
തിരുവനന്തപുരം: മെസിയുടെ പേരിൽ സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടതു മുന്നണിയെ പ്രതിരോധത്തിലാക്കി പുതിയ രേഖകൾ. സ്പോൺസർ ഫീസ് അടയ്ക്കുന്നതിൽ വൈകിയതിന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ചുമത്തിയ നഷ്ടപരിഹാരം ഒഴിവാക്കാൻ പിണറായി സർക്കാർ നയതന്ത്ര ഇടപെടൽ തേടിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്.
അർജന്റീനയിലെ ഇന്ത്യൻ അംബാസഡറുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കായിക വകുപ്പ് സെക്രട്ടറി 2025 ജൂലൈ 7ന് കത്തയച്ചിരുന്നു. സ്പോൺസർക്ക് ചുമത്തിയ നഷ്ടപരിഹാരം ഒഴിവാക്കാൻ ഇടപെടണമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
അർജന്റീന ടീം പരിപാടിയിൽനിന്ന് പിന്മാറുന്നത് സർക്കാരിനും സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കുമെന്നും കായിക വകുപ്പ് സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെ തുടർന്നുണ്ടാകുന്ന സാമ്പത്തിക നഷ്ടം, സർക്കാരിന്റെ സൽപ്പേരിനുണ്ടാകാവുന്ന തിരിച്ചടി, ഫണ്ട് ശേഖരണത്തിലുണ്ടാകുന്ന പ്രതിസന്ധി എന്നിവയും കത്തിൽ പരാമർശിക്കുന്നുണ്ട്.
അതേസമയം, അർജന്റീന ടീമിന്റെ കേരളത്തിലെത്തൽ സർക്കാരും മറ്റ് കക്ഷികളും ഉൾപ്പെട്ട ത്രികക്ഷി ധാരണയുടെ ഭാഗമായിരുന്നുവെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. സ്പോൺസർ ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സർക്കാർ നേരിട്ട് ഇടപെട്ടതിന്റെ രേഖയായാണ് കത്ത് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മെസിയുടെ പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക തട്ടിപ്പിൽ സർക്കാർ ഇന്ന് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ സർക്കാരിന്റെ ഇടപെടലും പരിപാടിയുടെ സാമ്പത്തിക ഇടപാടുകളും കൂടുതൽ ചർച്ചയാകാനാണ് സാധ്യത.










