02:14pm 15 July 2026
NEWS
ജനങ്ങളിൽ നിന്ന് അകന്നു, മാധ്യമക്കണ്ണിൽ മാത്രം: സി.പി.എം പരാജയത്തിൽ ബേബി മുതൽ ബ്രാഞ്ച് വരെ പ്രതിക്കൂട്ടിൽ
15/07/2026  09:49 AM IST
​പ്രത്യേക ലേഖകൻ
ജനങ്ങളിൽ നിന്ന് അകന്നു, മാധ്യമക്കണ്ണിൽ മാത്രം: സി.പി.എം പരാജയത്തിൽ ബേബി മുതൽ ബ്രാഞ്ച് വരെ പ്രതിക്കൂട്ടിൽ

ന്യൂഡൽഹി: അധികാരത്തിന്റെ അഹങ്കാരത്തിൽ നേതാക്കൾ ജനങ്ങളെ മറന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കനത്ത തിരിച്ചടിയായതെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. നേതാക്കളുടെ ഗുരുതരമായ ജാഗ്രതക്കുറവും മോശം പെരുമാറ്റവുമാണ് തോൽവിക്ക് ആക്കം കൂട്ടിയത്. കേരളത്തിൽ പാർട്ടി അടിമുടി മാറിയില്ലെങ്കിൽ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്‌ത യോഗം മുന്നറിയിപ്പ് നൽകി.
​നാണംകെട്ട ഈ പരാജയത്തിൽ ജനറൽ സെക്രട്ടറി മുതൽ ബ്രാഞ്ച് അംഗം വരെയുള്ള എല്ലാവരും പ്രതിക്കൂട്ടിലാണെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച് വാർത്താ സമ്മേളനത്തിൽ പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്ക് സമ്മതിക്കേണ്ടി വന്നു. തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ എല്ലാ തലങ്ങളിലും ഗുരുതരമായ തെറ്റുകുറ്റങ്ങളുണ്ടായെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തൽ. തങ്ങൾ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണെന്ന് ബോദ്ധ്യപ്പെടുത്തുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടു. ജനങ്ങൾ പറയുന്നത് ക്ഷമയോടെ കേൾക്കാനും വിനയത്തോടെ മറുപടി പറയാനുമുള്ള മിനിമം മര്യാദ പോലും നേതാക്കൾ കാണിച്ചില്ല. മാദ്ധ്യമങ്ങളിൽ മുഖം കാണിക്കാൻ നടക്കുന്ന ചിലർ മാത്രമല്ല, എല്ലാ തലങ്ങളിലുമുള്ള നേതാക്കളുടെ പെരുമാറ്റത്തിലും ഈ അപചയം വന്നിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.
അധികാരക്കസേരയിൽ ഇരുന്ന് നേതാക്കൾ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടോയെന്ന കാര്യം സെപ്‌തംബറിൽ ചേരുന്ന വിശാല സംസ്ഥാന സമിതി ചർച്ച ചെയ്‌ത് കടുത്ത നടപടികളിലേക്ക് കടക്കും. കോൺഗ്രസിൽ എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുന്നത് പോലെ ഏകപക്ഷീയമായി കാര്യങ്ങൾ നടപ്പാക്കാൻ സി.പി.എമ്മിന് കഴിയില്ലെന്നും ബേബി പറഞ്ഞു.
​അതേസമയം, തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതി നൽകിയ റിപ്പോർട്ടിലെ വീഴ്ചകൾ മൂടിവെക്കാനും കേന്ദ്ര കമ്മിറ്റി ശ്രമിച്ചതായി സൂചനയുണ്ട്. റിപ്പോർട്ടിൽ സൂചിപ്പിച്ചതിനേക്കാൾ കൂടുതൽ വിഷയങ്ങൾ കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയായില്ലെന്ന് ബേബി ന്യായീകരിച്ചു. നേതാക്കളുടെ ബന്ധുക്കൾ കൂട്ടത്തോടെ . സ്ഥാനാർത്ഥികളായതിനെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാവരും ആരുടെയെങ്കിലുമൊക്കെ ബന്ധുക്കളായിരിക്കുമെന്ന വിചിത്രമായ മറുപടിയാണ് ബേബി നൽകിയത്.
​വിവാദ നായകനായ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെയുള്ള ദേശീയ നേതൃത്വത്തിന്റെ മൃദുസമീപനവും വാർത്താസമ്മേളനത്തിൽ പ്രകടമായി. രാഗേഷിനെതിരെ പരാതിയെന്നും ലഭിച്ചിട്ടില്ലെന്നാണ് നേതൃത്വത്തിന്റെ വാദം. സ്വന്തം പരാജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനായി, വിഴിഞ്ഞം ഓഹരി ഇടപാടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നടപടികളിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹത്തിന്റെ മംഗലാപുരം യാത്രയും കൂടിക്കാഴ്‌ചയും സംശയാസ്പദമാണെന്നും ബേബി ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img