്ങൾക്കിടയിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല.
മൂന്ന് രീതിയില്‍ കെഫോണ്‍ കണക്ഷന്‍ ലഭ്യമാകും,18005704466 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ച് കണക്ഷനായി അപേക്ഷിക്കാം, പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ EnteKFON ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പരും പേരും നല്‍കി രജിസ്റ്റര്‍ ചെയ്ത് കണക്ഷനായി അപേക്ഷിക്കാം, www.kfon.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച ശേഷം രജിസ്റ്റര്‍ ഐക്കണില്‍ സബ്സ്‌ക്രൈബര്‍ രജിസ്റ്റര്‍ എന്ന ഐക്കൺ ക്ലിക്ക് ചെയ്ത ശേഷം പേരും മൊബൈല്‍ ഫോണ്‍ നമ്പരും കെ.എസ്.ഇ.ബി കണ്‍സ്യൂമര്‍ നമ്പര്‍, വിലാസം തുടങ്ങിയവ നല്‍കി കണക്ഷനായി അപേക്ഷിക്കാം.
299 രൂപമുതല്‍ വിവിധ പ്ലാനുകള്‍ നിലവില്‍ കെഫോണില്‍ ലഭ്യമാണ്. താല്‍പര്യമുള്ള പ്ലാനുകള്‍ തിരഞ്ഞെടുത്ത് ഇന്റര്‍നെറ്റ് സേവനം ആസ്വദിക്കാം. വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഹൈസ്പീഡ് ഇന്റര്‍നെറ്റ് പ്ലാനുകള്‍ക്ക് പുറമേ അധിക നേട്ടങ്ങളും ഉപഭോക്താക്കള്‍ക്കായി കെ ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 3 മാസത്തെ നിരക്കുകള്‍ ഒരുമിച്ച് നല്‍കിയാല്‍ 15 ദിവസത്തെ അധിക വാലിഡിറ്റിയും 6 മാസത്തെ നിരക്കുകള്‍ ഒരുമിച്ച് നല്‍കിയാല്‍ 30 ദിവസത്തെ അധിക വാലിഡിറ്റിയും 12 മാസത്തെ നിരക്ക് ഒരുമിച്ച് നല്‍കിയാല്‍ 60 ദിവസത്തെ അധിക വാലിഡിറ്റിയും ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം. കെ ഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ കെ ഫോണ്‍ ഔദ്യോഗിക വെബ്‌സൈറ്റായ https://kfon.in/ ല്‍ സന്ദര്‍ശിക്കാം. ഏറ്റവും കുറഞ്ഞ നിരക്കില്‍ മികച്ച സേവനം നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കെഫോണിന്റെ പ്രവര്‍ത്തനം. സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന നിരക്കുകളിലൂടെയും ആകര്‍ഷകമായ ഓഫറുകളിലൂടെയും കെഫോണ്‍ കൂടുതല്‍ ജനകീയമാകുകയാണ്.
കെഫോണില്‍ സൗജന്യ ബി.പി.എല്‍ കണക്ഷനായി https://selfcare.kfon.co.in/ewsenq.php എന്ന ലിങ്കിലൂടെ അപേക്ഷകന്റെ വിവരങ്ങളും ആവശ്യമായ രേഖകളും സമര്‍പ്പിച്ചുകൊണ്ട് സൗജന്യ ബിപിഎല്‍ കണക്ഷനായി അപേക്ഷിക്കാവുന്നതാണ്. റേഷന്‍ കാര്‍ഡ് ഉടമയുടെ പേരിലാണ് അപേക്ഷ നല്‍കുവാന്‍ സാധിക്കുക. കണക്ഷന്‍ ആവശ്യമുള്ള സ്ഥലം കൃത്യമായി മാപ്പില്‍ മാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്. കൂടാതെ 9061604466 എന്ന വാട്സാപ്പ് നമ്പറിലേക്ക് 'KFON BPL' എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍ തുടര്‍ നടപടികള്‍ വാട്സാപ്പിലൂടെയും ലഭ്യമാകും. അപേക്ഷകള്‍ ഓണ്‍ലൈനില്‍ കൂടി മാത്രമേ സ്വീകരിക്കുകയുള്ളൂ.
മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ കണക്ഷനുവേണ്ടി അപേക്ഷിക്കാന്‍ സാധിക്കുക. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും സേവനങ്ങള്‍ നല്‍കുക. നിലവില്‍ കെഫോണ്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണനയുണ്ടാകും. ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച കേരളത്തിൽ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് ഇതിലൂടെ കെഫോണ്‍ പരിശ്രമിക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന കോൾ സെന്റർ കെഫോണിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. സംസ്ഥാനത്തുടനീളം ഉപഭോക്താക്കൾക്ക് വേഗതയാർന്നതും സുതാര്യവുമായ പിന്തുണ ഉറപ്പു നൽകുന്ന തരത്തിലാണ് കെഫോൺ കോൾ സെന്റർ സജ്ജീകരിച്ചിരിക്കുന്നത്. ആധുനിക ടിക്കറ്റിങ് സോഫ്റ്റ്‌വെയറിലൂടെ കണക്ഷൻ സംബന്ധമായ പരാതികൾ രജിസ്റ്റർ ചെയ്യാം. മലയാളത്തിലും ഇംഗ്ലീഷിലും ഉപഭോക്‌തൃ സേവനം ലഭ്യമാകും. ഉപഭോക്താക്കൾക്ക് 18005704466 എന്ന ടോൾ-ഫ്രീ നമ്പർ വഴിയോ “എന്റെ കെ-ഫോൺ” മൊബൈൽ ആപ്പ് വഴിയോ എളുപ്പത്തിൽ പരാതി രജിസ്റ്റര്‍ ചെയ്യാം. കൂടാതെ https://bss.kfon.co.in/ എന്ന സെൽഫ് കെയർ പോർട്ടലിലൂടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പരാതി രജിസ്റ്റർ ചെയ്ത് പരിഹാരം നേടുവാനും സാധിക്കുന്നതാണ്. സാങ്കേതിക മികവ്, ആധുനിക സംവിധാനങ്ങൾ, വേഗത്തിലുള്ള പ്രശ്നപരിഹാരം എന്നിവ സമന്വയിപ്പിച്ച് പ്രവർത്തിക്കുന്ന കെഫോൺ ടെക്‌നിക്കൽ കോൾ സെന്റർ കേരളത്തിന്റെ ഡിജിറ്റൽ സ്വപ്നങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു ഇതിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം നേടുവാനും കെഫോണിന് കഴിയുന്നുണ്ട്.
കെഫോണിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് അടിസ്ഥാന ജനവിഭാഗങ്ങളിലെ യുവ ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന അവസരങ്ങള്‍ വളരെ വലുതാണ്. ഐപിടിവി, വിഎന്‍ഒ ലൈസന്‍സ് തുടങ്ങിയവയാണ് കെഫോണിന്റെ അടുത്തഘട്ട നടപടികള്‍. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കിക്കൊണ്ട് മികച്ച ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പ് വരുത്തി സംസ്ഥാനത്തെ മുന്‍നിര ഇന്റര്‍നെറ്റ് സേവനദാതാക്കളായി വളരുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയും കെഫോൺ അധികാരികൾ പങ്ക് വച്ചു. അതിനായി അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി സേവനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള നിരനതര ശ്രമങ്ങളും കെഫോണ്‍ നടത്തിവരുന്നു. സ്മാർട്ട് കേരളം എന്ന കേരളത്തിന്റെ ഡിജിറ്റൽ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് കെഫോണിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ വഴിയൊരുക്കും
Photo Courtesy - Google










