03:16am 21 June 2026
NEWS
വ്യാജ ചോദ്യപേപ്പറുമായി 'പേപ്പർ മാഫിയ'; നീറ്റ് പുനഃപരീക്ഷയ്ക്ക് മണിക്കൂറുകൾ ബാക്കിനിൽക്കെ തട്ടിപ്പുകാരൻ വലയിൽ
20/06/2026  09:20 AM IST
ന്യൂസ് ബ്യൂറോ
വ്യാജ ചോദ്യപേപ്പറുമായി പേപ്പർ മാഫിയ; നീറ്റ് പുനഃപരീക്ഷയ്ക്ക് മണിക്കൂറുകൾ ബാക്കിനിൽക്കെ തട്ടിപ്പുകാരൻ വലയിൽ

ന്യൂഡൽഹി: രാജ്യത്ത് നാളെ നീറ്റ് യു.ജി പുനഃപരീക്ഷ നടക്കാനിരിക്കെ, ടെലിഗ്രാം വഴി വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ 19കാരൻ ജയ്‌പൂരിൽ പിടിയിലായി. രാജസ്ഥാൻ ഭിൽവാര സ്വദേശിയും വിദ്യാർത്ഥിയുമായ ആകാശ് ചൗധരിയാണ് അറസ്റ്റിലായത്. ടെലിഗ്രാം ആപ്പ് രാജ്യത്ത് താൽക്കാലികമായി നിരോധിച്ചിട്ടുണ്ടെങ്കിലും, വിദേശ സെർവറുകളും വി.പി.എൻ  സംവിധാനവും ഉപയോഗിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്.
​'പേപ്പർ മാഫിയ' എന്ന പേരിൽ തുടങ്ങിയ ടെലിഗ്രാം ചാനൽ വഴിയാണ് ഇയാൾ വ്യാജ ചോദ്യപേപ്പർ വിറ്റിരുന്നത്. ഒരു ചോദ്യപേപ്പറിന് 4000 രൂപയാണ് ഈടാക്കിയിരുന്നത്. 52 അംഗങ്ങളുള്ള ഈ ചാനൽ വഴി തട്ടിപ്പ് നടത്തിയ പ്രതിയുടെ മൊബൈൽ ഫോൺ അടക്കമുള്ളവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്: എൻ.ടി.എ
​ചോദ്യപേപ്പർ ചോർന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളിൽ വിദ്യാർത്ഥികൾ വിശ്വസിക്കരുതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി  ഡയറക്ടർ അഭിഷേക് സിംഗ് അറിയിച്ചു. പരീക്ഷയ്ക്ക് കുറ്റമറ്റ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പുനഃപരീക്ഷയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ വിദ്യാർത്ഥികൾക്ക് അവരുടെ വാട്സാപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. 7827980287 എന്ന വെരിഫൈഡ് വാട്സാപ്പ് നമ്പറിൽ നിന്നുള്ള സന്ദേശങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി.
​മേയ് 3-ന് നടന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡുമായി വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തരുത്. വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള പുതിയ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് വേണം പരീക്ഷയ്ക്ക് വരാൻ.
​ടെലിഗ്രാം നിരോധനം ഹൈക്കോടതി ശരിവച്ചു
​അതിനിടെ, ടെലിഗ്രാം ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിരോധിച്ച കേന്ദ്ര സർക്കാർ നടപടി ഡൽഹി ഹൈക്കോടതി ശരിവച്ചു. കേന്ദ്ര നടപടി നിയമപരമാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് തേജസ് കരിയ, ടെലിഗ്രാം സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചു. അടിയന്തര സാഹചര്യങ്ങളും ആപ്പിലെ എഡിറ്റിംഗ് ഫീച്ചറുകളും കണക്കിലെടുക്കുമ്പോൾ നിരോധനം തെറ്റല്ലെന്നാണ് കോടതി നിരീക്ഷണം. നീറ്റുമായി ബന്ധപ്പെട്ട ഹർജികളിൽ അടിയന്തരവാദം കേൾക്കാൻ സുപ്രീംകോടതിയും വിസമ്മതിച്ചിട്ടുണ്ട്.
​സുരക്ഷ ശക്തമാക്കി സംസ്ഥാനങ്ങൾ
​പരീക്ഷാ കേന്ദ്രങ്ങളിൽ കടുത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ബംഗളൂരുവിലെ പരീക്ഷാ കേന്ദ്രങ്ങളിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുൻപ് ചോദ്യപേപ്പർ ചോർച്ച റിപ്പോർട്ട് ചെയ്ത പൂനെ, കോട്ട, ജയ്‌പൂർ തുടങ്ങിയ നഗരങ്ങൾ കർശന നിരീക്ഷണത്തിലാണ്. മധ്യപ്രദേശിൽ മാത്രം സുരക്ഷയ്ക്കായി 44 സൈബർ കമാൻഡോകളെയാണ് നിയോഗിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img