03:58am 20 October 2026
NEWS
എംബപെയുടെ പെനാൽറ്റി​ ​ഗോളിൽ ഫ്രാൻസ് അവസാന എട്ടിൽ; പാരഗ്വായുടെ ചെറുത്തുനിൽപ്പ് വിഫലം
05/07/2026  06:07 AM IST
nila
എംബപെയുടെ പെനാൽറ്റി​ ​ഗോളിൽ ഫ്രാൻസ് അവസാന എട്ടിൽ; പാരഗ്വായുടെ ചെറുത്തുനിൽപ്പ് വിഫലം

ഫിലഡൽഫിയ: പ്രതീക്ഷിച്ച താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ മത്സരത്തിൽ കിലിയൻ എംബപെയുടെ ഒരു പെനാൽറ്റി ഗോൾ മതി ഫ്രാൻസിന് ലോകകപ്പ് ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാൻ. കരുത്തുറ്റ പ്രതിരോധവുമായി പൊരുതിയ പാരഗ്വായെ 1–0ന് മറികടന്ന ഫ്രാൻസ് തുടർച്ചയായ നാലാം ലോകകപ്പിലും അവസാന എട്ടിൽ ഇടംപിടിച്ചു.

മത്സരത്തിന്റെ 70-ാം മിനിറ്റിലാണ് നിർണായക നിമിഷം എത്തിയത്. ഡിയേഗോ ഗോമസിന്റെ ഫൗളിന് റഫറി പെനാൽറ്റി വിധിച്ചതോടെ പന്തിനരികിലെത്തിയ എംബപെ ഒരു പിഴവും വരുത്തിയില്ല. ഗോൾകീപ്പറെ തെറ്റിദ്ധരിപ്പിച്ച് പന്ത് വലയിലെത്തിച്ച താരം ഫ്രാൻസിന് വിജയഗോൾ സമ്മാനിച്ചു.

ലോകകപ്പ് ചരിത്രത്തിൽ ഫ്രാൻസിന്റെ 150-ാം ഗോളെന്ന നേട്ടവും ഈ ഗോളിലൂടെ പിറന്നു. ബ്രസീൽ (246), ജർമനി (243), അർജന്റീന (163) എന്നിവയ്ക്ക് പിന്നിലാണ് ഫ്രാൻസ്. നിലവിലെ ലോകകപ്പിൽ ഏഴ് ഗോളും രണ്ട് അസിസ്റ്റുമായി എംബപെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ വീണ്ടും മുന്നിലെത്തി. ഏഴ് ഗോളുള്ള ലയണൽ മെസ്സിയെ മറികടന്ന എംബപെയ്ക്ക് മൂന്ന് ലോകകപ്പുകളിലായി 19 മത്സരങ്ങളിൽ നിന്ന് 19 ഗോളെന്ന അപൂർവ നേട്ടവുമുണ്ട്.

ആദ്യ വിസിൽ മുതൽ ആക്രമണം അഴിച്ചുവിട്ടത് ഫ്രാൻസായിരുന്നു. എന്നാൽ പാരഗ്വായുടെ കൃത്യമായ പ്രതിരോധം ഫ്രഞ്ച് മുന്നേറ്റങ്ങളെ പലവട്ടം തടഞ്ഞു. ആദ്യ 20 മിനിറ്റിലേറെ ഫ്രാൻസിന് കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. മറുവശത്ത് ഇടവേളയ്ക്ക് മുമ്പും ശേഷവും പാരഗ്വായ് നടത്തിയ അതിവേഗ പ്രത്യാക്രമണങ്ങൾ ഫ്രഞ്ച് പ്രതിരോധത്തെയും പരീക്ഷിച്ചു.

രണ്ടാം പകുതിയിൽ മത്സരം കൂടുതൽ ആവേശകരമായി. പ്രത്യാക്രമണത്തിനിടെ എംബപെയും ആന്ദ്രേ കുബാസും തമ്മിൽ നടന്ന ഉന്തുംതള്ളും കളിക്കളത്തിലെ ചൂട് വർധിപ്പിച്ചു. ഇരുടീമിലെയും താരങ്ങൾ ഇടപെട്ടതോടെ ചെറിയ സംഘർഷമുണ്ടായെങ്കിലും റഫറി വേഗത്തിൽ സ്ഥിതി ശാന്തമാക്കി. മത്സരത്തിലുടനീളം ശാരീരിക പോരാട്ടം നിറഞ്ഞ കളിയാണ് ഇരുടീമും പുറത്തെടുത്തത്. ഒടുവിൽ എംബപെയുടെ പെനാൽറ്റി മാത്രമാണ് വിജയപരാജയം നിർണയിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img