
തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന കെഎസ്ആർടിസി ബസുകൾ തിരിച്ചറിയുന്നതിനായി 'പ്രിയദർശിനി' സ്റ്റിക്കർ പതിപ്പിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടുള്ള പദ്ധതിയെ ലാഭ-നഷ്ട കണക്കുകളിൽ മാത്രം വിലയിരുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കായുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 15ന് രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ഉദ്ഘാടന സർവീസിൽ വനിതാ ഡ്രൈവറും വനിതാ കണ്ടക്ടറുമായിരിക്കും ചുമതല വഹിക്കുക. ഉദ്ഘാടനത്തിന് ശേഷമാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിക്കുക.
ടൗൺ ടു ടൗൺ സർവീസുകൾ ഉൾപ്പെടെ 'ഓർഡിനറി' എന്ന വിഭാഗത്തിൽപ്പെടുന്ന എല്ലാ കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര ലഭ്യമാകും. എന്നാൽ സിറ്റി ഫാസ്റ്റ് സർവീസുകൾ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടില്ല. പ്രത്യേക കാർഡുകളോ രജിസ്ട്രേഷനോ സർട്ടിഫിക്കറ്റുകളോ ഇല്ലാതെ എല്ലാ സ്ത്രീകൾക്കും ആനുകൂല്യം ലഭിക്കും.
ആദ്യഘട്ടത്തിൽ 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ചെലവ് കെഎസ്ആർടിസിക്ക് മേൽ ചുമത്താതെ സർക്കാർ ഗ്രാന്റായി നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. ചെലവുകൾ കൃത്യമായി കണക്കാക്കുന്നതിനായി യാത്ര ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും 'സീറോ ടിക്കറ്റ്' നൽകും. പ്രതിദിനം രണ്ട് കോടിയിലധികം രൂപ പദ്ധതിക്കായി ചെലവാകുമെന്നാണ് കണക്ക്.
സ്ത്രീകൾ യാത്രാക്കൂലിയായി ലാഭിക്കുന്ന തുക വിപണിയിലേക്ക് തിരിച്ചെത്തുന്നത് സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ പരസ്യങ്ങളും സ്പോൺസർഷിപ്പുകളും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. നിലവിലുള്ള 58 ഗ്രാമവണ്ടികൾ 500 ആയി ഉയർത്താനും പദ്ധതി തയ്യാറാക്കുന്നുണ്ട്.
സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അവരെ ദുർബലപ്പെടുത്തുക സർക്കാർ ലക്ഷ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ റൂട്ട് പഠനം നടത്തി ആവശ്യമായ സ്ഥലങ്ങളിൽ പുതിയ സർവീസുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.










