03:25pm 12 June 2026
NEWS
വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര; ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറിയിലും ആനുകൂല്യം, കാർഡ് വേണ്ടെന്ന് മന്ത്രി
12/06/2026  01:44 PM IST
NILA
വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര; ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറിയിലും ആനുകൂല്യം, കാർഡ് വേണ്ടെന്ന് മന്ത്രി

 

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വനിതകൾക്കും കെഎസ്ആർടിസി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ പ്രഖ്യാപിച്ചു. പ്രത്യേക കാർഡോ രേഖകളോ ആവശ്യമില്ലെന്നും യാത്രക്കാർക്ക് സീറോ ടിക്കറ്റ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 15-ന് തമ്പാനൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ഉദ്ഘാടന സർവീസിൽ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യയാത്രയുടെ ആനുകൂല്യം ലഭ്യമാക്കും.

ആദ്യഘട്ടത്തിൽ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുക. ആദ്യ 100 ദിവസത്തെ പ്രവർത്തനം വിലയിരുത്തിയശേഷം രണ്ടാംഘട്ടത്തിൽ ഫാസ്റ്റ് പാസഞ്ചർ ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും.

പദ്ധതി ഓർഡിനറി ബസുകളിൽ മാത്രം നടപ്പാക്കിയാൽ വർഷത്തിൽ ഏകദേശം 712 കോടി രൂപയുടെ അധിക ബാധ്യതയും, എല്ലാ ബസുകളിലേക്കും വ്യാപിപ്പിച്ചാൽ 1300 കോടി രൂപയുടെ സാമ്പത്തിക ചെലവും ഉണ്ടാകുമെന്നാണ് കണക്ക്. ഇതിനാവശ്യമായ മുഴുവൻ സാമ്പത്തിക പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. എപിഎൽ-ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാ വനിതകൾക്കും ആനുകൂല്യം ലഭിക്കും.

അധിക വരുമാന മാർഗങ്ങൾ തേടി സർക്കാർ

സൗജന്യയാത്ര പദ്ധതിയിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത നികത്താൻ പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താൻ ധനവകുപ്പിന് ചുമതല നൽകിയിട്ടുണ്ട്. പ്രതിമാസം 55 മുതൽ 60 കോടി രൂപ വരെ കെഎസ്ആർടിസിക്ക് സർക്കാർ സഹായം നൽകേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

കെഎസ്ആർടിസിയുടെയും കെടിഡിഎഫ്സിയുടെയും ഭൂമികളും കെട്ടിടങ്ങളും കൂടുതൽ ഫലപ്രദമായി വിനിയോഗിച്ച് വരുമാനം വർധിപ്പിക്കണമെന്ന് ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. കെടിഡിഎഫ്സിയെ ശക്തമായ നോൺ-ബാങ്കിങ് ധനകാര്യ സ്ഥാപനമാക്കി മാറ്റുന്നതിനും നടപടികൾ സ്വീകരിക്കും.

ബസ് സ്റ്റാൻഡുകളിൽ ഡോർമിറ്ററി സൗകര്യം, ടിക്കറ്റിനൊപ്പം താമസ ബുക്കിങ്, ആപ്പുകളിലും ബസുകളിലും പരസ്യങ്ങൾ, കൂടുതൽ പരസ്യ ബോർഡുകൾ, കടമുറികളുടെ വാടക പിരിവ് ശക്തമാക്കൽ തുടങ്ങിയ വരുമാന വർധന നിർദേശങ്ങൾ വേഗത്തിൽ നടപ്പാക്കാനും സർക്കാർ ആലോചിക്കുന്നു. ബജറ്റ് ടൂറിസം രംഗത്ത് മികച്ച വരുമാനമുണ്ടെങ്കിലും കൂടുതൽ ബസുകൾ വാങ്ങേണ്ടതിന്റെ ആവശ്യകതയും ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img