12:45pm 02 September 2026
NEWS
മെസ്സിയുടെ പേരിൽ തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് നിയോഗിച്ചേക്കും
02/09/2026  07:59 AM IST
nila
മെസ്സിയുടെ പേരിൽ തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് നിയോഗിച്ചേക്കും

തിരുവനന്തപുരം: ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചേക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നാണ് സൂചന. എസ്ഐടിയെ നിയോഗിക്കണമെന്ന ശുപാർശ മുഖ്യമന്ത്രി നൽകിയിട്ടുണ്ട്.

തലസ്ഥാനത്തെത്തുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും അന്വേഷണ സംഘത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. വിജിലൻസിലെ മുതിർന്ന ഉദ്യോഗസ്ഥനെ എസ്ഐടിയുടെ ചുമതല ഏൽപ്പിക്കാനാണ് നിലവിലെ ആലോചന.

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള സാഹചര്യമുണ്ടോ, മുൻ മന്ത്രിയടക്കമുള്ളവർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പ്രത്യേക സംഘം പരിശോധിക്കും. സ്പോൺസർമാർക്ക് നിയമവിരുദ്ധമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഇടപെടലുണ്ടായോ എന്നതും അന്വേഷണ പരിധിയിൽ വരും. വിദേശ പണമിടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായം തേടാനും തീരുമാനിച്ചേക്കും. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.

അതേസമയം, മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ വിജിലൻസും അന്വേഷണം നടത്തും. വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട് സർക്കാരിന് ലഭിക്കേണ്ടിയിരുന്ന ഏകദേശം 26 കോടി രൂപയുടെ ജിഎസ്ടി സ്പോൺസർമാരിൽനിന്ന് ഈടാക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണിത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജിഎസ്ടി ഈടാക്കണമെന്ന ഉദ്യോഗസ്ഥതല നിർദേശം അട്ടിമറിക്കപ്പെട്ടതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ജിഎസ്ടി കമ്മീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറും. റിപ്പോർട്ട് ലഭിച്ച ശേഷം വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് വിവരം.

മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും ഔദ്യോഗിക തലത്തിലെ വീഴ്ചകളിലും ഒരേസമയം അന്വേഷണം ശക്തമാകുന്നതോടെ സംഭവത്തിൽ കൂടുതൽ നടപടികൾക്ക് വഴിയൊരുങ്ങുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img