
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പിനാക റോക്കറ്റ് വാങ്ങാൻ ഫ്രാൻസ് നീക്കം നടത്തുന്നെന്ന് റിപ്പോർട്ട്. ഇതുവരെ ഇന്ത്യ ഫ്രാൻസിൽ നിന്നായിരുന്നു യുദ്ധവിമാനങ്ങളും അന്തർവാഹികളുമൊക്കെ വാങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ പിനാക റോക്കറ്റ് ഫ്രാൻസ് വാങ്ങിയാൽ അതൊരു ചരിത്രസംഭവമാകും. കരാറിലേക്ക് എത്താനുള്ള വിലപേശൽ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
90 കിലോ മീറ്റർ വരെ അകലെയുള്ള ലക്ഷ്യങ്ങൾ ഭേദിക്കാനാകുന്നതാണ് ഇന്ത്യ വികസിപ്പിച്ച പിനാക റോക്കറ്റ്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ ആണ് ഇത് വികസിപ്പിച്ചത്. 44 സെക്കൻഡിനുള്ളിൽ 12 തവണ റോക്കറ്റുകൾ ലോഞ്ച് ചെയ്യാനാകുമെന്നതാണ് പിനാകയുടെ പ്രത്യേകത. ഇതിന്റെ 120 കിലോ മീറ്റർ ദൂരപരിധിയുള്ള വകഭേദം ഡി.ആർ.ഡി.ഒ. വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മാർക്ക്-1, മാർക്ക്-2 എന്നീ വകഭേദങ്ങളാണ് നിലവിലുള്ളത്. ദൂരപരിധി കൂടിയ പിനാക റോക്കറ്റ് വരുന്നതോടെ മുൻ ശ്രേണികൾ ഒഴിവാക്കാനാണ് സൈന്യം പദ്ധതിയിടുന്നത്.
പിനാക സംവിധാനത്തിനെ പൂർണമായും ഒരു ഫയർ കൺട്രോൾ കംപ്യൂട്ടർ ആണ് നിയന്ത്രിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ ഓട്ടോണമസ് ആയി അത് പ്രവർത്തിക്കുകയും ചെയ്യും. ഇതിന് പുറമെ സ്റ്റാൻഡ് എലോൺ മോഡ്, റിമോട്ട് മോഡ്, മാനുവൽ മോഡ് തുടങ്ങിയ രീതിയിലും ഉപയോഗിക്കാം. 2024 നവംബർ വരെയുള്ള വിവരങ്ങൾ പ്രകാരം ഇന്ത്യൻ സൈന്യത്തിന്റെ പക്കൽ നാല് പിനാക റെജിമെന്റുകളുണ്ട്. ആറ് എണ്ണത്തിന് കൂടി ഓർഡർ നൽകിയിട്ടുമുണ്ട്. ഓരോ പിനാക റെജിമെന്റിലും 18 ലോഞ്ചറുകളാണ് ഉള്ളത്. ഇവയിൽ ഓരോന്നിനും 44 സെക്കൻഡിനുള്ളിൽ 40 കിലോ മീറ്റർ ദൂരപരിധിയുള്ള 12 റോക്കറ്റുകൾ വിക്ഷേപിക്കാൻ കഴിയും. ഇവയ്ക്ക് പുറമേ, ഒരു റെജിമെന്റിന് സപ്പോർട്ട് വെഹിക്കിളുകൾ, ഒരു റഡാർ, ഒരു കമാൻഡ് പോസ്റ്റ് എന്നിവയും ഉണ്ട്.
മൂന്ന് മാസം മുമ്പ് ഫ്രഞ്ച് പ്രതിനിധി സംഘത്തിന് മുന്നിൽ പിനാകയുടെ പ്രകടനം വിലയിരുത്തുന്നതിനായുള്ള പ്രദർശനം നടന്നിരുന്നുവെന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. പിനാകയുടെ പ്രഹരശേഷിയിലും കൃത്യതയിലും ഫ്രാൻസ് തൃപ്തരാണെന്നാണ് വിവരങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിൽ പിനാകയുടെ കാര്യവും ചർച്ചയിലുൾപ്പെട്ടേക്കും. അതേസമയം, പിനാക ഫ്രാൻസിന് കൈമാറുന്നത് സംബന്ധിച്ച റിപ്പോർട്ടുകളോട് വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.











