11:33am 13 November 2026
NEWS
കെ.എസ്.ആർ.ടി.സി ഓർഡിനറിയിൽ വനിതകൾക്ക് സൗജന്യയാത്ര ഈ മാസം 15 മുതൽ; ട്രാൻസ്‌ജെൻഡറുകൾക്കും ആനുകൂല്യം
09/06/2026  09:36 AM IST
ന്യൂസ് ബ്യൂറോ
കെ.എസ്.ആർ.ടി.സി ഓർഡിനറിയിൽ വനിതകൾക്ക് സൗജന്യയാത്ര ഈ മാസം 15 മുതൽ; ട്രാൻസ്‌ജെൻഡറുകൾക്കും ആനുകൂല്യം

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതകൾക്ക് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ പ്രഖ്യാപിച്ചിരുന്ന സൗജന്യ യാത്രാ പദ്ധതി ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
​സ്ത്രീകൾക്ക് പുറമെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഈ സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കും. സാമ്പത്തിക നിലയോ തൊഴിലോ മാനദണ്ഡമാക്കാതെ, എല്ലാ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാനാണ് സർക്കാരിന്റെ തീരുമാനം.
​100 ദിവസത്തെ വിലയിരുത്തൽ; തുടർനടപടികൾ ഇങ്ങനെ:
​പദ്ധതി ആരംഭിച്ച് ആദ്യത്തെ 100 ദിവസത്തെ പ്രവർത്തനങ്ങൾ സർക്കാർ സൂക്ഷ്മമായി വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിലാകും ഭാവിയിലെ തുടർനടപടികൾ.
​വിവരശേഖരണം: സ്ത്രീയാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ്, അധികമായി വരുന്ന ചെലവ്, സമൂഹത്തിൽ നിന്നുള്ള പ്രതികരണങ്ങൾ എന്നിവ ശേഖരിക്കും.
​മാറ്റങ്ങൾ: 100 ദിവസത്തെ വിലയിരുത്തലിന് ശേഷം ആവശ്യമാണെങ്കിൽ പദ്ധതി നടത്തിപ്പിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തും.
​നിയമ ഭേദഗതി: പദ്ധതി സുഗമമാക്കാൻ നിലവിലെ മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വേണമെങ്കിൽ അത് പരിശോധിക്കാനും യോഗത്തിൽ തീരുമാനമായി.
​ബാദ്ധ്യത സർക്കാർ ഏറ്റെടുക്കും:
ഓർഡിനറി ബസുകളിൽ മാത്രം സൗജന്യം അനുവദിക്കുന്നതിലൂടെ വർഷം 712 കോടി രൂപയുടെ അധിക ബാദ്ധ്യതയാണ് കെ.എസ്.ആർ.ടി.സി കണക്കാക്കുന്നത്. യാത്രക്കാരുടെ ദിവസേനയുള്ള കണക്കെടുത്ത്, മാസാവസാനം ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത കെ.എസ്.ആർ.ടി.സി സർക്കാരിനെ അറിയിക്കും. ഈ തുക സർക്കാർ പൂർണ്ണമായും പൊതുഗതാഗത സ്ഥാപനത്തിന് കൈമാറും.
​സൂപ്പർക്ലാസ് ബസുകൾ നിലവിൽ പരിഗണനയിലില്ല
​ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള സൂപ്പർക്ലാസ് ബസുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിച്ചാൽ പ്രതിവർഷം 1300 കോടി രൂപയുടെ ബാദ്ധ്യതയുണ്ടാകുമെന്നാണ് കണക്ക്. അതിനാൽ നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും ഈ ആനുകൂല്യം.
​സിറ്റി ഫാസ്റ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം
​തിരുവനന്തപുരം നഗരത്തിലെ യാത്രക്കാരെ സംബന്ധിച്ച് പദ്ധതിയിൽ ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട്. തലസ്ഥാനത്തെ ബഹുഭൂരിപക്ഷം സർവീസുകളും 'സിറ്റി ഫാസ്റ്റ്' എന്ന പേരിലാണ് സർവീസ് നടത്തുന്നത്. കിഴക്കേകോട്ട, പേരൂർക്കട, പാപ്പനംകോട്, വികാസ്ഭവൻ ഡിപ്പോകളിലെ ചുരുക്കം ചില ബസുകൾ മാത്രമാണ് ഓർഡിനറിയായുള്ളത്. ഇത്തരം സിറ്റി ഫാസ്റ്റുകളിൽ സ്ത്രീ സൗജന്യയാത്ര അനുവദിക്കണമോ എന്ന കാര്യത്തിൽ യോഗത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
​കെ.എസ്.ആർ.ടി.സിയുടെ പക്കൽ ആകെ 2,800 ഓർഡിനറി ബസുകൾ ഉണ്ടെങ്കിലും നിലവിൽ ശരാശരി 1,600 ബസുകൾ മാത്രമാണ് നിരത്തിലിറങ്ങുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img