
ദോഹ:ശീതകാലത്തിന്റെ മൃദുസ്പർശത്തിൽ ഖത്തർ ഉത്സവ നഗരമായി മാറുകയാണ്. തുറന്നാകാശ സിനിമകളിൽ നിന്നും പൈതൃക ഗ്രാമങ്ങളിലേക്കും, മരുഭൂമിയിലെ നിശ്ശബ്ദ സന്ധ്യകളിൽ നിന്നും വർണ്ണവെളിച്ചത്തിന്റെ ലാന്തേൺ ഉത്സവത്തിലേക്കും—
സാംസ്‌കാരികവും വിനോദപരവുമായ അനുഭവങ്ങൾ പ്രാദേശവാസികളെയും ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെയും ഒരുപോലെ ആകർഷിക്കുന്നു.
മ്ഷൈരിബ് ഡൗൺടൗൺ ദോഹയിലെ ‘ബറാഹ സിനിമ’ തുറന്ന വേദിയിൽ സിനിമയെ ഒരു അനുഭവമാക്കി മാറ്റുന്നു. ‘ടേസ്റ്റ് സിനിമ എക്സ്പീരിയൻസ്’ എന്ന പേരിൽ, സിനിമാ പ്രദർശനങ്ങൾക്കൊപ്പം തീംഡ് ഭക്ഷണങ്ങളും സംവേദനാത്മക പ്രവർത്തനങ്ങളും ഒരുക്കി, കുടുംബങ്ങൾക്ക് ഓർമ്മകളുടെ ഒരു സായാഹ്നം സമ്മാനിക്കുകയാണ് ഈ പ്രീമിയം ഓപ്പൺ എയർ സിനിമ. ഡിസംബർ 24ന് ആരംഭിച്ച ബറാഹ സിനിമ ജനുവരി 3, 2026 വരെ തുടരും.ഖത്തറിന്റെ ആത്മാവും പാരമ്പര്യവും ജീവനോടെ നിലനിൽക്കുന്ന വേദിയാണ് ഐൻ മുഹമ്മദ് ഹെറിറ്റേജ് വില്ലേജിലെ ഖത്തറി പൈതൃക ഉത്സവം.
ബെദുവിയിൻ ജീവിതശൈലി, പരമ്പരാഗത ഭക്ഷണങ്ങൾ, ഒട്ടക-ഫാൽക്കൺ പൈതൃകം, നാടോടി കലകൾ, കഥപറച്ചിലുകൾ, കുട്ടികൾക്കായുള്ള വിനോദങ്ങൾ—എല്ലാം ചേർന്ന് ഖത്തറിന്റെ ചരിത്രം ഇന്നത്തെ തലമുറക്ക് മുന്നിൽ തുറന്നിടുന്നു. ഡിസംബർ 29 വരെയുള്ള ദിനങ്ങളിലും തുടർന്ന് 2026 ഫെബ്രുവരി 14 വരെ വാരാന്ത്യങ്ങളിലും ഉത്സവം തുടരും.അൽ ബിദ്ദ പാർക്കിൽ, 400-ലധികം പ്രകാശിക്കുന്ന ലാന്തേണുകൾ വിരിയുമ്പോൾ, രാത്രികൾ ഒരു സ്വപ്നലോകമായി മാറുന്നു. ലാന്തേൺ ഫെസ്റ്റിവൽ, 55,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ സജ്ജീകരിച്ച വർണ്ണവെളിച്ചങ്ങളുമായി, സാംസ്‌കാരിക പരിപാടികളും കുടുംബ സൗഹൃദ വിനോദങ്ങളും ചേർത്ത്, ഒരു സമുദായ ആഘോഷമായി മാറിയിരിക്കുന്നു. ഈ വെളിച്ചോത്സവം 2026 മാർച്ച് 28 വരെ തുടരും.പടിഞ്ഞാറൻ ഖത്തറിലെ മരുഭൂമിയിൽ, ബ്രൂഖ് (Brouq) ഇവന്റുകൾ മറ്റൊരു അനുഭവ ലോകം തുറക്കുന്നു. റാസ് അബ്റൂഖിലെ Our Habitas റിസോർട്ടിന് സമീപം, മരുഭൂമിയുടെ നിശ്ശബ്ദ സൗന്ദര്യത്തിൽ ഡൈനിംഗ്, ഗ്ലാംപിംഗ്, സാംസ്‌കാരിക പ്രവർത്തനങ്ങൾ—എല്ലാം ചേർന്ന ഡെസേർട്ട് എസ്കേപ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു. യുനെസ്കോ സംരക്ഷിത അൽ-രീം ബയോസ്ഫിയർ റിസർവിന് സമീപമുള്ള ഈ അനുഭവം 2026 ജനുവരി 17 വരെ ലഭ്യമാകും.കടലോട് മുഖാമുഖം നിൽക്കുന്ന ഗ്ലാംപിംഗ് കൂടാരങ്ങളിൽ ഒരു രാത്രി, നക്ഷത്രങ്ങളോട് കഥ പറഞ്ഞുറങ്ങുന്ന ഒരു അനുഭവം—
ഈ ശീതകാലത്ത് ഖത്തർ, സാംസ്‌കാരിക സ്മരണകളുടെ ഒരു കവിതയായി സന്ദർശകരെ വിളിച്ചുവരുത്തുകയാണ്.











