
കൊച്ചി: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ കൊച്ചി ഭദ്രാസനത്തിലെ സീനിയർ വൈദികരായ ഫാ. റോയി പോൾ വെട്ടിക്കാട്ടിൽ, ഫാ. വർഗീസ് പുലയത്ത്, ഫാ. ജേക്കബ് കുരുവിള തട്ടാംപുറത്ത് (അനിയനച്ചൻ), ഫാ. ഷമ്മി ജോൺ എരമംഗലത്ത് എന്നിവരെ കോർ എപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തുന്നു. മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ 2026 സെപ്റ്റംബർ 9 ബുധനാഴ്ച രാവിലെ 8 മണിക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ സ്ഥാനാരോഹണ ശുശ്രൂഷ നടത്തും. മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത സഹകാർമികനായിരിക്കും. ചടങ്ങിൽ ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ നിന്നുള്ള വൈദികരും, വിശ്വാസികളും പങ്കെടുക്കും,
സഭയ്ക്കും ഭദ്രാസനത്തിനും നൽകിയ ദീർഘകാലത്തെ വിശിഷ്ട സേവനങ്ങളെ മുൻനിർത്തിയാണ് നാല് വൈദികരെ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തുന്നത്.കാലം ചെയ്ത ഡോ. ഗീവർഗീസ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത (പെരുമ്പള്ളി തിരുമേനി) യിൽ നിന്നാണ് ഈ നാല് വൈദികരും കശ്ശീശപട്ടം സ്വീകരിച്ചത്,
ഫാ. റോയി പോൾ ദീർഘകാലം ആരക്കുന്നം ഹൈസ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. ആരക്കുന്നം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സമിതി പ്രസിഡന്റായും, വെട്ടിക്കാട്ടിൽ കുടുംബയോഗം പ്രസിഡന്റായും സേവനം അനുഷ്ഠിക്കുന്നു. ആരക്കുന്നം സെൻ്റ് ജോർജ്ജ് പള്ളി ഇടവകയിൽ വെട്ടിക്കാട്ടിൽ പരേതരായ പൗലോസ് കോർഎപ്പിസ്കോപ്പയുടെയും തങ്കമ്മയുടെയും പുത്രനാണ്. പെരുമ്പാട്ട് സാറാമ്മയാണ് സഹധർമ്മിണി. പെരുമ്പിള്ളി ഡോ. ഗീവർഗീസ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത 1974 ജൂൺ 14-ന് വൈദിക സ്ഥാനത്തേക്ക് ഉയർത്തിയ ആദ്യ വൈദികനാണ്.
ഫാ. വർഗീസ് പുലയത്ത് യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റിയംഗം, കൊച്ചി ഭദ്രാസന സെക്രട്ടറി, കൊച്ചി ഭദ്രാസന കൗൺസിൽ അംഗം, കൊച്ചി ഭദ്രാസന വൈദിക സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുളക്കുളം ചെമ്മഞ്ചി സെന്റ് ജോർജ്ജ് പള്ളി വികാരിയായി സേവനം അനുഷ്ഠിക്കുന്നു. മുളന്തുരുത്തി, കരിങ്ങാച്ചിറ സെൻ്റ് ജോർജ്ജ് കത്തീഡ്രൽ ഇടവകയിൽ പെരുമ്പള്ളി പുലയത്ത് പരേതരായ പൗലോസിൻ്റെയും ശോശാമ്മയുടെയും പുത്രനാണ്. ആരക്കുന്നം കാഞ്ഞിരപറമ്പിൽ ലിസി വർഗീസ് ആണ് സഹധർമ്മിണി. പെരുമ്പിള്ളി ഡോ. ഗീവർഗീസ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത 1977 നവംബർ 13-ന് വൈദിക സ്ഥാനത്തേക്ക് ഉയർത്തി.
ഫാ. ജേക്കബ് കുരുവിള യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റിയംഗം, കൊച്ചി ഭദ്രാസന കൗൺസിൽ അംഗം, കൊച്ചി ഭദ്രാസന വൈദിക സെക്രട്ടറി, പെരുമ്പള്ളി ഹെയ്ൽ മേരീ സ്കൂൾ മാനേജർ, പെരുമ്പിള്ളി ഗീവർഗീസ് മെത്രാപ്പോലീത്തയുടെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പെരുമ്പള്ളി സെന്റ് ജോർജ്ജ് സിംഹാസന പള്ളി ഇടവകയിൽ തട്ടാംപുറത്ത് പരേതരായ റ്റി.ഐ. കുരുവിളയുടെയും ചിന്നമ്മയുടെയും പുത്രനാണ്. പെന്നുരുന്നി സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളി വികാരിയായി സേവനം അനുഷ്ഠിക്കുന്നു. പരേതയായ ചെങ്ങളം മങ്ങാട്ട് മോളി ജേക്കബ് ആയിരുന്നു സഹധർമ്മിണി. പെരുമ്പിള്ളി ഡോ. ഗീവർഗീസ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത 1981 ആഗസ്റ്റ് 1-ന് വൈദിക സ്ഥാനത്തേക്ക് ഉയർത്തി.
ഫാ. ഷമ്മി ജോൺ വെട്ടിക്കൽ കർമ്മേൽകുന്ന് സെൻ്റ് തോമസ് സിംഹാസന പള്ളി ഇടവകയിൽ എരമംഗലത്ത് പരേതരായ ജോൺ കോർ എപ്പിസ്കോപ്പയുടെയും ശൈനമ്മ ജോണിൻ്റെയും പുത്രനാണ്. കൊച്ചി ഭദ്രാസന കൗൺസിൽ അംഗമായി പ്രവർത്തിക്കുന്നു. മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ വികാരിയായി സേവനം അനുഷ്ഠിക്കുന്നു. കോതമംഗലം പുതുപ്പാടി അമ്പഴച്ചാലിൽ മിനി പോൾ ആണ് സഹധർമ്മിണി. പെരുമ്പിള്ളി ഡോ. ഗീവർഗീസ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത 1986 മാർച്ച് 9-ന് വൈദിക സ്ഥാനത്തേക്ക് ഉയർത്തി.
Photo Courtesy - Google







