08:05am 27 June 2026
NEWS
ലോകകപ്പിൽ ഫ്രാൻസിന്റെ ഗംഭീര പ്രകടനം; ഡെംബെലെയുടെ ഹാട്രിക്കിൽ നോർവേ തകർന്നു
27/06/2026  06:07 AM IST
nila
ലോകകപ്പിൽ ഫ്രാൻസിന്റെ ഗംഭീര പ്രകടനം; ഡെംബെലെയുടെ ഹാട്രിക്കിൽ നോർവേ തകർന്നു

ലോകകപ്പിലെ ഗ്രൂപ്പ് ഐയിലെ അവസാന മത്സരത്തിൽ ഒസ്മാൻ ഡെംബെലെയുടെ മിന്നും ഹാട്രിക്ക് മികവിൽ ഫ്രാൻസ് നോർവേയെ ഒന്നിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തി. തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ട ഫ്രാൻസ് മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തി.

ഏഴാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ഡെംബെലെ, 20-ാം മിനിറ്റിലും 32-ാം മിനിറ്റിലും വീണ്ടും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിക്കുള്ളിൽ തന്നെ ഹാട്രിക്ക് പൂർത്തിയാക്കി. ഇൻജുറി ടൈമിൽ ഡെസിറേ ഡൂവേ നേടിയ ഗോളും ഫ്രാൻസിന്റെ വിജയത്തിന് തിളക്കമേകി.

ലോകകപ്പ് ചരിത്രത്തിൽ ഫോണ്ടെയ്‌നിനും കിലിയൻ എംബാപ്പെയ്ക്കും ശേഷം ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഫ്രഞ്ച് താരമെന്ന നേട്ടവും ഡെംബെലെ സ്വന്തമാക്കി. ഡെംബെലെയുടെ ആദ്യ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് എംബാപ്പെയായിരുന്നു.

21-ാം മിനിറ്റിൽ തിയോ ആസ്ഗാർഡ് നോർവേയ്ക്കായി ആശ്വാസഗോൾ നേടി. ആദ്യ ഇലവനിൽ പത്ത് മാറ്റങ്ങളുമായാണ് നോർവേ കളത്തിലിറങ്ങിയത്. മത്സരത്തിനിടെ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അത് ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞില്ല. 48-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയും നോർവേ പാഴാക്കി. സ്ട്രാൻഡ് ലാർസന്റെ ഷോട്ട് ഫ്രഞ്ച് ഗോൾകീപ്പർ മൈക്ക് മെന്യോൺ തടഞ്ഞു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സെനഗൽ എതിരില്ലാത്ത അഞ്ച് ഗോളിന് ഇറാഖിനെ തകർത്തു. പെപ്പെ ഗയെ ഇരട്ടഗോൾ നേടിയപ്പോൾ ഹബീബ് ഡിയാര, ഇസ്മായില സാർ, ലിമാൻ എൻഡിയായെ എന്നിവർ ഓരോ ഗോൾ വീതം നേടി സെനഗലിന്റെ തകർപ്പൻ ജയം ഉറപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img