
ദോഹ: ഖത്തറിലൂടെ യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും അടുത്തറിയാൻ അവസരമൊരുക്കി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA). ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി (DFI) സഹകരിച്ച് കോൺകോഴ്‌സ് ഡി-യിൽ പ്രത്യേകമായി ഒരുക്കിയ 'മേഡ് ഇൻ ഖത്തർ' (Made in Qatar) സ്ക്രീനിംഗ് റൂമിന്റെ പ്രദർശനം ആരംഭിച്ചു. 2026 നവംബർ 8 മുതൽ ഡിസംബർ 27 വരെയാണ് യാത്രക്കാർക്കായി ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഖത്തറി സംവിധായകരുടെയും, ഖത്തറിനെ മാതൃരാജ്യമായി കാണുന്ന പ്രമുഖ ചലച്ചിത്ര പ്രവർത്തകരുടെയും മികച്ച ഹ്രസ്വചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. ട്രാൻസിറ്റ് യാത്രക്കാർക്കും ഖത്തറിൽ നിന്ന് തിരിച്ചുപോകുന്ന യാത്രക്കാർക്കും രാജ്യത്തിന്റെ കലാമേഖലയും ജീവിതരീതികളും അടുത്തറിയാനുള്ള മികച്ച അവസരമാണിത്.
ദോഹ ഫിലിം ഫെസ്റ്റിവലിന്റെ ഔദ്യോഗിക "എയർപോർട്ട് പങ്കാളി" എന്ന നിലയിലാണ് ഹമദ് എയർപോർട്ടും ഡി.എഫ്.ഐയും തമ്മിൽ ഈ സംരംഭത്തിന് തുടക്കമിട്ടത്. ഖത്തറിലെ പ്രാദേശിക സിനിമാപ്രവർത്തകരുടെ സൃഷ്ടികൾക്ക് ആഗോള തലത്തിൽ ശ്രദ്ധ നേടിക്കൊടുക്കാൻ ഈ പങ്കാളിത്തം സഹായിക്കും.അമൽ അൽ മുഫ്തയുടെ 'സ്മിച' (Smicha), നൗഫ് അൽ സുലൈത്തിയുടെ 'ഗുബ്ഗുബ്' (Gubgub), മഹാ അൽ ജഫൈരിയുടെ 'എ സിമ്പിൾ കട്ട്' (A Simple Cut), ബുഥൈന അൽ മുഹമ്മദിയുടെ 'എബൗ ദ താമരിൻഡ് ട്രീ' (Above The Tamarind Tree), അബ്ദുള്ള അൽ ജനാഹിയുടെ 'ഹോപ്പ്' (Hope), ടോണി എൽ ഗസാലിന്റെ 'നാസർ & ദി ടിക്കറ്റ്' (Nasser & The Ticket), ഹസൻ അൽ ജഹ്നിയുടെ 'എംസഹർ' (Emsahar), അബ്ദുൽ അസീസ് ഖഷാബിയുടെ 'ദി അൺലക്കി ഹാംസ്റ്റർ' (The Unlucky Hamster), നൂറ അൽ സുബെയുടെ 'അൽജോഹറ' (Aljohara), മുഹമ്മദ് അൽ ഇബ്രാഹിമിന്റെ 'ലാന്റ് ഓഫ് പേൾസ്' (Land Of Pearls) തുടങ്ങിയ പ്രശസ്തമായ ഹ്രസ്വചിത്രങ്ങളാണ് പ്രദർശന പട്ടികയിലുള്ളത്.
ഖത്തറിലെ കുടുംബബന്ധങ്ങൾ, പാരമ്പര്യം, സ്വത്വം, ഭാവന, ദൈനംദിന ജീവിതം എന്നിവ പ്രമേയമാക്കുന്ന ഈ ചിത്രങ്ങൾ യാത്രക്കാർക്ക് വേറിട്ടൊരു അനുഭവമായിരിക്കും സമ്മാനിക്കുക.










