04:09pm 10 November 2026
NEWS
സൗജന്യ ഡയാലിസിസ് ചികിത്സ; വി-ഗാര്‍ഡിന്റെ 'സ്വസ്ഥ' പദ്ധതിക്ക് തുടക്കമായി
21/07/2025  12:21 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സൗജന്യ ഡയാലിസിസ് ചികിത്സ; വി-ഗാര്‍ഡിന്റെ സ്വസ്ഥ പദ്ധതിക്ക് തുടക്കമായി
HIGHLIGHTS

വി-ഗാർഡ് ‘സ്വസ്ഥ’ പദ്ധതിയുടെ ലോഗോ പ്രകാശനം കൊച്ചി നഗരസഭ മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിക്കുന്നു. ഡോ. റീന മിഥുൻ ചിറ്റിലപ്പിള്ളി, ശ്രീകുമാർ എ, ഡോ. പ്രസലിൻ, ഡോ. ഹനീഷ്, പി ആർ രചന, സനീഷ് കെ, ജോസഫ് എം, ഷെറിൻ വിൽസൺ, ഏഞ്ചൽ റോസ് തുടങ്ങിയവർ സമീപം

 

 

 പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ 1000 ഡയാലിസിസ് ചികിത്സ സൗജന്യമായി നല്‍കും 

കൊച്ചി, ജൂലൈ 21, 2025: വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സൗജന്യ ഡയാലിസിസ് പദ്ധതിയായ 'സ്വസ്ഥ'യ്ക്ക് തുടക്കമായി. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വക്കേറ്റ് എം അനില്‍കുമാര്‍ ലോഗോ പ്രകാശനം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വി-ഗാര്‍ഡ് ആവിഷ്‌ക്കരിച്ചിരിക്കുന്ന ഈ പദ്ധതി കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.

 വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് പോലുള്ള മുന്‍നിര വ്യവസായ സ്ഥാപനങ്ങളുടെ വിവിധ സിഎസ്ആര്‍ പദ്ധതികള്‍ സമൂഹത്തിന് ഏറെ സഹായകവും, ആശ്വാസം പകരുന്നവയുമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരവധി സാധാരണക്കാര്‍ക്ക് വി-ഗാര്‍ഡിന്റെ 'സ്വസ്ഥ' പദ്ധതി ഉപകാരപ്രദമാകും. സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിക്കൊണ്ടുള്ള വി-ഗാര്‍ഡിന്റെ എല്ലാ സിഎസ്ആര്‍ പദ്ധതികള്‍ക്കും ആശംസകള്‍ അറിയിക്കുന്നുവെന്ന് 'സ്വസ്ഥ' പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ കൊച്ചി നഗരസഭ മേയര്‍ അഡ്വക്കേറ്റ് എം അനില്‍കുമാര്‍ പറഞ്ഞു.

സാമ്പത്തിക പരാധീനതകള്‍ കാരണം പലപ്പോഴും സ്വന്തം കുടുംബാംഗങ്ങള്‍ക്ക് കൃത്യമായ ചികിത്സ നല്‍കാന്‍ സാധിക്കാതെ വിഷമിക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. ഡയാലിസിസ് പോലെ ദീര്‍ഘകാലം തുടര്‍ച്ചയായി ചികിത്സ ആവശ്യമായി വരുന്ന സാഹചര്യങ്ങള്‍ പല കുടുംബങ്ങള്‍ക്കും സാമ്പത്തികമായി വെല്ലുവിളിയുയര്‍ത്തുന്നതാണ്. അതില്‍ കുറച്ചുപേര്‍ക്കെങ്കിലും 'സ്വസ്ഥ' സഹായകമാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് -  ഡോ. റീനാ മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. 

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് ഡോ. റീനാ മിഥുന്‍ ചിറ്റിലപ്പിള്ളി, കോര്‍പ്പറേറ്റ് മാനുഫാക്ചറിംഗ് ആന്‍ഡ് ഡബ്‌ള്യു.സി.ഡി വൈസ് പ്രസിഡന്റ് ശ്രീകുമാര്‍. എ, പള്ളുരുത്തി നഗരസഭ കൗണ്‍സിലര്‍ പി ആര്‍ രചന, സെന്റര്‍ ഫോര്‍ ഹെറിറ്റേജ്, എന്‍വയോണ്മെന്റ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെക്രട്ടറി ഡോ. രാജന്‍ ചെദമ്പത്ത്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.പ്രസലിന്‍, പള്ളുരുത്തി താലൂക്ക് ആശുപത്രി ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ഹനീഷ് എം എം, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

'സ്വസ്ഥ' പദ്ധതിയുടെ ഭാഗമായി പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ 1000 ഡയാലിസിസ് ചികിത്സ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സൗജന്യമായി നല്‍കും. ആദ്യ ഘട്ടത്തില്‍ പത്ത് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എക്കാലത്തും മുന്‍കൈ എടുത്തിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ വര്‍ഷങ്ങളിലേതിന് സമാനമായി ഇക്കൊല്ലവും ആരോഗ്യ മേഖലയില്‍ 'സ്വസ്ഥ' പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികള്‍ക്കായി സൗജന്യ ശ്രവണ സഹായി നല്‍കുന്ന 'സുനോ' പദ്ധതി, സൗജന്യ തിമിര ശസ്ത്രക്രിയ, ക്യാന്‍സര്‍ ചികിത്സ പദ്ധതി, ആരോഗ്യ സ്ഥാപനങ്ങളുടെ ശാക്തീകരണ പദ്ധതി, മൊബൈല്‍ മെഡിക്കല്‍ ക്യാംപുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ക്കായുള്ള ആംബുലന്‍സുകള്‍ തുടങ്ങിയ ഒട്ടനവധി പദ്ധതികള്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പിലാക്കി വരുന്നു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img