
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഹർജി. ബിജെപി എംപി വിഘ്നേഷ് ശിശിറാണ് രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്നും വിദേശ യാത്ര ചെയ്യാൻ അനുവദിക്കരുത് എന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വിഘ്നേഷ് ശിശിർ സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് വിഘ്നേഷ് ശിശിർ സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പുതിയ ഹർജി സമർപ്പിച്ചിരിക്കുന്നത്. അടുത്തയാഴ്ചയാണ് ഈ ഹർജി കോടതി പരിഗണിക്കുക.
രാഹുൽ ഗാന്ധി ഒരേസമയം ഇന്ത്യൻ പൗരത്വവും യുകെ പൗരത്വവും ഉള്ളയാളാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇരട്ട പൗരത്വമുള്ളയാൾ എങ്ങനെയാണ് എംപിയായതെന്നും ഇത് അനുവദിക്കാൻ പാടില്ലെന്നുമാണ് ഹർജിയുടെ ഉള്ളടക്കം. രാഹുലിന്റെ പാസ്പോർട്ട് റദ്ദാക്കണമെന്നും എംപിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. ഹർജി തീർപ്പാകും വരെ രാഹുൽ വിദേശയാത്ര ചെയ്യാൻ പാടില്ലെന്നും അല്ലെങ്കിൽ രാഹുൽ നാടുവിടുമെന്നും ബിജെപി എംപി ആരോപിക്കുന്നു.
നേരത്തേ സമർപ്പിച്ച ഹർജിയിൽ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷണറോട് നിർദേശിക്കണം എന്നതായിരുന്നു ആവശ്യം. കൂടാതെ സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. ഈ ഹർജി അലഹബാദ് ഹൈക്കോടതി തള്ളുകയായിരുന്നു. തുടർന്നാണ് വീണ്ടും ഹർജിയുമായി വിഘ്നേഷ് രംഗത്തുവന്നിരിക്കുന്നത്.











