01:01pm 01 May 2026
NEWS
രാഷ്ട്രീയ സൂചനകളോടെ ബജറ്റും മോദിയുടെ പഞ്ചാബ് യാത്രയും
02/02/2026  06:11 AM IST
nila
രാഷ്ട്രീയ സൂചനകളോടെ ബജറ്റും മോദിയുടെ പഞ്ചാബ് യാത്രയും

കേന്ദ്രബജറ്റ് അവതരണവേളയിൽ ധനമന്ത്രി നിർമല സീതാരാമൻ ഗുരു രവിദാസിന്റെ ജന്മവാർഷികത്തെ പരാമർശിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ചത് വെറുമൊരു യാദൃശ്ചികതയല്ല എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മാഘപൗർണമിയുടെയും ഗുരു രവിദാസിന്റെ പുണ്യദിനത്തിന്റെയും പശ്ചാത്തലത്തിൽ 2026–27 വർഷത്തെ ബജറ്റ് അവതരിപ്പിക്കുന്നുവെന്നായിരുന്നു നിർമല സീതാരാമൻ ബജറ്റ് പ്രസം​ഗത്തിന്റെ ആമുഖമായി പറഞ്ഞത്. ഇത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ള വാചകമായിരുന്നു എന്ന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പഞ്ചാബ് യാത്ര സ്ഥിരീകരിക്കുന്നു എന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

നിർമല സീതാരാമന്റെ പരാമർശത്തിന് പിന്നാലെ മണിക്കൂറുകൾക്കകം പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെത്തിയത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ജലന്തറിലെ ആദംപുർ വിമാനത്താവളത്തിന് ഗുരു രവിദാസിന്റെ പേര് നൽകുകയും തുടർന്ന് രവിദാസിയ സമൂഹത്തിന്റെ ആത്മീയ കേന്ദ്രമായ ബല്ലൻ ഗ്രാമത്തിലെ ദേര സച്ച്ഖണ്ഡ് സന്ദർശിക്കുകയും ചെയ്തത് സർക്കാർ നീക്കങ്ങൾക്ക് വ്യക്തമായ രാഷ്ട്രീയ അർത്ഥങ്ങൾ നൽകുന്നു.

പഞ്ചാബിലെ ദലിത് വിഭാഗത്തിൽപ്പെടുന്ന രവിദാസിയ സമൂഹത്തിന്റെ ആചാര്യനായ ഗുരു രവിദാസ്, സാമൂഹിക സമത്വത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ തന്നെ ബജറ്റ് അവതരിപ്പിക്കുകയും അതിനു പിന്നാലെ പ്രധാനമന്ത്രി പഞ്ചാബിലെത്തി ഗുരുവിന്റെ പേരിൽ പൊതുസൗകര്യങ്ങൾക്ക് നാമകരണം നടത്തുകയും ചെയ്തത്, ആ സമുദായത്തിലേക്കുള്ള രാഷ്ട്രീയ സമീപനമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

ബല്ലനിലെ ദേര സച്ച്ഖണ്ഡ് സന്ദർശനത്തിനിടയിൽ ‘2047ഓടെ വികസിത ഇന്ത്യ’ എന്ന ആശയം ഗുരു രവിദാസിന്റെ ചിന്തകളിൽ നിന്നുള്ള പ്രചോദനമാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. അതേസമയം, റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ദേര സച്ച്ഖണ്ഡ് മേധാവി സന്ത് നിരഞ്ജൻ ദാസിന് പത്മശ്രീ നൽകപ്പെട്ടതിനു പിന്നാലെയാണ് ഈ സന്ദർശനം എന്ന വസ്തുതയും അവഗണിക്കാനാകില്ല.

2027ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന പഞ്ചാബിൽ, ബിജെപി തങ്ങളുടെ സാമൂഹിക അടിത്തറ വികസിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ സംഭവവികാസങ്ങളെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ആത്മീയതയുടെയും ആദരവിന്റെയും ഭാഷ ഉപയോഗിച്ച് സാമൂഹിക വിഭാഗങ്ങളോട് സമീപിക്കുന്നത് രാഷ്ട്രീയത്തിൽ പുതുമയല്ല. എന്നാൽ ഇത്തരം നീക്കങ്ങൾ യഥാർത്ഥ സാമൂഹിക നീതിയിലേക്കുള്ള പ്രതിബദ്ധതയാണോ, അതോ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമോ എന്ന ചോദ്യം ഉത്തരം കാത്തുനിൽക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img