
ദോഹ: ആഭ്യന്തര മന്ത്രാലയം 2025-ൽ സുരക്ഷ, സേവനങ്ങൾ, ഡിജിറ്റൽ പരിവർത്തനം എന്നീ മേഖലകളിൽ വൻ മുന്നേറ്റം കൈവരിച്ചു. വിവിധ വകുപ്പുകളിലായി 8.65 കോടിയിലധികം പൊതുസേവന ഇടപാടുകൾ പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു.
2030 വരെ ലക്ഷ്യമിട്ട 98 തന്ത്രപ്രധാന പദ്ധതികൾ നടപ്പാക്കുന്നതിലൂടെ സുരക്ഷാ ശേഷിയും സ്മാർട്ട് സേവനങ്ങളും ശക്തിപ്പെടുത്തി.
‘മെട്രാഷ്’ ആപ്പിലൂടെ മാത്രം 1.55 കോടി സേവനങ്ങൾ ലഭ്യമാക്കി ഡിജിറ്റൽ പരിവർത്തനത്തിൽ മാതൃകയായി. ഡ്രോൺ, സ്മാർട്ട് ക്യാമറ, ആധുനിക പട്രോളിംഗ് സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ചതോടെ കുറ്റകൃത്യ നിയന്ത്രണവും ട്രാഫിക് സുരക്ഷയും മെച്ചപ്പെട്ടു.
വാഹനങ്ങളുടെ എണ്ണം വർധിച്ചിട്ടും ട്രാഫിക് അപകടങ്ങളുടെ ഗുരുതരത്വം കുറയുന്നത് മന്ത്രാലയത്തിന്റെ തന്ത്രങ്ങളുടെ വിജയം തെളിയിക്കുന്നു.
അതിർത്തി വികസന പദ്ധതികൾ, പുതിയ പോലീസ് സ്റ്റേഷനുകൾ, സൈബർ കുറ്റകൃത്യ നിയന്ത്രണം, സാമൂഹിക ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയിലൂടെ രാജ്യത്തെ സുരക്ഷയും സേവന നിലവാരവും പുതിയ ഉയരത്തിലെത്തി.










