03:52pm 04 September 2026
NEWS
മട്ടന്നൂരിൽ കാർ അപകടത്തിൽപെട്ട് നാലുപേർ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ
11/07/2026  07:06 AM IST
nila
മട്ടന്നൂരിൽ കാർ അപകടത്തിൽപെട്ട് നാലുപേർ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

കണ്ണൂർ: മട്ടന്നൂരിന് സമീപം കൂടാളി കുംഭത്ത് നിയന്ത്രണം നഷ്ടമായ കാർ വഴിയരികിലെ തണൽമരത്തിലിടിച്ച് നാലുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം.

അഞ്ചുപേരാണ് കാറിൽ യാത്ര ചെയ്തിരുന്നത്. ഇവരിൽ ഒരാൾ അലവിൽ സ്വദേശിയും മറ്റ് നാലുപേർ ബെംഗളൂരു സ്വദേശികളുമാണെന്നാണ് ലഭിക്കുന്ന വിവരം. അലവിൽ സ്വദേശി ഷാൻ സുഹൃത്തുക്കൾക്കൊപ്പം വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തിൽ ഒരാൾ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് അപകടത്തിന്റെ പ്രാഥമിക കാരണം എന്ന സംശയം. മരത്തിലിടിച്ച ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ നാട്ടുകാരും പിന്നീട് സ്ഥലത്തെത്തിയ മട്ടന്നൂർ പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് മണിക്കൂറുകളോളം രക്ഷാപ്രവർത്തനം നടത്തി.

കുംഭം പ്രദേശം അപകടങ്ങൾ പതിവായി നടക്കുന്ന മേഖലയാണെന്നും ഇവിടെ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img