
ദോഹ: മാതൃ-ശിശു ആരോഗ്യം സംരക്ഷിക്കുന്നതിനും മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ നാല് പ്രൈമറി ഹെൽത്ത് കെയർ കേന്ദ്രങ്ങൾക്ക് കൂടി 'ബേബി ഫ്രണ്ട്ലി' (Baby-Friendly) അംഗീകാരം നൽകി പൊതുജനാരോഗ്യ മന്ത്രാലയം (MOPH). ലിഐബീബ് (Leabaib), ഉമ്മുസലാല (Umm Slal), അൽ തുമാമ (Al Thumama), മുഐദർ (Muaither) എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് ഈ അന്താരാഷ്ട്ര പദവി ലഭിച്ചത്.
ലോകാരോഗ്യ സംഘടനയും (WHO) യുണിസെഫും (UNICEF) മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും അമ്മമാർക്കും കുഞ്ഞുങ്ങൾക്കും മികച്ച പരിചരണവും പിന്തുണയും ഉറപ്പാക്കുകയും ചെയ്തതിനാണ് അംഗീകാരം. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ അംഗീകൃത വിദഗ്ദ്ധ സംഘം നടത്തിയ സമഗ്രമായ വിലയിരുത്തലുകൾക്ക് ശേഷമാണ് കേന്ദ്രങ്ങളെ തെരഞ്ഞെടുത്തത്.
ഇതോടെ ഖത്തറിൽ 'ബേബി ഫ്രണ്ട്ലി' അംഗീകാരം ലഭിച്ച ആരോഗ്യ കേന്ദ്രങ്ങളുടെ ആകെ എണ്ണം ഒമ്പതായി ഉയർന്നു. മുൻപ് അഞ്ച് കേന്ദ്രങ്ങൾക്ക് ഈ പദവി ലഭിച്ചിരുന്നു.
രാജ്യത്തെ മാതൃ-ശിശു സംരക്ഷണ മേഖലയിൽ കൈവരിച്ച വലിയ മുന്നേറ്റമാണ് ഈ നേട്ടമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് പ്രൊമോഷൻ വിഭാഗം ഡയറക്ടർ ഡോ. സ്വലാഹ് അബ്ദുള്ള അൽ യാഫി പറഞ്ഞു. പൊതു-സ്വകാര്യ മേഖലകളിലെ കൂടുതൽ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനും ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










