
കൊച്ചി: മെസ്സിയുടെ പേരുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കൊച്ചിയിലും വയനാട്ടിലുമായി വിവിധ കേന്ദ്രങ്ങളിൽ പുലർച്ചെ മുതൽ ഒരേസമയം വ്യാപക പരിശോധനയാണ് നടക്കുന്നത്.
ആന്റോ അഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റ്, ജോസ്കുട്ടി അഗസ്റ്റിന്റെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട് എന്നിവയ്ക്കു പുറമെ റിപ്പോർട്ടർ ചാനലിന്റെ കൊച്ചി ഓഫീസ്, GOTAD കമ്പനിയുടെ ഓഫീസ് എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
പുലർച്ചെ നാല് മണിയോടെയാണ് എസ്ഐടി സംഘം പരിശോധന ആരംഭിച്ചത്. അഞ്ച് വാഹനങ്ങളിലായാണ് പൊലീസ് ഉദ്യോഗസ്ഥർ വിവിധ കേന്ദ്രങ്ങളിലെത്തിയത്. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്.
മെസ്സിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കളമശേരി പൊലീസ് കേസെടുത്തത്. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെയും ആന്റോ അഗസ്റ്റിനെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്.
പരിശോധനയിൽ അന്വേഷണത്തിന് നിർണായകമായ രേഖകളോ മറ്റ് തെളിവുകളോ ലഭിച്ചിട്ടുണ്ടോയെന്ന വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.











