12:11am 03 July 2026
NEWS
ശുചിത്വം മുതൽ കാന്റീൻ വരെ; കെഎസ്ആർടിസി ഡിപ്പോകൾ നവീകരിക്കാൻ ‘ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി’
02/07/2026  11:33 AM IST
ചെറുകര സണ്ണിലൂക്കോസ്
ശുചിത്വം മുതൽ കാന്റീൻ വരെ; കെഎസ്ആർടിസി ഡിപ്പോകൾ നവീകരിക്കാൻ  ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി

 

  കെഎസ്ആർടിസി ഡിപ്പോകളെ കൂടുതൽ യാത്രാസൗഹൃദവും ആധുനികവുമാക്കാൻ സംസ്ഥാന സർക്കാർ നിർണായക തീരുമാനമെടുത്തു. ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, യാത്രക്കാർക്കുള്ള പൊതുസൗകര്യങ്ങൾ, കാന്റീൻ സേവനങ്ങളുടെ നിലവാരം എന്നിവ ഉയർത്താൻ എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ ഉത്തരവിറക്കി. ഇതുസംബന്ധിച്ച നിയമാവലിക്കും സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.

ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള കരട് ബൈലോയും നിയമാവലിയും ഉൾപ്പെട്ട പ്രൊപ്പോസൽ കെഎസ്ആർടിസി സർക്കാരിന് സമർപ്പിച്ചിരുന്നു. ഇത് വിശദമായി പരിശോധിച്ച സർക്കാർ, കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറും നാമനിർദ്ദേശം ചെയ്യുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനെ കമ്മിറ്റിയിൽ അംഗമാക്കണമെന്ന വ്യവസ്ഥ കൂടി ഉൾപ്പെടുത്തിയാണ് അന്തിമ അനുമതി നൽകിയത്.

പ്രാദേശിക എംഎൽഎയായിരിക്കും കമ്മിറ്റിയുടെ അധ്യക്ഷൻ. എംഎൽഎയുടെ അഭാവത്തിൽ ഡിപ്പോ സ്ഥിതിചെയ്യുന്ന തദ്ദേശസ്ഥാപന അധ്യക്ഷൻ അധ്യക്ഷത വഹിക്കും. പ്രാദേശിക ലോക്സഭാംഗമോ അദ്ദേഹം രേഖാമൂലം ചുമതലപ്പെടുത്തുന്ന പ്രതിനിധിയോ, പഞ്ചായത്ത് പ്രസിഡന്റ്/മുനിസിപ്പൽ ചെയർമാൻ/കോർപ്പറേഷൻ മേയർ, ബന്ധപ്പെട്ട വാർഡ് അംഗം, നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികൾ, കെഎസ്ആർടിസി സിഎംഡി നാമനിർദ്ദേശം ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്നിവർ കമ്മിറ്റിയിലെ അംഗങ്ങളായിരിക്കും. യൂണിറ്റ് ഓഫീസർ കൺവീനറുടെ ചുമതല നിർവഹിക്കും.

കമ്മിറ്റിയുടെ സാമ്പത്തിക ഇടപാടുകൾക്കായി ഷെഡ്യൂൾ ബാങ്കിൽ കൺവീനറുടെയും സിഎംഡി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയും സംയുക്ത പേരിൽ അക്കൗണ്ട് ആരംഭിക്കും. പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകൾ, സ്പോൺസർഷിപ്പുകൾ, കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) ഫണ്ടുകൾ എന്നിവ സ്വീകരിക്കാൻ കമ്മിറ്റിക്ക് അധികാരമുണ്ടാകും. കോർപ്പറേഷൻ അനുവദിക്കുന്ന പരിധിക്കുള്ളിൽ നിർമ്മാണ, അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളും കമ്മിറ്റിക്ക് ഏറ്റെടുക്കാനാകും. എല്ലാ വരവ്-ചെലവ് കണക്കുകളും കൃത്യമായി സൂക്ഷിച്ച് ഓഡിറ്റിന് വിധേയമാക്കുകയും കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിക്കുകയും വേണം.

മൂന്നുമാസത്തിലൊരിക്കലെങ്കിലും കമ്മിറ്റി യോഗം ചേരും. ഡിപ്പോകളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനൊപ്പം യാത്രക്കാരുടെ ആവശ്യങ്ങൾ വേഗത്തിലും കാര്യക്ഷമമായും പരിഗണിക്കുകയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. വിവിധ മേഖലകളിലെ പ്രതിനിധികളെ ഒരുമിച്ച് കൊണ്ടുവന്ന് ഡിപ്പോ വികസനത്തിനായുള്ള പൊതുവേദിയായി കമ്മിറ്റി പ്രവർത്തിക്കും.

ഡിപ്പോകളുടെ ശുചിത്വം, കാത്തിരിപ്പ് കേന്ദ്രങ്ങൾ, ശുചിമുറികൾ, കുടിവെള്ള സൗകര്യങ്ങൾ, യാത്രക്കാരുടെ സൗഹൃദ സംവിധാനങ്ങൾ, കാന്റീൻ സേവനങ്ങളുടെ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യുക കമ്മിറ്റിയുടെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്നായിരിക്കും. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ഡിപ്പോ വികസനത്തിന് പുതിയ മാതൃക രൂപപ്പെടുത്താനും ലക്ഷ്യമിടുന്നു.

സ്പോൺസർഷിപ്പുകൾ, സിഎസ്ആർ പദ്ധതികൾ, പൊതുജന സംഭാവനകൾ, മറ്റ് നിയമാനുസൃത ധനസമാഹരണ മാർഗങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി സർക്കാർ ഫണ്ടിന് പുറമേ അധിക വിഭവങ്ങളും കണ്ടെത്താൻ കമ്മിറ്റി ശ്രമിക്കും. ഇതിലൂടെ ഡിപ്പോ അടിസ്ഥാനത്തിലുള്ള വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗവും കാര്യക്ഷമതയും കൈവരിക്കാനാകുമെന്നും, യാത്രക്കാർക്ക് മികച്ച സേവനാനുഭവം ഉറപ്പാക്കുന്നതിനൊപ്പം കെഎസ്ആർടിസിയും പൊതുസമൂഹവും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഈ പുതിയ സംവിധാനം സഹായകരമാകുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img