08:24pm 28 October 2026
NEWS
അമേരിക്കൻ സ്പീഡ് ബോട്ടും ക്യൂബൻ സൈന്യവും തമ്മിൽ സംഘർഷം; നാലു പേർ കൊല്ലപ്പെട്ടു
26/02/2026  06:27 AM IST
nila
അമേരിക്കൻ സ്പീഡ് ബോട്ടും ക്യൂബൻ സൈന്യവും തമ്മിൽ സംഘർഷം; നാലു പേർ കൊല്ലപ്പെട്ടു

 

ഹവാന: ക്യൂബൻ തീരത്തിന് സമീപം അമേരിക്കൻ രജിസ്‌ട്രേഷനുള്ള സ്പീഡ് ബോട്ടുമായി ക്യൂബൻ സുരക്ഷാസേന ഏറ്റുമുട്ടി. വില്ല ക്ലാര പ്രവിശ്യയിലെ എൽ പിനോ ചാനലിന് സമീപം ചൊവ്വാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ നാലുപേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ക്യൂബൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

തീരത്തുനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെ ഫ്‌ലോറിഡയിൽ രജിസ്റ്റർ ചെയ്ത FL7726SH നമ്പർ ബോട്ട് കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരിശോധനയ്ക്കായി ബോർഡർ ഗാർഡ് പട്രോളിങ് യൂണിറ്റ് സമീപിച്ചപ്പോൾ ബോട്ടിലുണ്ടായിരുന്നവർ വെടിയുതിർക്കുകയായിരുന്നു. ഇതിൽ ഒരു ക്യൂബൻ കമാൻഡർക്ക് പരിക്കേറ്റതിനെ തുടർന്ന് സൈന്യം തിരിച്ചടിച്ചതായി അധികൃതർ വ്യക്തമാക്കി.

മരിച്ചവരെ “ആക്രമികൾ” എന്ന നിലയിലാണ് ക്യൂബ വിശേഷിപ്പിച്ചത്. അവരുടെ തിരിച്ചറിയൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബോട്ട് ക്യൂബൻ ജലപരിധിയിൽ പ്രവേശിച്ചതിന് പിന്നിലെ ലക്ഷ്യം വ്യക്തമല്ലെന്നും, കള്ളക്കടത്തോ അനധികൃത കുടിയേറ്റമോ ആയിരിക്കാമെന്ന സംശയമാണുള്ളതെന്നും സർക്കാർ അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്ന് ക്യൂബ ആവർത്തിച്ചു. അന്വേഷണം തുടരുകയാണെന്നും ക്യൂബൻ അധികൃതർ വ്യക്തമാക്കി.

അതേസമയം, ക്യൂബയുടെ വിശദീകരണത്തിൽ സംശയമുണ്ടെന്ന് ഫ്‌ലോറിഡ അറ്റോർണി ജനറൽ ജെയിംസ് ഉത്ത്‌മെയർ പറഞ്ഞു. സംഭവത്തിൽ പ്രത്യേക അന്വേഷണം ആരംഭിക്കാൻ അദ്ദേഹം പ്രോസിക്യൂട്ടർമാർക്ക് നിർദേശം നൽകി. അമേരിക്കൻ ബോട്ടിലെ യാത്രക്കാരുടെ നേരെ ആക്രമണമുണ്ടായതിൽ ഗൗരവമായ ആശങ്കയുണ്ടെന്ന് യുഎസ് പ്രതിനിധി കാർലോസ് ഗിമെനെസ് വ്യക്തമാക്കി. ഫെഡറൽ അന്വേഷണവും കാർലോസ് ഗിമെനെസ് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img