01:41pm 13 November 2026
NEWS
സൗജന്യ ആരോഗ്യസേവനം സമൂഹത്തിന്‍റെ വിവിധ കോണുകളിലേക്ക് വി.പി.എസ് ലേക്‌ഷോര്‍ കെയർ ഓൺ വീൽസ് പദ്ധതി ചെയർമാൻ ഡോ. ഷംഷീർ വയലിൽ ഫ്ലാഗ് ഓഫ് ചെയ്തു
09/06/2026  07:37 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സൗജന്യ ആരോഗ്യസേവനം സമൂഹത്തിന്‍റെ വിവിധ കോണുകളിലേക്ക് വി.പി.എസ് ലേക്‌ഷോര്‍ കെയർ ഓൺ വീൽസ്  പദ്ധതി ചെയർമാൻ ഡോ. ഷംഷീർ വയലിൽ ഫ്ലാഗ് ഓഫ് ചെയ്തു
HIGHLIGHTS

‘കെയർ ഓൺ വീൽസ്’ വാഹനത്തിന്‍റെ ഫ്ലാഗ് ഓഫ് വി.പി.എസ് ലേക്‌ഷോര്‍ ചെയർമാൻ ഡോ. ഷംഷീർ വയലിൽ നിർവഹിക്കുന്നു. മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള, അലോക് ശ്രീവാസ്തവ തുടങ്ങിയവർ സമീപം.

കൊച്ചി: അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യസേവനങ്ങൾ സൗജന്യമായി കേരളത്തിലുടനീളം എത്തിക്കുന്നതിന് വി.പി.എസ് ലേക്‌ഷോര്‍ ആവിഷ്കരിച്ച മൊബൈൽ ഹെൽത്ത് കെയർ സംരംഭം ‘കെയർ ഓൺ വീൽസ്’ പദ്ധതിക്ക് തുടക്കമായി. ആശുപത്രിയിൽ നടന്ന പരിപാടിയിൽ ചെയർമാൻ ഡോ. ഷംഷീർ വയലിൽ മൊബൈൽ ഹെൽത്ത് കെയർ യൂണിറ്റ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.  

ഗ്രാമ, നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് സൗജന്യ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളുകൾ, കോളജുകൾ, കോർപറേറ്റ് സ്ഥാപനങ്ങൾ, റസിഡന്‍റ്സ് അസോസിയേഷനുകൾ, ആരോഗ്യസേവനങ്ങൾ എത്തിപ്പെടാത്ത മേഖലകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് രോഗപ്രതിരോധം, മുൻകൂട്ടിയുള്ള രോഗനിർണയം, വിദഗ്ധരുടെ കൺസൾട്ടേഷൻ എന്നിവ ഉറപ്പാക്കും.  

കാർഡിയോളജി, റേഡിയോളജി സേവനങ്ങളുടെ പിന്തുണയോടെയുള്ള അൾട്രാസൗണ്ട് സംവിധാനങ്ങൾ, ഇ.സി.ജി സ്ക്രീനിംഗ്, പോർട്ടബിൾ ഓഡിയോമെട്രി, പോർട്ടബിൾ സ്പൈറോമെട്രി, ഡോക്ടർ കൺസൾട്ടേഷൻ, അടിസ്ഥാന ആരോഗ്യപരിശോധനകൾ, ടെലി കൺസൾട്ടേഷൻ സൗകര്യം എന്നിവ മൊബൈൽ യൂണിറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തുന്നതിനും വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികൾക്ക് അത് ഉറപ്പാക്കുന്നതിനും പദ്ധതി സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 

സൗജന്യ ആരോഗ്യ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ജനങ്ങളിലേക്ക്  എത്തിക്കുന്നതിനുള്ള ശ്രമമാണ് കെയർ ഓൺ വീൽസിലൂടെ നടത്തുന്നതെന്ന് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. രോഗ നിർണയവും കൺസൾട്ടേഷനും ഉൾപ്പെടെയുള്ള സേവനങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങൾ കൃത്യമായി തിരിച്ചറിയാനും സമയബന്ധിതമായ ചികിത്സ ഉറപ്പാക്കാനും ആളുകൾക്ക് സാധിക്കും. കേരളത്തിലുടനീളമുള്ള ആയിരക്കണക്കിന് ആളുകൾക്ക് പദ്ധതി പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ആദ്യവർഷത്തിൽ കേരളത്തിലുടനീളം 150 ലധികം ഹെൽത്ത് ക്യാമ്പുകൾ സംഘടിപ്പിക്കാനും 25,000ത്തിലധികം ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിൽ ആരോഗ്യഅവബോധം വർധിപ്പിച്ച് രോഗനിർണയം വേഗത്തിലാക്കാനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ വിശദീകരിച്ചു. വി.പി.എസ് ലേക്‌ഷോര്‍ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള, പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോ. അലോക് ശ്രീവാസ്തവ എന്നിവർ പങ്കെടുത്തു. ഡോക്ടർമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img