
ജോഹന്നസ്ബർഗ്: ആഫ്രിക്കയിലെയും ഏഷ്യയിലെയും നിർധന ഗ്രാമങ്ങളിൽ ശുദ്ധജലമെത്തിച്ച് പട്ടിണിക്കും ദാരിദ്ര്യത്തിനും പരിഹാരം കാണാൻ ബൃഹത്തായ പദ്ധതികളുമായി ആഫ്രിക്ക മുസ്ലിം ഏജൻസി (AMA). മലാവി, മൊസാംബിക്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ വിദൂര ഗ്രാമങ്ങളിൽ കിണറുകളും ബോർവെല്ലുകളും നിർമ്മിച്ച് ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് സംഘടന ജീവന്റെ തെളിനീരുപകരുന്നത്. ദാരിദ്ര്യനിർമ്മാർജ്ജനത്തിനൊപ്പം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കും കുടിവെള്ള ലഭ്യത അത്യാവശ്യമാണെന്ന് ആഗസ്റ്റ് മാസത്തിൽ ആചരിക്കുന്ന വനിതാ മാസത്തിന്റെ (Women's Month) ഭാഗമായി എ.എം.എ ഓർമ്മിപ്പിക്കുന്നു. കുടിവെള്ളത്തിനായി ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുന്നത് കാരണം ആഫ്രിക്കയിലെയും ഏഷ്യയിലെയും ഒട്ടേറെ പെൺകുട്ടികൾക്ക് പഠനം ഉപേക്ഷിക്കേണ്ടി വരുന്നുണ്ട്. ഗ്രാമങ്ങളിൽ കിണറുകളോ ബോർവെല്ലുകളോ നിലവിൽ വരുന്നതോടെ പെൺകുട്ടികൾക്ക് സുരക്ഷിതമായി വെള്ളം ശേഖരിച്ച് കൃത്യസമയത്ത് സ്കൂളുകളിൽ പോകാൻ സാധിക്കുന്നു. ഇത് ചൈൽഡ് ലേബർ, ബാലവിവാഹം തുടങ്ങിയ സാമൂഹിക തിന്മകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനും സഹായിക്കുന്നു.ഗ്രാമങ്ങളിൽ കുടിവെള്ള സൌകര്യം എത്തുന്നതോടെ കൃഷി, തയ്യൽ, ചെറുകിട കച്ചവടങ്ങൾ തുടങ്ങിയ ജീവിതോപാധികൾ മെച്ചപ്പെടുത്താൻ സാധിക്കുന്നുണ്ട്. പ്രദേശവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം സാമ്പത്തിക അഭിവൃദ്ധിക്കും ഇത് വഴിയൊരുക്കുന്നു.
15 മീറ്റർ വരെ താഴ്ചയുള്ള പരമ്പരാഗത കിണറുകൾക്ക് പുറമെ, കൂടുതൽ ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന രീതിയിൽ വലിയ ബോർവെല്ലുകളാണ് ആഫ്രിക്കയിൽ എ.എം.എ നിർമ്മിക്കുന്നത്. വൈദ്യുതി വിതരണം കൃത്യമല്ലാത്ത അഫ്ഗാനിസ്ഥാനിൽ സോളാർ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് പമ്പുകളോട് കൂടിയ ബോർവെല്ലുകളാണ് സജ്ജമാക്കുന്നത്.
ഓരോ സ്ഥിതിവിവരക്കണക്കുകൾക്കും പിന്നിൽ വെള്ളത്തിനായി ജീവിതം മാറ്റിവെക്കേണ്ടി വന്ന ഒട്ടനവധി അമ്മമാരുടെയും പെൺമക്കളുടെയും കഥകളുണ്ടെന്ന് സംഘടന വ്യക്തമാക്കുന്നു. ജനങ്ങളുടെ പിന്തുണയോടെ കൂടുതൽ സന്നദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് എ.എം.എ ലക്ഷ്യമിടുന്നത്.










