
ചേർത്തല അരൂക്കുറ്റിയിൽ തമിഴ്നാട് സർക്കാർ നിർമ്മിക്കുന്ന തന്തൈ പെരിയാർ സ്മാരകത്തിൻ്റെ രൂപരേഖ
ആലപ്പുഴ : വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത പെരിയാർ ഇ വി രാമസ്വാമി നായ്ക്കരുടെ (തന്തൈ പെരിയാർ) പേരിൽ തമിഴ്നാട് സർക്കാർ അരൂക്കുറ്റിയിൽ നിർമിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനം സെപ്റ്റംബർ 26ന് തമിഴ്നാട് പൊതുമരാമത്ത് മന്ത്രി എ വി വേലു നിർവഹിക്കും.
രാവിലെ 11 ന് അരൂക്കുറ്റി ബോട്ട് ജെട്ടിക്ക് സമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും തമിഴ്നാട് വികസന, ഇൻഫർമേഷൻ മന്ത്രി എം പി സ്വാമിനാഥൻ സന്നിഹിതനാകും.
സ്മാരകത്തിനായി അരൂക്കുറ്റി ബോട്ട് ജെട്ടിക്കുസമീപം അരയേക്കർ സ്ഥലം സംസ്ഥാന സർക്കാർ തമിഴ്നാട് സർക്കാരിന് നികുതിയില്ലാതെ കൈമാറിയിരുന്നു. ഇവിടെ ജയിൽ മാതൃകയിൽ നിർമിക്കുന്ന സ്മാരകത്തിൽ പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ഹാൾ, പാർക്ക്, വിനോദസഞ്ചാര പദ്ധതികൾ തുടങ്ങിയവ ഒരുക്കാനാണ് പദ്ധതി.
ഒറ്റ നിലയിലായി 1140.98 ചതുരശ്രയടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണികൾ അഞ്ചുമാസത്തിനുള്ളിൽ പൂർത്തിക്കുകയാണ് ലക്ഷ്യം. നാല് കോടി രൂപയാണ് തമിഴ്നാട് സർക്കാർ ഇതിനായി അനുവദിച്ചത്. തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങളുടെ അതിർത്തിയായിരുന്ന അരൂക്കുറ്റിയില്‍ ഉണ്ടായിരുന്ന ജയിലിലാണ് വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് രാമസ്വാമി നായ്ക്കരെ അടച്ചത്.
പരിപാടിയിൽ കെ സി വേണുഗോപാൽ എംപി, ദലീമ ജോജോ എംഎൽഎ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത, അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത്, കോയമ്പത്തൂർ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ ആർ രംഗനാഥൻ, ചെന്നൈ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ ജനറൽ എസ് മണിവണ്ണൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും
Photo Courtesy - Google











