09:12pm 22 August 2026
NEWS
സ്നേഹിത ദിനാചരണം സംഘടിപ്പിച്ചു
22/08/2026  08:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്നേഹിത ദിനാചരണം സംഘടിപ്പിച്ചു

കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ സ്നേഹിത ദിനാചരണം സംഘടിപ്പിച്ചു. കുടുംബശ്രീ എറണാകുളം ജെൻഡർ വികസന വിഭാഗത്തിന്റെ നേതൃത്വത്തിൽ കാക്കനാട് സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.എം. റെജീന അധ്യക്ഷയായി.

സ്നേഹിതയിൽ ഇതുവരെ 10,751 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 3,478 എണ്ണം നേരിട്ടെത്തിയ പരാതികളും 7,273 എണ്ണം ടെലിഫോൺ മുഖേന ലഭിച്ച പരാതികളുമാണ്. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട 2,355 കേസുകളും കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട 1,229 കേസുകളും മദ്യപാനവുമായി ബന്ധപ്പെട്ട 601 കേസുകളും റിപ്പോർട്ട് ചെയ്തു. സ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട 289 കേസുകളും കുട്ടികൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട 306 കേസുകളും കുട്ടികളുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളുടെ 371 കേസുകളും ഉൾപ്പെടുന്നു. 2,431 കേസുകളിൽ കൗൺസലിങ്ങും 1,685 കേസുകളിൽ ഇൻമേറ്റ് സേവനവും ലഭ്യമാക്കി.

ഗാർഹിക പീഡന കേസുകളിൽ മദ്യപാനവും സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രധാന കാരണങ്ങളായി തുടരുന്നതായി സ്നേഹിതയുടെ പ്രവർത്തനങ്ങളിൽ നിന്ന് വ്യക്തമായി. വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട പരാതികളും ലഭിക്കുന്നുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട കേസുകളിൽ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം, പെരുമാറ്റത്തിലെ മാറ്റം, പഠനനിലവാരത്തിലെ കുറവ് തുടങ്ങിയവയാണ് പ്രധാനമായും ശ്രദ്ധയിൽപ്പെടുന്നത്. മാതാപിതാക്കൾ തമ്മിലുള്ള നിരന്തരമായ പ്രശ്നങ്ങളും കുട്ടികളുടെ പഠനത്തെയും പെരുമാറ്റത്തെയും ബാധിക്കുന്നതായി പ്രവർത്തകർ പറഞ്ഞു.

മുതിർന്നവരെ വീടുകളിൽ നിന്ന് ഒഴിവാക്കുന്നതും കുടുംബത്തിൽ ആവശ്യമായ പരിഗണന ലഭിക്കാത്തതും മദ്യപാനത്തിന് അടിമപ്പെട്ട മക്കളിൽ നിന്ന് മാതാപിതാക്കൾക്ക് നേരിടേണ്ടിവരുന്ന അതിക്രമങ്ങളും സ്നേഹിതയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ലഭിക്കുന്ന പരാതികളിൽ ആവശ്യമായ തുടർ അന്വേഷണങ്ങളും ഇടപെടലുകളും നടത്തി വരുന്നു.

സ്നേഹിതയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കാക്കനാട് സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിൽ മധുരത്തോടൊപ്പം സ്നേഹിതയുടെ വിസിറ്റിംഗ് കാർഡുകൾ വിതരണം ചെയ്തു. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾ, ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ, ബസ് സ്റ്റാൻഡുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലും സ്നേഹിത കാർഡുകൾ വിതരണം ചെയ്തു.

കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രജിത കെ.ആർ. സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അനുമോൾ കെ.സി. ആശംസകൾ നേർന്നു. കവിത ഗോവിന്ദ് നന്ദി പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img