
പാലക്കാട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനം സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു. സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പ് സ്വകാര്യ ബസ് മേഖല നേരിടാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് സർക്കാർ ചർച്ച ചെയ്യാൻ പോലും തയ്യാറായില്ലെന്ന് അദ്ദേഹം ആരോപിച്ചു. സ്വകാര്യ ബസ് മേഖലയെ പൂർണമായും അവഗണിക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യം തുടർന്നാൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ നിലച്ചുപോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമെന്നും ഗോപിനാഥൻ മുന്നറിയിപ്പ് നൽകി. വിഷയത്തിൽ തുടർനടപടികൾ തീരുമാനിക്കുന്നതിനായി ബസ് ഉടമകളുടെ അടിയന്തര സംസ്ഥാന സമിതി യോഗം വ്യാഴാഴ്ച തൃശൂരിൽ ചേരുമെന്നും അദ്ദേഹം അറിയിച്ചു.
ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങേണ്ട സാഹചര്യമുണ്ടെങ്കിലും അതിന് പോലും കഴിയാത്തവിധം ബസ് ഉടമകൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഗോപിനാഥൻ പറഞ്ഞു. ദിവസേന സർവീസ് നടത്താൻ ആവശ്യമായ ഡീസൽ നിറയ്ക്കാൻ പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് പല ബസ് ഉടമകളുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരിൽ കണ്ട് നിവേദനം നൽകിയിരുന്നുവെന്നും ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് അവർ ഉറപ്പുനൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതുവരെ സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസമാകുന്ന യാതൊരു തീരുമാനവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.










