
തൃശൂർ: പുതുക്കാട് മണ്ഡലത്തിൽ ഇടത് മുന്നണിയിൽ തർക്കം രൂക്ഷമാകുന്നു. പുതുക്കാട് മണ്ഡലത്തിന്റെ പരിധിയിലുള്ള എട്ട് പഞ്ചായത്തുകളിലായി പുതുതായി രൂപീകരിക്കപ്പെട്ട 14 വാർഡുകളും സിപിഎം ഏകപക്ഷീയമായി കയ്യടിക്കിയതാണ് ഘടകകക്ഷിയായ സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്.
മണ്ഡലം അടിസ്ഥാനത്തിൽ നാല് വാർഡുകളെങ്കിലും ആവശ്യപ്പെട്ട സിപിഐയ്ക്ക് ഒന്നുപോലും നൽകാൻ സിപിഎം തയ്യാറായില്ല. ഇത് മുന്നണി ധാരണകളെ അവഗണിക്കുന്നതാണെന്ന് പാർട്ടി ആരോപിക്കുന്നു. പഞ്ചായത്തുകളിലെ വാർഡ് വർധന പഞ്ചായത്ത് തലത്തിൽ തന്നെ തീർക്കാമെന്ന സിപിഎം വാദവും സിപിഐ അംഗീകരിക്കുന്നില്ല.
സീറ്റുവിഭജന പ്രശ്നം തീർക്കാൻ മണ്ഡലംതല മുന്നണിയോഗം പോലും വിളിക്കാത്തതിൽ സിപിഐ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട ദിവസങ്ങൾ എത്തിനിൽക്കുമ്പോഴും വർധിപ്പിച്ച വാർഡുകളിലെ തർക്കം പരിഹരിക്കാത്തതിനാൽ എട്ട് പഞ്ചായത്തുകളിലെയും ഇടതുമുന്നണി സ്ഥാനാർത്ഥി പട്ടിക ഇപ്പോഴും അന്തിമമാക്കാനായിട്ടില്ല.











