
കണ്ണൂർ: പാനൂരിൽ യുവ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊകേരി വള്ളങ്ങാട് സ്വദേശി ശരൺ ആണ് അറസ്റ്റിലായത്. വള്ളങ്ങാട് സ്വദേശിനിയായ ആദിത്യ (28)യുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ജൂൺ എട്ടിന് തലശ്ശേരിയിൽ വച്ച് ശരണിൽ നിന്ന് മർദനമേറ്റതായി ആദിത്യ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. ഈ സംഭവം തന്നെ കടുത്ത മാനസിക സമ്മർദത്തിലാഴ്ത്തിയെന്നും അതാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നും ചികിത്സയിലിരിക്കെ അമ്മയോട് വെളിപ്പെടുത്തിയതായി ബന്ധുക്കൾ അറിയിച്ചു. സംഭവത്തിന് പിന്നാലെ ശരണിനെതിരെ കുടുംബം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ആത്മഹത്യയ്ക്ക് ശ്രമിച്ച ആദിത്യയെ ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് പിന്നീട് മിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ ഇന്നലെ വൈകിട്ടോടെ മരണം സംഭവിച്ചു.
സംഭവത്തെ തുടർന്ന് ഒളിവിൽ പോയിരുന്ന ശരണിനെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
കണ്ണൂർ സർവകലാശാലയിൽ ഗസ്റ്റ് അധ്യാപികയായാണ് ആദിത്യ പ്രവർത്തിച്ചിരുന്നത്.










