11:21pm 11 November 2026
NEWS
കൊച്ചിയിൽ നാലുവയസുള്ള സ്വന്തം മകളെ ചട്ടുകം ചൂടാക്കി പൊള്ളിച്ച യുവതി അറസ്റ്റിൽ
18/11/2025  01:45 PM IST
NILA
കൊച്ചിയിൽ നാലുവയസുള്ള സ്വന്തം മകളെ ചട്ടുകം ചൂടാക്കി പൊള്ളിച്ച യുവതി അറസ്റ്റിൽ

കൊച്ചിയിൽ നാലുവയസുള്ള സ്വന്തം മകളെ ചട്ടുകം ചൂടാക്കി പൊള്ളിച്ച യുവതി അറസ്റ്റിൽ.  മരട് കാട്ടിത്തറ സ്വദേശിനിയായ യുവതിയാണ് കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചതിന് അറസ്റ്റിലായത്. കുഞ്ഞ് ഏറെനാളായി അമ്മയുടെ ക്രൂരതകൾക്ക് ഇരയായിരുന്നു എന്നാണ് വിവരം. ഭക്ഷണം കഴിക്കാൻ നൽകിയില്ലെന്നും കുഞ്ഞ് മൊഴിനൽകിയിട്ടുണ്ട്. അനുസരണക്കേട് കാട്ടിയതിന് നൽകിയ ശിക്ഷയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. 

സ്കൂളിൽ കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട അധ്യാപകർ ചോദിച്ചപ്പോഴാണ് അമ്മയിൽ നിന്നുള്ള ഉപദ്രവത്തെ കുറിച്ച് കുട്ടി പറഞ്ഞത്. വീട്ടിൽനിന്ന് ചേട്ടന് ഭക്ഷണം കഴിക്കാൻ കൊടുത്തെന്നും തനിക്കൊന്നും തന്നില്ലെന്നും കുട്ടി പറഞ്ഞു. തുടർന്ന് അധ്യാപകർ കുട്ടിയെ പരിശോധിച്ചപ്പോൾ ദേഹത്ത് പൊള്ളലേറ്റ പാടുകൾ കാണുകയായിരുന്നു. ഇതോടെ സ്കൂൾ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. കുട്ടിയുടെ കൈകാലുകളിലും സ്വകാര്യ ഭാഗങ്ങളിലുമടക്കം പൊള്ളലേറ്റിട്ടുണ്ട്. തുടർന്ന് കുട്ടിക്ക് വൈദ്യസഹായം നൽകി. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ്  യുവതി സ്വന്തം കുഞ്ഞിനെ ഉപദ്രവിക്കുന്നത് എന്നാണ് അയൽവാസികൾ പറയുന്നത്. 

അനുസരണക്കേട് കാണിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചത് എന്നാണ് അമ്മയുടെ മൊഴി. അമ്മ കുട്ടിയെ ഇടയ്ക്കിടെ ഉപദ്രവിച്ചിരുന്നു എന്നും ഈ മാസം 15നും 16നും ചട്ടുകം ചൂടാക്കി പൊള്ളിച്ചു എന്നും വിവരമുണ്ട്. ലോട്ടറി വിൽപ്പനക്കാരനാണ് കുട്ടിയുടെ അപ്പൂപ്പൻ. അങ്കണവാടിയിൽ ആയയാണ് അമ്മൂമ്മ. 

കുട്ടിയുടെ അമ്മൂമ്മയും അപ്പൂപ്പനും ഇവരുടെ രണ്ട് ആൺമക്കളും അവരുടെ കുടുംബവും ഒരേ വീട്ടിലാണ് താമസിക്കുന്നതെങ്കിലും തമ്മിൽ സ്വരച്ചേർച്ചയുണ്ടായിരുന്നില്ല. വെവ്വേറെയാണ് ഭക്ഷണമുണ്ടാക്കലും മറ്റും. കുട്ടി അനുസരണക്കേട് കാട്ടിയെന്നും വിലക്കിയിട്ടും അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം പോയി ഇരുന്നതിനാണ് ശിക്ഷിച്ചതെന്നുമാണ് അമ്മയുടെ മൊഴി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img