08:57pm 11 November 2026
NEWS
"തിരക്കിലമർന്ന് കോട്ടയം", വൈകുന്നേരങ്ങളിൽ തെക്കൊട്ടുള്ള യാത്രകൾ അതികഠിനം. എറണാകുളം - തിരുവനന്തപുരം എക്സ്പ്രസ്സ്‌ മെമു വേണമെന്ന ആവശ്യവുമായി ഫ്രണ്ട്‌സ് ഓൺ റെയിൽസ്
07/08/2025  06:53 AM IST
nila

ഇരട്ടപ്പാതയുടെ നേട്ടമൊട്ടും പറയാനില്ലാതെ വൈകുന്നേരം എട്ടുകോച്ചിൽ നട്ടം തിരിയുകയാണ് കോട്ടയത്ത് നിന്നുള്ള യാത്രക്കാർ. 05.40 ന് കോട്ടയത്ത് നിന്നുള്ള കൊല്ലം മെമുവിൽ സമാനതകളില്ലാത്ത ദുരിതമാണ്  ഇപ്പോൾ യാത്രക്കാർ അനുഭവിക്കുന്നത്. മെമു കടന്നുപോയാൽ സ്ഥിരയാത്രക്കാർ ആശ്രയിക്കുന്ന വേണാട് കോട്ടയമെത്തുന്നത്  വാതിൽപ്പടി വരെ യാത്രക്കരെക്കൊണ്ട്‌ നിറഞ്ഞാണ്. ഉച്ചയ്ക്കുള്ള പരശുറാമിന് ശേഷം മൂന്നുമണിക്കൂറിന് ശേഷമാണ്  ഏറ്റവും കേരളത്തിലെ ഐ ടി ഹബ്ബ് എന്നറിയപ്പെടുന്ന തൃപ്പൂണിത്തുറയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള അടുത്ത സർവീസായ വേണാട് എത്തുന്നത്.  ഈ നീണ്ട ഇടവേളയാണ് കോട്ടയത്ത് നിന്നുള്ള മെമുവിലും അനിയന്ത്രിതമായ രീതിയിൽ തിരക്കുകൾ വർദ്ധിക്കാൻ കാരണമാകുന്നത്. കോട്ടയം വഴിയുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിന്  ഉച്ചയ്ക്ക് 03.00 ന് ശേഷം തിരുവനന്തപുരം ഭാഗത്തേയ്ക്ക് ഒരു ട്രെയിൻ വേണമെന്ന ആവശ്യമാണ് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഉയർത്തുന്നത്.

ഉച്ചയ്ക്ക് ശേഷം ഒരു മെമു സർവീസ് വേണമെന്നത് കോട്ടയം വഴിയുള്ള യാത്രക്കാരുടെ വർഷങ്ങളയുള്ള ആവശ്യമാണ്. ചവിട്ടുപടിയിലും  ടോയ്ലറ്റ് ഇടനാഴിയിലും ശ്വാസം പോലും കിട്ടാതെ തിങ്ങിനിറഞ്ഞാണ് സ്ത്രീകളും വിദ്യാർത്ഥികളും പ്രതിദിനം എറണാകുളത്ത് നിന്നും തൃപ്പൂണിത്തുറയിൽ നിന്നും കോട്ടയത്തുനിന്നുമൊക്കെ യാത്ര ചെയ്യുന്നത്.  ഉച്ചയ്ക്ക് 13.55 ന്റെ പരശുറാമിന് ശേഷം എറണാകുളം ടൗണിൽ നിന്നും 14.32 ന്റെ 22504 വിവേക് എക്സ്പ്രസ്സ്‌ ഉണ്ടെങ്കിലും ദീർഘ ദൂര ട്രെയിൻ ആയതുകൊണ്ട്   പതിവായി വൈകിയാണ് എത്തുന്നത്. കൂടാതെ വിവേക് എക്സ്പ്രസ്സിന് സ്റ്റോപ്പുകൾ വളരെ പരിമിതമായതിനാൽ വൈകുന്നേരം അഞ്ചുമണിയ്ക്കുള്ള 12626 കേരള എക്സ്പ്രെസ്സും 17:20 നുള്ള 16301 വേണാട് എക്സ്പ്രസ്സുമാണ് യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നത്.. വലിയ തോതിലുള്ള തിരക്കാണ് ഈ ട്രെയിനുകളിൽ അതുമൂലം അനുഭവപ്പെടുന്നത്. 

ഉച്ചയ്ക്ക് 14.26  ന്റെ പരശുറാം കഴിഞ്ഞാൽ 17.37 ന്റെ വേണാടിന് മാത്രമാണ് എറണാകുളം ജില്ലയിൽ തൊഴിൽ പരമായ ആവശ്യവുമായെത്തുന്ന യാത്രക്കാർ ഏറെ ആശ്രയിക്കുന്ന തൃപ്പൂണിത്തുറ സ്റ്റേഷനിൽ സ്റ്റോപ്പുള്ളത്. വേണാടിന് ശേഷം തിരുവനന്തപുരം ഭാഗത്തേയ്ക്ക് മറ്റു ട്രെയിനുകൾ ഇല്ലാത്തതും തൃപ്പൂണിത്തുറയിൽ നിന്നും യാത്രക്കാർ അപകടകരമായ സാഹചര്യത്തിലും യാത്ര ചെയ്യാൻ നിർബന്ധിതരായി തീരുന്നു. 16649 പരശുറാമിന് ശേഷം കോവിഡിന് മുമ്പ് ഉച്ചയ്ക്ക് 14.40 ന് സർവീസ് നടത്തിക്കൊണ്ടിരുന്ന മെമുവിന്റെ സമയം മാറ്റിയതാണ് യാത്രാക്ലേശം ഇരട്ടിയാക്കിയത്. 
കോട്ടയത്ത് നിന്നും 15. 28 ന്റെ 16649 പരശുറാം കടന്നുപോയാൽ  ചങ്ങനാശ്ശേരി, തിരുവല്ല, മാവേലിക്കര, കരുനാഗപ്പള്ളി, ഒപ്പം എല്ലാ ഹാൾട്ട് സ്റ്റേഷനിലേയ്ക്കുള്ള യാത്രക്കാരും ആശ്രയിക്കുന്നത് 17.40 നുള്ള 66315  കോട്ടയം - കൊല്ലം മെമു മാത്രമാണ്. വൈകുന്നേരം അഞ്ചു മണിയ്ക്ക് മുമ്പേ തന്നെ കൊല്ലത്തേയ്ക്കുള്ള ഈ മെമുവിൽ  കാലുകുത്താൻ ഇടമില്ലാത്ത  അവസ്ഥയാണ്. വൈകുന്നേരം കോട്ടയത്ത് നിന്നുള്ള കൊല്ലം മെമു 8 കോച്ചുകൾ മാത്രമാണെന്നതും ദുരിതത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. 
എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് ശേഷം കൊല്ലം ഭാഗത്തേയ്ക്ക് ഒരു മെമു സർവീസ് ആരംഭിച്ചാൽ മാത്രമേ നിലവിലെ യാത്രാക്ലേശം പരിഹരിക്കാൻ സാധിക്കുകയുള്ളു.

ഉച്ചയ്ക്ക് 15.00/15.30 ന് ഒരു എക്സ്പ്രസ്സ്‌ മെമു /പാസഞ്ചർ സർവീസ് തിരുവനന്തപുരം വരെ  പരിഗണിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.  അതുപോലെ രാവിലെ 07.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിധം ക്രമീകരിച്ചാൽ കൊല്ലം, കായംകുളം ഭാഗത്തേയ്ക്കുള്ള പ്രതിദിന യാത്രക്കാർക്കും അനുഗ്രഹമായി മാറുന്നതാണ്. കൊല്ലത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് രാവിലെ 08.00 നും 11.00 നും ഇടയ്ക്ക് പ്രതിദിന സർവീസ് ഇല്ലാത്തതിനാലുള്ള ബുദ്ധിമുട്ടുകൾക്കും അതോടെ പരിഹാരമാകുന്നതാണ്. കുംഭമേളയ്ക്ക് മെമുവിന് പകരമായി സർവീസ് നടത്തിയിരുന്ന  16 കാർ ICF പാസഞ്ചർ റേക്ക് കൊല്ലം ജംഗ്ഷനിൽ ഇപ്പോൾ ലഭ്യമാണ്.. അത്യാധുനിക LHB കോച്ചുകളിലേയ്ക്ക് മാറ്റപ്പെട്ട വേളാങ്കണ്ണി എക്സ്പ്രസ്സ്‌ അടക്കമുള്ള ട്രെയിനുകളുടെ പഴയ ICF റേക്കുകളും ഡിവിഷനിലെ വിവിധ സ്റ്റേഷനിൽ കിടപ്പുണ്ട്. ഈ റേക്കുകൾ പരമാവധി പ്രയോജനപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിലെങ്കിലും സർവീസ് അടിയന്തിരമായി പരിഗണിക്കാനുള്ള ഇടപെടൽ ഉണ്ടാകണമെന്ന് എല്ലാ ജനപ്രതിനിധികളോടും അഭ്യർത്ഥിക്കുന്നു.

എറണാകുളം ജംഗ്ഷനിൽ നിന്നും ശുപാർശ ചെയ്യപ്പെടുന്ന സമയം

എറണാകുളം ജംഗ്ഷൻ : 15:15

കോട്ടയം :16:45 

കൊല്ലം : 18:45

തിരുവനന്തപുരം സെൻട്രൽ: 20:45


തിരുവനന്തപുരം സെൻട്രലിൽ നിന്നും

തിരുവനന്തപുരം : 07.30 

കൊല്ലം:09.00 

കോട്ടയം : 11.00

എറണാകുളം ജംഗ്ഷൻ : 13:00

ഉച്ചകഴിഞ്ഞ് കോട്ടയം വഴി തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള യാത്ര ഏറെ ദുസ്സഹമായ സാഹചര്യത്തിൽ  സുരക്ഷിത യാത്ര ഉറപ്പു വരുത്തുന്നതിന്,  ഏറ്റവും തിരക്കേറിയ ഓണനാളുകൾക്ക് മുന്നോടിയായി പുതിയ സർവീസിന് അനുകൂല നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി, കേന്ദ്ര റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, മറ്റു ജനപ്രതിനിധികൾ,  ബന്ധപ്പെട്ട റെയിൽവേ അധികൃതരോടും ആവശ്യപ്പെടുന്നതെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ്. ജെ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img