06:05pm 12 November 2026
NEWS
അബുദാബി ബി​ഗ് ടിക്കറ്റിൽ ഇക്കുറി ഭാ​ഗ്യം തുണച്ചത് മൂന്നു മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാരെ
14/04/2026  06:20 PM IST
nila
അബുദാബി ബി​ഗ് ടിക്കറ്റിൽ ഇക്കുറി ഭാ​ഗ്യം തുണച്ചത് മൂന്നു മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാരെ

അബുദാബി: ഏപ്രിൽ മാസത്തിലെ വാരാന്ത്യ ‘ബിഗ് ടിക്കറ്റ്’ ഇ-നറുക്കെടുപ്പിൽ മൂന്നു മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് ഭാഗ്യം തുണയായി. പ്രവാസി മലയാളികൾ ഉൾപ്പെടെ വിജയികളായ ഓരോരുത്തർക്കും 25,000 ദിർഹം (ഏകദേശം 5.5 ലക്ഷം രൂപയ്ക്ക് മേൽ) വീതമാണ് ലഭിച്ചത്. മലയാളികളായ അൻസിൽ നാസർ, അമൃത ബാബു, ഫാത്തിമ അഫീദ എന്നിവരും മംഗളൂരു സ്വദേശിനി വീര ലോബോയും ആണ് ഈ ആഴ്ചയിലെ ഭാഗ്യശാലികൾ.

കണ്ണൂർ സ്വദേശി അൻസിൽ നാസർ, യുഎഇയിൽ എയർക്രാഫ്റ്റ് ടെക്നീഷ്യനായാണ് ജോലി ചെയ്യുന്നത്. സുഹൃത്തുക്കളോടൊപ്പം പതിവായി ടിക്കറ്റ് എടുക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിലൂടെയാണ് വിജയം. ആദ്യം ലഭിച്ച ഫോൺ കോൾ പരസ്യമാണെന്ന് കരുതിയെങ്കിലും പിന്നീട് സമ്മാനം ലഭിച്ചതായി മനസ്സിലായപ്പോൾ അതിശയമെന്ന് അൻസിൽ പറഞ്ഞു.

തൃശൂർ സ്വദേശിനിയായ അമൃത ബാബുവിന് ഭാഗ്യനമ്പർ ‘8’ വഴിയാണ് നേട്ടം. ഷാർജയിലെ സ്കൂളിൽ ജോലി ചെയ്യുന്ന അമൃത നാലാം ശ്രമത്തിലാണ് വിജയത്തിലെത്തിയത്. ഓൺലൈൻ വഴി ടിക്കറ്റ് എടുത്ത ഇവർക്ക്, ഫോൺ കോളിലൂടെയാണ് സന്തോഷവാർത്ത ലഭിച്ചത്.

ഫാത്തിമ അഫീദയ്ക്ക് ലഭിച്ച സമ്മാനം ഭർത്താവ് എടുത്ത ടിക്കറ്റിലൂടെയാണ്. കഴിഞ്ഞ അഞ്ച് വർഷമായി സ്ഥിരമായി ഭാഗ്യം പരീക്ഷിച്ചുവരികയായിരുന്നു ഈ കുടുംബം. അപ്രതീക്ഷിതമായ വിജയം കുടുംബത്തിന് വലിയ സന്തോഷമായി.

ദുബായിൽ താമസിക്കുന്ന മംഗളൂരു സ്വദേശിനി വീര ലോബോയ്ക്ക് പിറന്നാൾ ദിനത്തിൽ തന്നെ ഭാഗ്യം കൈവന്നു. ഈസ്റ്റർ ദിനത്തിൽ ഗ്രൂപ്പായി എടുത്ത ടിക്കറ്റിലൂടെയാണ് വിജയം. ലഭിച്ച തുക സഹയാത്രികരുമായി പങ്കിടാനും ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കാനും അവർ തീരുമാനിച്ചിട്ടുണ്ട്.

ഇതിനൊപ്പം, മേയ് 3ന് നടക്കുന്ന മെഗാ നറുക്കെടുപ്പിൽ 2.5 കോടി ദിർഹം ഒന്നാം സമ്മാനമായി നൽകും. കൂടാതെ, അഞ്ച് പേർക്ക് പത്ത് ലക്ഷം ദിർഹം വീതവും ലഭിക്കും. വാരാന്ത്യ നറുക്കെടുപ്പുകളും തുടരുമെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img