
റിയോ ഡി ജനീറോ: ഖത്തർ ഫുട്ബോൾ ക്ലബ്ബായ അൽ ദുഹൈലിന്റെ മുൻ പരിശീലകനും നിലവിൽ ബ്രസീലിയൻ ക്ലബ്ബായ ഗ്രെമിയോയുടെ കോച്ചുമായ ലൂയിസ് കാസ്ട്രോയുടെ വ്യാജ വ്യാജവിലാസമുണ്ടാക്കി കളിക്കാരിൽ നിന്ന് പണം തട്ടിയ യുവാവ് പോലീസിന്റെ പിടിയിലായി. ലൂക്കാസ് ഡി ഒലിവേര എഡ്വാർഡോ എന്നയാളെയാണ് ബ്രസീലിയൻ പോലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പിന്റെ ഭാഗമായി വാട്സ്ആപ്പിലൂടെ ലൂയിസ് കാസ്ട്രോയുടെ ചിത്രം വെച്ച് ഗ്രെമിയോയുടെ കൊളംബിയൻ താരം ജോസ് ഇനാമൊറാഡോയെ സമീപിച്ച്, നിർദ്ധനർക്ക് ഭക്ഷണം നൽകുന്ന ചാരിറ്റി പ്രവർത്തനത്തിനെന്ന വ്യാജേന 23,000 ബ്രസീലിയൻ റിയാൽ (ഏകദേശം 15,000 ഖത്തർ റിയാൽ) ഇയാൾ തട്ടിയെടുക്കുകയായിരുന്നു.ഗ്രെമിയോ ഡിഫൻഡർ വാൾട്ടർ കാന്മാന് വ്യാജ വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്ന് കോച്ചിന്റെ വ്യാജ നിർദ്ദേശം ലഭിച്ചതോടെയാണ് സംശയം ഉയർന്നത്.പരിശീലന കേന്ദ്രത്തിൽ നേരത്തെ എത്താൻ കാന്മാനോട് ആവശ്യപ്പെട്ട സന്ദേശം ലഭിച്ച താരം, നേരിട്ട് പരിശീലകൻ ലൂയിസ് കാസ്ട്രോയുമായി ബന്ധപ്പെട്ടതോടെയാണ് വൻ തട്ടിപ്പ് പുറത്തുവന്നത്.
തുടർന്ന് റിയോ ഡി ജനീറോയിലെയും റിയോ ഗ്രാൻഡെ ഡോ സുളിലെയും പോലീസ് സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ ഫേക്ക് 9' എന്ന സുരക്ഷാ പരിശോധനയിലാണ് പ്രതി പിടിയിലായത്. കൂടുതൽ കളിക്കാരെ ഇയാൾ ലക്ഷ്യമിട്ടിരുന്നോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.










