02:38am 16 September 2026
NEWS
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്: വേടന്റെ യാത്ര


04/06/2025  09:35 AM IST
സുരേഷ് വണ്ടന്നൂർ
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്: വേടന്റെ യാത്ര

കേരളത്തിലെ യുവഹൃദയങ്ങളെ തന്റെ റാപ്പ് സംഗീതത്തിലൂടെ കീഴടക്കിയ വേടൻ എന്ന ഹിരൺദാസ് മുരളി, ഒരു ചുഴലിക്കാറ്റ് പോലെയാണ് മലയാളിയുടെ മനസ്സിലേക്ക് കടന്നുവന്നത്. ചാട്ടുളി പോലെ മൂർച്ചയുള്ള വരികളും പരുക്കൻ ശബ്ദവും അദ്ദേഹത്തെ കൗമാരക്കാരുടെയും യുവാക്കളുടെയും ഇഷ്ടഗായകനാക്കി മാറ്റി. വേടന്റെ സംഗീത പരിപാടികൾ യുവജനസാഗരങ്ങളായി മാറാൻ അധികകാലം വേണ്ടിവന്നില്ല. വെറും 31 വയസ്സുള്ള ഈ കലാകാരന്റെ ജനപ്രിയത അത്ഭുതകരമായിരുന്നു. എന്നാൽ മുതിർന്നവർക്കിടയിൽ അദ്ദേഹത്തെ അറിയുന്നവർ കുറവായിരുന്നെന്നത് കൗതുകമുണർത്തുന്ന വസ്തുതയാണ്. ഇന്ന് വേടനെ അറിയാത്തവർ കേരളത്തിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിന്റെ മുഴുവൻ ക്രെഡിറ്റും നമ്മുടെ പോലീസിനും വനംവകുപ്പിനുമാണ്.

ഏപ്രിൽ 28-ന് വൈറ്റിലയിലെ ഒരു ഫ്ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവുമായി വേടനെയും എട്ട് സുഹൃത്തുക്കളെയും പോലീസ് റെയ്ഡ് ചെയ്ത് പിടികൂടി. സ്റ്റേഷൻ ജാമ്യം ലഭിച്ചപ്പോൾ വനംവകുപ്പുകാർ പാഞ്ഞെത്തി, മാലയിലെ പുലിപ്പല്ല് ലോക്കറ്റിന്റെ പേരിൽ കേസെടുത്ത് അദ്ദേഹത്തെ അകത്താക്കി. ഇതിനെത്തുടർന്ന് ആരംഭിച്ച വാക്പോര് എല്ലാ അതിരുകളും കടന്ന് ജാതി, വർഗ്ഗം, നിറം എന്നിവയുടെ പേരിൽ വ്യക്തിഹത്യയിലേക്ക് വരെ എത്തി. തൽക്കാലം വിവാദത്തിലെ തീ അണഞ്ഞെങ്കിലും, അടിത്തട്ടിൽ ഇന്നും കനലായി ആ വിഷയം പുകയുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ അതിന്റെ അലയൊലികൾ ഇപ്പോഴും സജീവമാണ്.

തൃശൂർ നഗരമധ്യത്തിലെ ദളിതരും ദരിദ്രരുമായവർ വസിക്കുന്ന സ്വപ്നഭൂമി കോളനിയുടെ സന്തതിയാണ് വേടൻ. അഭയാർത്ഥിയായി എത്തിയ ശ്രീലങ്കക്കാരിയുടെ മകൻ. ബാല്യകാലം മുതൽക്കേ ജീവിതത്തിന്റെ കറുത്ത യാഥാർത്ഥ്യങ്ങളെ, തിരസ്കരണങ്ങളെ, ജാതി വിവേചനങ്ങളെ, ദാരിദ്ര്യത്തെ നേരിട്ടാണ് അദ്ദേഹം വളർന്നത്. അതിന്റെ ശക്തിയും ദൗർബല്യങ്ങളും ആ യുവാവിനുണ്ട്. 'വേടൻ' എന്ന പരിഹാസപ്പേര് പോലും തന്റെ കലാപരമായ വ്യക്തിത്വത്തിന് നൽകാൻ കാരണം ഈ പശ്ചാത്തലമാണെന്ന് അദ്ദേഹം പറയുമ്പോൾ, അതിനു പിന്നിലെ മുറിവിന്റെ വേദന മനസ്സിലാക്കാവുന്നതേയുള്ളൂ.

സെലിബ്രിറ്റികൾ വിവാദത്തിൽപ്പെടുന്നത് പുതുമയല്ല. വേടനായാലും ആര് കേസുകളിൽ പ്രതിയായാലും നിയമനടപടികൾ നേരിടണം. കേരളത്തിലെ യുവത്വത്തെ ആൺ-പെൺ വ്യത്യാസമില്ലാതെ മദ്യവും മയക്കുമരുന്നും കാർന്നുതിന്നുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കുടുംബങ്ങൾ തങ്ങളുടെ ചെറുപ്പക്കാരായ മക്കളുടെ സുരക്ഷയോർത്ത് ആശങ്കപ്പെട്ടാണ് ജീവിക്കുന്നതെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. തലമുറകളെ ഇല്ലാതാക്കാൻ കഴിവുള്ള മാരക മയക്കുമരുന്നുകളുടെ കെണികളൊരുക്കി കാത്തിരിക്കുന്ന മാഫിയകളുടെ പിടിയിലകപ്പെട്ട കുഞ്ഞുങ്ങളുടെ ഭാവിയോർത്ത് സ്വസ്ഥജീവിതം നഷ്ടപ്പെട്ട, ജീവിതപ്രതീക്ഷകൾ അറ്റുപോയ എത്രയോ കുടുംബങ്ങൾ നമുക്കിടയിലുണ്ട്. വേടനെപ്പോലെ യുവാക്കളെ സ്വാധീനിക്കാൻ കഴിവുള്ള കലാകാരന്മാരാണ് അവരെ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ലോകത്തേക്ക് പോകാതെ കാക്കാനും, അതിൽ പെട്ടുപോയവരെ വിമോചിപ്പിക്കാനും ശ്രമിക്കേണ്ടത്. തന്റെ വേദികളിൽ മയക്കുമരുന്നിനെതിരെ സംസാരിക്കാറുള്ള വേടൻ സ്വയം ഇത്തരം കേസിൽ ഉൾപ്പെട്ടത് സങ്കടകരമാണ്.

മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിപ്പെട്ട് ജീവിതവും പ്രതിഭയും നശിച്ചുപോയ പ്രശസ്തരും പ്രഗത്ഭരുമായ നിരവധി പേർ നമ്മുടെ മുന്നിലുണ്ട്. അതിലൊരാളായി മാറേണ്ടയാളല്ല ഹിരൺദാസ് മുരളി. ജാതിയും ജീവിതപശ്ചാത്തലവും പറഞ്ഞ് ആക്ഷേപിച്ച് കഴിവുള്ളവനെ തളച്ചിടാനാവില്ലെന്ന് തെളിയിച്ച് തന്റെ പിൻഗാമികൾക്ക് വഴി കാട്ടേണ്ടയാളാണ്. തെറ്റ് സംഭവിച്ചുവെന്ന് തുറന്നുപറയാനുള്ള മാന്യത കാണിച്ച വേടൻ, നമ്മുടെ കാപട്യം നിറഞ്ഞ സിനിമാ-കലാലോകത്തിന് മാതൃകയായി. കേസുകളിൽ പ്രതികളായാലും ആരോപണങ്ങൾ നേരിടുമ്പോഴും ഒളിഞ്ഞിരിക്കുകയോ മൗനം പാലിക്കുകയോ ചെയ്യുന്നവരാണ് ഇവരിൽ ഏതാണ്ടെല്ലാവരും. ചങ്കൂറ്റത്തോടെ മുന്നിൽ വന്ന് തന്റെ തെറ്റ് ഏറ്റുപറഞ്ഞ് അത് തിരുത്തുമെന്നും ആരാധകരായ അനുജന്മാർ ഇക്കാര്യത്തിൽ തന്റെ തെറ്റ് പിന്തുടരരുതെന്നും പറഞ്ഞ വേടൻ ചെയ്തതാണ് അന്തസ്സ്. ഈ സത്യസന്ധതയാണ് നമ്മുടെ കലാകാരന്മാർക്ക് വേണ്ടത്. ചില്ലുകൂട്ടിലെ മൺവിഗ്രഹങ്ങളല്ല തങ്ങളെന്ന് തെളിയിക്കാനുള്ള ധൈര്യം അവർ കാണിക്കണം.

മാലയിലെ പുലിപ്പല്ലിന്റെ പേരിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പാഞ്ഞെത്തി ജാമ്യമില്ലാ കേസിൽ അറസ്റ്റ് ചെയ്തതും, വേടന്റെ അമ്മയുടെ ലങ്കൻ ബന്ധവും മറ്റും പരാമർശിച്ച് മാധ്യമങ്ങളോട് അവർ സംസാരിച്ചതും അനുചിതമാണ്. സംസ്ഥാന സർക്കാരിനെയും ഈ ശുഷ്കാന്തി പ്രതിരോധത്തിലാക്കി. സർക്കാർ വാർഷിക പരിപാടികളിൽ നിന്ന് വേടനെ ആദ്യം ഒഴിവാക്കി. പിന്നീട് പങ്കെടുപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടിവന്നു. അമ്മ ലങ്കക്കാരിയായത് ഒരു കുറവല്ല. അവരെപ്പോലെ അഭയാർത്ഥിയായി എത്തി ഇന്ത്യക്കാരായി തമിഴ്നാട്ടിലും കേരളത്തിലും താമസമാക്കിയ ആയിരങ്ങളുണ്ട്. വേടന്റെ പിതാവ് മലയാളിയാണ്. പുലിപ്പല്ലിന്റെ പേരിൽ പ്രശസ്തനായ വേടനെപ്പോലുള്ള ഒരാൾ ഒളിവിൽ പോകുമെന്നും സംശയിക്കേണ്ടതില്ല. പുലിപ്പല്ലാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കി വിളിച്ചുവരുത്തി അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാമായിരുന്നു.

പട്ടികജാതി, വർഗ്ഗ, പിന്നാക്ക വിഭാഗങ്ങളോട് ഇങ്ങനെയൊക്കെ പെരുമാറിയാൽ മതിയെന്ന് പ്രബുദ്ധ കേരളത്തിലെ സർക്കാർ സംവിധാനങ്ങളും സമൂഹവും വിചാരിക്കുന്നുണ്ടെങ്കിൽ അത് ഇനിയും വെച്ചുപൊറുപ്പിക്കരുത്. വീട്ടുടമയുടെ മാല മോഷണ പരാതിയിൽ കഴിഞ്ഞ ദിവസം പേരൂർക്കട പോലീസ് പട്ടികജാതിക്കാരിയും വീട്ടുജോലിക്കാരിയുമായ നിരപരാധിയായ ബിന്ദുവിനെ നിയമങ്ങൾ ലംഘിച്ച് കൈകാര്യം ചെയ്തു. ഏതാനും ദിവസത്തിനു ശേഷം മണ്ണാർക്കാട് പിക്കപ്പ് വാനിനു മുന്നിൽ വീണതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആദിവാസി യുവാവ് ഷിബുവിനെ ഡ്രൈവറും ക്ലീനറും ചേർന്ന് ബന്ധനസ്ഥനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മൃഗീയമായി മർദ്ദിച്ചു. ഈ രണ്ടു സംഭവങ്ങളും നമ്മുടെ മനസ്സിനെ ഉലച്ചതാണ്. ഈ മനോഭാവം തന്നെയാണ് ഒരു കൂട്ടം മലയാളികൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വേടനെതിരെയും കാണിക്കുന്നത്.

അംബേദ്കറുടെ രാഷ്ട്രീയമാണ് താൻ പിന്തുടരുന്നതെന്ന് വേടൻ വ്യക്തമാക്കിയിട്ടുണ്ട്. ഗായകന്റെ വരികളിൽ തങ്ങൾക്കിഷ്ടമില്ലാത്തതൊക്കെയുണ്ടാകാം. അതിനെ വിമർശിക്കാം. പ്രശസ്തരും അപ്രശസ്തരുമായ പല സാഹിത്യകാരന്മാരും എഴുതിയിട്ടുള്ളതിൽ കൂടുതലൊന്നും വേടനും പറഞ്ഞിട്ടില്ല. അതിലെ അക്ഷരങ്ങളുടെ തീക്ഷ്ണതയും ചൂടുമാണ് പലരുടെയും പ്രശ്നം. ജാതിയുടെയും നിറത്തിന്റെയും കാര്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ് അതിന്റെ പേരിൽ ആക്ഷേപിക്കാൻ ശ്രമിക്കുന്നത് മാന്യതയല്ല. ആ സമൂഹത്തിനുള്ളിൽ അരക്ഷിതാവസ്ഥയും അവിശ്വാസവും വളർത്താൻ മാത്രമേ അത് ഉപകരിക്കൂ.

ഇപ്പറഞ്ഞ കാര്യങ്ങളൊന്നും ആരാധകരെ തെല്ലുപോലും അലട്ടുന്നില്ലെന്നതാണ് ആശ്വാസകരവും പുതുതലമുറയിൽ പ്രതീക്ഷ വർദ്ധിപ്പിക്കുന്നതും. ജാതി, മത, വർണ്ണ, വർഗ്ഗ വ്യത്യാസമൊന്നുമില്ലാതെയാണ് ഇവർ വേദികളിലേക്ക് ഒഴുകിയെത്തി വേടനെ കേൾക്കുന്നതും ആഘോഷിക്കുന്നതും. ഇത്തരം ചിന്തകളുടെ ഭാരമൊന്നും പുതുതലമുറയ്ക്കില്ല. അവരുടെ ലോകം വിശാലമാണ്. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിച്ച കേരളം പുതുതലമുറയുടെ കാഴ്ചപ്പാടുകളിലൂടെയെങ്കിലും ആ അപമാനം ഒഴിവാക്കട്ടെ. വിവേചനങ്ങളും വിദ്വേഷവുമില്ലാത്ത ലോകത്ത് അവർ അഭിരമിക്കട്ടെ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img