08:17pm 08 August 2026
NEWS
തിരമാലകളുടെ താലത്തിൽ ഫ്രഷ് മീൻ വിഭവങ്ങൾ: പഴയ ദോഹ തുറമുഖത്തെ മൽസ്യച്ചന്ത പുതിയ ഭാവത്തിൽ
08/08/2026  04:53 PM IST
പി വി എ നാസർ
തിരമാലകളുടെ താലത്തിൽ ഫ്രഷ് മീൻ വിഭവങ്ങൾ: പഴയ ദോഹ തുറമുഖത്തെ മൽസ്യച്ചന്ത പുതിയ ഭാവത്തിൽ

 

 

​ദോഹ: കടലിന്റെ നീലാഴങ്ങളിൽ നിന്ന്  കോരിയെടുത്ത ഫ്രഷ് മൽസ്യസമ്പത്തുമായി പഴയ ദോഹ തുറമുഖത്തെ ജബ്റത്ത് അൽ മീന മൽസ്യവിപണി.
തദ്ദേശീയ മൽസ്യബന്ധന സീസൺ പുനരാരംഭിച്ചതോടെ, കടലിന്റെ വശ്യതയും പുതുമയും തുളുമ്പുന്ന കടൽവിഭവങ്ങൾ തേടി സ്വദേശികളും പ്രവാസികളുമായ ആയിരക്കണക്കിന് മത്സ്യ പ്രേമികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.
​ഹമൂർ, ചണമ്പ് (കിങ് ഫിഷ്), ഷേരി, സാഫി, സുൽത്താൻ ഇബ്രാഹിം, ഫസ്കർ തുടങ്ങിയ ജനപ്രിയ പ്രാദേശിക മൽസ്യങ്ങളും കൊഞ്ചും മുത്തുകളൊളിപ്പിച്ച ചിപ്പികളും വാങ്ങാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.  വിലസ്ഥിരത ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന ചോയ്‌സുകൾ നൽകാനും ഓൾഡ് പോർട്ടിലെ മത്സ്യ ചന്ത സഹായകരമാണ് . പല മുൻനിര മൽസ്യഇനങ്ങളും സൂര്യാസ്തമയത്തിന് മുൻപേ വിറ്റുതീരുന്ന കാഴ്ച വിപണിയുടെ ജനപ്രീതി വിളിച്ചോതുന്നു.
​ഏകദേശം 563 കിലോമീറ്റർ ദൈർഘ്യമുള്ള മനോഹരമായ തീരപ്രദേശത്ത് ആയിരക്കണക്കിന് മൽസ്യബന്ധന ബോട്ടുകളാണ് ഖത്തറിന്റെ സമൃദ്ധിക്കായി സമുദ്രത്തിൽ വലവീശുന്നത്. ആധുനികമായ ക്ലീനിങ്, ഫില്ലറ്റിങ് സേവനങ്ങളും, സുതാര്യമായ ഇലക്ട്രോണിക് പണമടയ്ക്കൽ സംവിധാനങ്ങളും, ശുചിത്വമാർന്ന അന്തരീക്ഷവും ചേർന്ന് പാരമ്പര്യ മൽസ്യച്ചന്തയെ അന്താരാഷ്ട്ര നിലവാരമുള്ള റീട്ടെയിൽ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു.
​അറബിക്കടലിന്റെ സമ്പന്നമായ സാഗര പാരമ്പര്യവും ആധുനിക സൗകര്യങ്ങളും സമന്വയിക്കുന്ന അൽ മീന മേഖല കേവലം ഒരു മൽസ്യവിപണി എന്നതിലുപരി സന്ദർശകരുടെ മനംകവരുന്ന ഒരു സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്. വരും മാസങ്ങളിലും സമുദ്രസമൃദ്ധി തുടരുന്നതോടെ വിപണിയിൽ കൂടുതൽ ഉണർവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img